ഫിഫ അണ്ടർ-20 ലോകകപ്പ്; ബ്രസീൽ പുറത്ത്, തോറ്റത് സ്പെയിനോട്, ഗ്രൂപ്പ് ഘട്ടം പോലും കടക്കാതെ മടക്കം

Photo | x.com/postunited
Photo | x.com/postunited

ഫിഫ അണ്ടര്‍-20 ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ബ്രസീലിനെ തകര്‍ത്ത് സ്‌പെയിന്‍. ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്‌പെയിന്റെ ജയം. ഇതോടെ ബ്രസീല്‍ ചരിത്രത്തിലാദ്യമായി ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി. രണ്ടാംപകുതിയുടെ ആദ്യ മിനിറ്റില്‍ ഐക്കര്‍ ബ്രാവോയാണ് സ്‌പെയിനിനായി വലകുലുക്കിയത്. പാബ്ലോ ഗാര്‍ഷ്യയില്‍നിന്ന് സ്വീകരിച്ച പന്ത്, ഇയാഗോയെയും ഒട്ടാവിയോയെയും മറികടന്ന് ഐക്കര്‍ പോസ്റ്റിലെത്തിക്കുകയായിരുന്നു (1-0).

അടുത്ത ഘട്ടത്തിലേക്ക് മുന്നേറാന്‍ ജയം അനിവാര്യമായിരുന്ന ബ്രസീല്‍, തോല്‍വിയേറ്റുവാങ്ങിയതോടെ ഗ്രൂപ്പ് സി-യില്‍ അവസാന സ്ഥാനക്കാരായി പുറത്തായി. ഒരു പോയിന്റ് മാത്രമാണ് ലഭിച്ചത്.

മത്സരത്തില്‍ മികച്ച തുടക്കമാണ് ബ്രസീലിന് ലഭിച്ചത്. ആദ്യ മിനിറ്റുകളില്‍ സ്‌പെയിനിനെ സമ്മര്‍ദത്തിലാക്കാന്‍ അവര്‍ക്കായി. എന്നാല്‍ അത് ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ടീമിനായില്ല. ഒരു ഗോള്‍ നേടിയിരുന്നെങ്കിലും ലൂയിഗി ഓഫ്‌സൈഡായി.