ഇന്റര്‍ കാശി; യൂറോപ്യന്‍ കരുത്തില്‍ വാരാണസിയില്‍ നിന്ന് പുതിയ ഫുട്‌ബോള്‍ ക്ലബ്ബ്

Photo: twitter.com/atletienglish
Photo: twitter.com/atletienglish

വാരാണസി: ഇന്ത്യന്‍ ഫുട്‌ബോളിലേക്ക് ഉത്തര്‍പ്രദേശിലെ വാരാണസി ആസ്ഥാനമായി പുതിയ ക്ലബ്ബ് വരുന്നു. ഇന്റര്‍ കാശി എന്ന് പേരിട്ടിരിക്കുന്ന ക്ലബ്ബിന്റെ ഉടമകള്‍ കൊല്‍ക്കത്ത ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബിസിനസ് ഗ്രൂപ്പായ ആര്‍ഡിബിയാണ്. വാരാണസിയില്‍ നിന്നുള്ള ആദ്യ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബാണ് ഇന്റര്‍ കാശി.

സ്പാനിഷ് ഫുട്‌ബോള്‍ ടീമായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഇന്ത്യന്‍ ഫുട്‌ബോളിലേക്കുള്ള മടങ്ങിവരവുകൂടി ഇന്റര്‍ കാശിയിലൂടെ സംഭവിക്കുകയാണ്. അത്‌ലറ്റിക്കോ മാഡ്രിഡിനും അന്‍ഡോറന്‍ ലീഗ് ജേതാക്കളായ ഇന്റര്‍ എസ്‌കലാഡ്‌സും മുന്‍ ബാഴ്‌സലോണ താരം ജെറാര്‍ഡ് പിക്വെയുടെ ഉടമസ്ഥതയിലുള്ള സ്പാനിഷ് ലീഗ് രണ്ടാം ഡിവിഷന്‍ (സെഗുണ്‍ഡ) ക്ലബ്ബായ എഫ്‌സി അന്‍ഡോറയ്ക്കും ഇന്റര്‍ കാശി ക്ലബ്ബില്‍ പങ്കാളിത്തമുണ്ട്.

കോര്‍പ്പറേറ്റ് എന്‍ട്രി വഴി നേരിട്ട് ഐ ലീഗിലേക്ക് പ്രവേശിക്കാനാണ് ക്ലബ്ബിന്റെ ശ്രമം. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചതായി ക്ലബ്ബ് അധികൃതര്‍ അറിയിച്ചു. അടുത്ത സീസണില്‍ ഐ ലീഗില്‍ കളിക്കാന്‍ സാധിക്കുമെന്നാണ് ക്ലബ്ബ് പ്രതീക്ഷിക്കുന്നത്.

തലസ്ഥാനമായ വാരാണസി ആസ്ഥാനമാക്കി ഉത്തര്‍പ്രദേശിലെ ആദ്യത്തെ ദേശീയ ഫുട്‌ബോള്‍ ക്ലബ് സൃഷ്ടിക്കുന്നതിനുള്ള പദ്ധതിയില്‍ സഹകരിക്കാന്‍ ആര്‍ഡിബി ഗ്രൂപ്പ് ഓഫ് കമ്പനീസുമായി ധാരണയിലെത്തിയിട്ടുണ്ടെന്ന് അത്ലറ്റിക്കോ ഡി മാഡ്രിഡ് പ്രസ്താവനയില്‍ അറിയിച്ചു.

നേരത്തെ ഐഎസ്എല്‍ ക്ലബ്ബായിരുന്ന അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയില്‍ (ഇപ്പോഴത്തെ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ്) അത്‌ലറ്റിക്കോ മാഡ്രിഡിന് പങ്കാളിത്തമുണ്ടായിരുന്നു. അത്‌ലറ്റിക്കോ മാഡ്രിഡിനൊപ്പം കൊല്‍ക്കത്ത ഗെയിംസ് ആന്‍ഡ് സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി, വ്യവസായികളായ ഹര്‍ഷവര്‍ദ്ധന്‍ നിയോട്ടിയ, സഞ്ജീവ് ഗോയങ്ക, ഉത്സവ് പരേഖ് എന്നിവരടങ്ങുന്ന ഒരു കണ്‍സോര്‍ഷ്യവുമായുള്ള പങ്കാളിത്തത്തിലായിരുന്നു ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍. പിന്നീട് ഗോയങ്ക, അത്ലറ്റിക്കോ മാഡ്രിഡിന്റെ ഓഹരികള്‍ വാങ്ങിയതോടെയാണ് അവര്‍ ഇന്ത്യന്‍ ഫുട്‌ബോളില്‍ നിന്ന് വിട്ടുനിന്നത്.

നാല് വര്‍ഷമായി ടാറ്റ ഫുട്‌ബോള്‍ അക്കാദമിയുടെ മുഖ്യ പരിശീലകനായി പ്രവര്‍ത്തിച്ച കാര്‍ലോസ് സാന്റമറീനയെ മുഖ്യ പരിശീലകനായി ക്ലബ്ബ് പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: Atletico Madrid returns to Indian league football with Inter Kashi