ബോക്ക ജൂനിയേഴ്‌സിനെ കീഴടക്കി ബയേണ്‍ നോക്കൗട്ടിലേക്ക്; ബെന്‍ഫിക്കയ്ക്ക് തകര്‍പ്പന്‍ ജയം

ഫ്‌ളോറിഡ: ക്ലബ്ബ് ലോകകപ്പില്‍ ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീന ക്ലബ്ബ് ബോക്ക ജൂനിയേഴ്‌സിനെ കീഴടക്കി ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്ക് നോക്കൗട്ടിലേക്ക്. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ബയേണിന്റെ വിജയം. 18-ാം മിനിറ്റില്‍ ഹാരി കെയ്‌നും 84-ാം മിനിറ്റില്‍ മൈക്കല്‍ ഒലിസെയുമാണ് ബയേണിനായി സ്‌കോര്‍ ചെയ്തത്. 66-ാം മിനിറ്റില്‍ മിഗ്വെല്‍ മെറന്റിയലാണ് ബോക്ക ജൂനിയേഴ്‌സിന്റെ ഏക ഗോള്‍ നേടിയത്. ജയത്തോടെ ഗ്രൂപ്പില്‍ രണ്ടു കളികളില്‍ നിന്ന് ബയേണിന് ആറു പോയന്റായി. ഒരു പോയന്റ് മാത്രമുള്ള ബോക്ക മൂന്നാം സ്ഥാനത്താണ്.
മറ്റൊരു മത്സരത്തില്‍ പോര്‍ച്ചുഗീസ് ക്ലബ്ബ് ബെന്‍ഫിക്ക, ന്യൂസീലന്‍ഡ് ക്ലബ്ബ് ഓക്‌ലന്‍ഡ് സിറ്റിയെ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് തകര്‍ത്തു. ഏയ്ഞ്ചല്‍ ഡി മരിയയും ലിയാന്‍ഡ്രോ ബരെയ്‌രോയും ഇരട്ട ഗോളുകള്‍ നേടിയ മത്സരത്തില്‍ വാംഗെലിസ് പാവിലിഡിസ്, റെനറ്റോ സാഞ്ചെസ് എന്നിവരും സ്‌കോര്‍ ചെയ്തു. ജയത്തോടെ ഗ്രൂപ്പ് സിയില്‍ രണ്ടു മത്സരങ്ങളില്‍ നിന്ന് നാലു പോയന്റുമായി രണ്ടാം സ്ഥാനത്താണ് ബെന്‍ഫിക്ക.
Content Highlights: Bayern Munich secures knockout stage berth after defeating Boca Juniors 2-1 in Club World Cup