ലാലിഗയിലെ ആദ്യ മത്സരത്തില്‍ ബാഴ്‌സലോണയ്ക്ക് സമനില

ബാഴ്‌സലോണ: സ്പാനിഷ് ലാ ലിഗയുടെ പുതിയ സീസണില്‍ ആദ്യ മത്സരം കളിക്കാനിറങ്ങിയ ബാഴ്‌സലോണയ്ക്ക് സമനിലയോടെ തുടക്കം. റയോ വയ്യെക്കാനോയാണ് ബാഴ്‌സയെ സമനിലയില്‍ കുരുക്കിയത്. ഇരുടീമുകള്‍ക്കും ഗോളടിക്കാനായില്ല.
ബാഴ്‌സലോണയുടെ തട്ടകമായ നൗകാമ്പില്‍ വെച്ച് നടന്ന മത്സരത്തില്‍ പുതിയ താരങ്ങളായ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, റാഫിന്യ, ക്രിസ്റ്റ്യന്‍സണ്‍ എന്നിവര്‍ ആദ്യ ഇലവനില്‍ തന്നെ സ്ഥാനം നേടി. പകരക്കാരനായി ഫ്രാങ്ക് കെസിയും വന്നു.
രണ്ട് തവണ ബാഴ്‌സ ഗോള്‍വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. ഗോളടിയന്ത്രം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. നായകനും മധ്യനിരതാരവുമായ സെര്‍ജിയോ ബുസ്‌കെറ്റ്‌സ് ഇന്‍ജുറി ടൈമില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് ടീമിന് തിരിച്ചടിയായി.
മറ്റ് മത്സരങ്ങളില്‍ വിയ്യാറയല്‍ വയ്യാഡോയിഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തപ്പോള്‍ എസ്പാന്യോളും സെല്‍റ്റാ വിഗോയും സമനിലയില്‍ പിരിഞ്ഞു (2-2). സെവിയ്യയെ അട്ടിമറിച്ച് ഒസാസുന വിജയം നേടി. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഒസാസുനയുടെ വിജയം. നിലവിലെ ചാമ്പ്യന്മാരായ റയല്‍ മഡ്രിഡിന് ഇന്ന് രാത്രി 1.30 ന് മത്സരമുണ്ട്. റയല്‍ അല്‍മേറിയയെ നേരിടും.
Content Highlights: barcelona, fc barcelona, laliga, laliga 2022-2023, football news, barcelona first match, football