ഇറാൻ വനിതാ ഫുട്‌ബോൾ ടീമിലെ 5 അംഗങ്ങൾക്ക് ഓസ്ട്രേലിയ അഭയം നൽകി

കാൻബെറ: ഏഷ്യാ കപ്പ് ഫുട്‌ബോൾ ടൂർണമെന്റിനെത്തിയ ഇറാനിയൻ വനിതാ ഫുട്‌ബോൾ ടീമിലെ അഞ്ച് അംഗങ്ങൾക്ക് ഓസ്ട്രേലിയ അഭയം അനുവദിച്ചു. ചൊവ്വാഴ്ച ബ്രിസ്ബേനിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഓസ്ട്രേലിയൻ ആഭ്യന്തര മന്ത്രി ടോണി ബർക്ക് ആണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ആഴ്ച ദക്ഷിണ കൊറിയക്കെതിരായ മത്സരത്തിന് മുന്നോടിയായി ടീം ദേശീയ ഗാനം ആലപിക്കാൻ വിസമ്മതിച്ചതിന് ശേഷം അവരുടെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയർന്നിരുന്നു. ഫെബ്രുവരി 28-ന് ഇറാനിൽ യുദ്ധം ആരംഭിച്ചതോടെ, നാട്ടിലേക്ക് മടങ്ങുന്നതിലെ സുരക്ഷാ ഭീതി കണക്കിലെടുത്ത് ചില താരങ്ങൾ അഭയത്തിനായി അപേക്ഷിച്ചിരുന്നു.
ഇറാനിയൻ പ്രവാസി സംഘടനകളും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും താരങ്ങൾക്ക് സംരക്ഷണം നൽകണമെന്ന് ഓസ്ട്രേലിയൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. താരങ്ങളുടെ വിസ നടപടികൾ പൂർത്തിയായതായും അവർ സുരക്ഷിത കേന്ദ്രത്തിലാണെന്നും മന്ത്രി ടോണി ബർക്ക് പറഞ്ഞു. ഇതൊരു പ്രയാസകരമായ തീരുമാനമാണെന്നും, എന്നാൽ വിസ രേഖകളിൽ ഒപ്പിടുമ്പോൾ അവരുടെ മുഖത്ത് കണ്ടത് വലിയ ആശ്വാസവും സന്തോഷവുമാണെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങൾ രാഷ്ട്രീയ പ്രവർത്തകരല്ലെന്നും കായികതാരങ്ങൾ മാത്രമാണെന്നും താരങ്ങൾ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓസ്ട്രേലിയ താരങ്ങളെ സ്വീകരിച്ചില്ലെങ്കിൽ അമേരിക്ക അഭയം നൽകുമെന്ന് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചിരുന്നു. ഇതിനെ 'ഫുട്‌ബോളിലെ രാഷ്ട്രീയ ഇടപെടൽ' എന്ന് വിശേഷിപ്പിച്ച ഇറാൻ ഫുട്‌ബോൾ ഫെഡറേഷൻ, ഫിഫ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകൾ ഇതിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. അതേസമയം ടീമിലെ ബാക്കിയുള്ള അംഗങ്ങൾക്ക് മുന്നിലും അഭയത്തിനുള്ള അവസരം തുറന്നിട്ടിരിക്കുകയാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി പറഞ്ഞു. ഇതിനിടെ ഇറാൻ താരങ്ങളെ കയറ്റിയ ബസ് തടയാൻ ഗോൾഡ് കോസ്റ്റിലെ ഹോട്ടലിന് മുന്നിൽ പ്രതിഷേധക്കാർ ശ്രമിച്ചത് ചെറിയ സംഘർഷത്തിന് കാരണമായി.
ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇറാൻ ദേശീയ ഗാനം ആലപിക്കാതിരുന്ന താരങ്ങളുടെ നടപടി വലിയ വാർത്താപ്രാധ്യാനം നേടിയിരുന്നു. എന്നാൽ പിന്നീട് നടന്ന മത്സരങ്ങളിൽ അവർ ഗാനം ആലപിച്ചിരുന്നു. നിലവിൽ അഞ്ച് താരങ്ങൾ ഓസ്ട്രേലിയയിൽ തുടരുമെന്ന് ഉറപ്പായെങ്കിലും, ബാക്കിയുള്ള താരങ്ങളുടെയും കോച്ചിന്റെയും കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
Content Highlights: Five Iranian women footballers granted asylum in Australia., Safety concerns arose after players refused to sing the national anthem