ലോകകിരീടത്തിനരികെ അര്‍ജന്റീന യൂത്തും; കൊളംബിയയെ തകര്‍ത്ത് ഫൈനലില്‍, മൊറോക്കോയെ നേരിടും

സാന്റിയാഗോ: ഫിഫ അണ്ടര്‍-20 ലോകകപ്പിലെ ആവേശകരമായ സെമി ഫൈനല്‍ പോരാട്ടത്തില്‍ കൊളംബിയയെ പരാജയപ്പെടുത്തി (1-0) അര്‍ജന്റീന ഫൈനലില്‍. ഏഴാം കിരീടം ലക്ഷ്യമിട്ട് അവര്‍ ഞായറാഴ്ച മൊറോക്കോയെ നേരിടും.
ഇരു ടീമുകളും തുടക്കത്തില്‍ ജാഗ്രത പുലര്‍ത്തി പന്ത് തട്ടിയപ്പോള്‍ ആദ്യപകുതി ഗോളരഹിതമായി അവസാനിച്ചു. എന്നാല്‍ ഇടവേളയ്ക്ക് ശേഷം അര്‍ജന്റീന തന്ത്രപരമായ മാറ്റങ്ങള്‍ വരുത്തി. അഞ്ച് പ്രതിരോധനിരക്കാരുള്ള ശൈലിയില്‍ നിന്ന് മാറി കൂടുതല്‍ ആക്രമണത്തിന് ഊന്നല്‍ നല്‍കി. അത് ഫലം നല്‍കുകയും ചെയ്തു.
71-ാം മിനിറ്റില്‍, ഇന്റര്‍ മയാമി മുന്നേറ്റ താരം മാറ്റിയോ സില്‍വെറ്റി മത്സരത്തിലെ ഏക ഗോള്‍ നേടി അര്‍ജന്റീനയെ അണ്ടര്‍ 20 ലോകകപ്പ് കലാശപ്പോരിലേക്ക് എത്തിച്ചു. 78-ാം മിനിറ്റില്‍ ജോണ്‍ റെന്റേറിയക്ക് രണ്ടാം മഞ്ഞക്കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് 10 പേരുമായിട്ടാണ് കൊളംബിയ ശേഷിക്കുന്ന സമയം പോരാട്ടം നടത്തിയത്.
2007-ലാണ് അര്‍ജീന്റീന്‍ യൂത്ത് ടീം അവസാനമായി ലോകകിരീടത്തില്‍ മുത്തമിട്ടത്. ഇതടക്കം ആറ് തവണ അവര്‍ ലോകകപ്പ് സ്വന്തമാക്കിയിട്ടുണ്ട്. ഫൈനലിലെ പ്രതിയോഗികളായ മൊറോക്കോ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ മറികടന്നാണ് കലാശപ്പോരിന് എത്തുന്നത്.