യുദ്ധം വേണ്ടേ വേണ്ട; യൂറോപ്പ ലീഗ് മത്സരത്തിനു മുമ്പ് ബാനറുകളുമായി ബാഴ്‌സയും നാപ്പോളിയും

നേപ്പിള്‍സ്: റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനെതിരേ ഫുട്‌ബോള്‍ ക്ലബ്ബുകളായ ബാഴ്‌സലോണയും നാപ്പോളിയും. യൂറോപ്പ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനു മുമ്പ് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെയും ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളിയുടെയും താരങ്ങള്‍ യുദ്ധം നിര്‍ത്തൂ എന്നെഴുതിയ ബാനറുകളുമായി അണിനിരന്നു.
നാപ്പോളിയിലെ ഡിയഗോ മാറഡോണ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിനു തൊട്ടുമുമ്പാണ് താരങ്ങള്‍ റഷ്യന്‍ സൈനിക നടപടിക്കെതിരേ രംഗത്തെത്തിയത്.
യുക്രൈനെതിരായ റഷ്യയുടെ സൈനിക നടപടിയെ ഒറ്റക്കെട്ടായി അപലപിക്കുന്നതാണ് ഈ പ്രവൃത്തിയെന്ന് ബാഴ്‌സലോണ ക്ലബ്ബ് പ്രസ്താവനയില്‍ വ്യക്തമാക്കി.
പാശ്ചാത്യരാജ്യങ്ങളുടെയും മറ്റും എതിര്‍പ്പും ഉപരോധങ്ങളും വകവെയ്ക്കാതെ വ്യാഴാഴ്ചയാണ് റഷ്യ യുക്രൈന്‍ ആക്രമിച്ചത്.
Content Highlights: Barcelona and Napoli players display stop war banner