കാണികളുടെ എണ്ണത്തില്‍ റെക്കോഡ്; വനിതാ ഫുട്‌ബോളില്‍ റയലിനെ വീഴ്ത്തി ബാഴ്‌സ

Photo: twitter.com/FCBarcelona
Photo: twitter.com/FCBarcelona

ബാഴ്‌സലോണ: റെക്കോഡ് കാണികളുമായി ലോകശ്രദ്ധയാകര്‍ഷിച്ച വനിതാ ക്ലബ്ബ് ഫുട്‌ബോള്‍ മത്സരത്തില്‍ ചിരവൈരികളായ റയല്‍ മഡ്രിഡിനെതിരേ ബാഴ്‌സലോണയ്ക്ക് വിജയം. രണ്ടിനെതിരേ അഞ്ചുഗോളുകള്‍ക്കാണ് ബാഴ്‌സയുടെ വിജയം. 

91553 പേരാണ് മത്സരം കാണാന്‍ ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ നൗകാമ്പിലെത്തിയത്. വനിതാ ഫുട്‌ബോളില്‍ ഇത് റെക്കോഡാണ്. ഇരുപാദങ്ങളിലുമായി 8-3 എന്ന സ്‌കോറിനാണ് ബാഴ്‌സയുടെ വിജയം.  ആദ്യ പാദ മത്സരത്തില്‍ ബാഴ്‌സ 3-1 ന് വിജയിച്ചിരുന്നു. 

രണ്ടാം പാദ മത്സരത്തില്‍ എട്ടാം മിനിറ്റില്‍ ലിയോണ്‍ കെബ്രിയാനിലൂടെ ബാഴ്‌സലോണ ലീഡെടുത്തു. എന്നാല്‍ 16-ാം മിനിറ്റില്‍ കാര്‍മോണ ഗാര്‍ഷ്യയിലൂടെ റയല്‍ സമനില ഗോള്‍ നേടി. 48-ാം മിനിറ്റില്‍ സോര്‍നോവ സാഞ്ചെസ് റയലിന് ലീഡുയര്‍ത്തി. എന്നാല്‍ ബോന്‍മാറ്റി കോര്‍ക, പിനാഹ്, പ്യുട്ടെല്ലാസ് സെഗ്യൂറ, ഹാന്‍സണ്‍ എന്നിവര്‍ രണ്ടാം പകുതിയില്‍ ലക്ഷ്യം കണ്ടതോടെ ബാഴ്‌സ വിജയമുറപ്പിച്ചു. 

23 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് നൗകാമ്പില്‍ തകര്‍ന്നത്. ഇതിനുമുന്‍പ് 1999-ല്‍ നടന്ന അമേരിക്ക-ചൈന വനിതാ ലോകകപ്പ് മത്സരത്തിലാണ് ഏറ്റവുമധികം കാണികളുണ്ടായത്. അന്ന് 90195 പോരാണ് മത്സരം കാണാനെത്തിയത്. ഇതായിരുന്നു വനിതാ ഫുട്‌ബോളില്‍ ഇതുവരെയുണ്ടായിരുന്ന റെക്കോഡ്. 

Content Highlights: Barcelona break women’s crowd record at Camp Nou against real madrid