അര്‍ജന്റീന ഫുട്‌ബോള്‍ താരം ഗോണ്‍സാലോ ഹിഗ്വയ്ന്‍ വിരമിക്കുന്നു

ന്യൂയോര്‍ക്ക്: അര്‍ജന്റീനയുടെ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളായ ഗോണ്‍സാലോ ഹിഗ്വയ്ന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. നിലവില്‍ എം.എല്‍.എസ് ലീഗില്‍ കളിക്കുന്ന മുന്നേറ്റ താരമായ ഹിഗ്വയ്ന്‍ ഈ സീസണ്‍ അവസാനിക്കുന്നതോടെ ബൂട്ടഴിയ്ക്കും. അമേരിക്കന്‍-കനേഡിയന്‍ ലീഗായ എം.എല്‍.എസ്സില്‍ ഇന്റര്‍ മിയാമിയ്ക്ക് വേണ്ടിയാണ് താരം നിലവില്‍ കളിക്കുന്നത്.
മിയാമിയ്ക്ക് വേണ്ടി ഈ സീസണില്‍ ഇതുവരെ 14 മത്സരങ്ങള്‍ കളിച്ച ഹിഗ്വയ്ന്‍ 12 ഗോളുകളാണ് അടിച്ചുകൂട്ടിയത്. മിയാമിയ്ക്ക് വേണ്ടി ആകെ 64 മത്സരങ്ങളില്‍ നിന്ന് 26 ഗോളുകള്‍ നേടിയ ഹിഗ്വയ്ന്‍ 14 അസിസ്റ്റുകളും നല്‍കി.
ഫ്രാന്‍സില്‍ ജനിച്ച ഹിഗ്വയ്ന്‍ പിന്നീട് അര്‍ജന്റീനയിലേക്ക് ചേക്കേറുകയായിരുന്നു. അര്‍ജന്റീനയിലെ ക്ലബ്ബായ റിവര്‍പ്ലേറ്റിലൂടെയാണ് താരം പ്രഫഷണല്‍ ഫുട്‌ബോള്‍ രംഗത്ത് അരങ്ങേറ്റം നടത്തിയത്. 2005 മുതല്‍ 2007 വരെ ഹിഗ്വയ്ന്‍ റിവര്‍പ്ലേറ്റിനുവേണ്ടി കളിച്ചു. പിന്നീട് 2007-ല്‍ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നായ റയല്‍ മഡ്രിഡ് ഹിഗ്വയ്‌നിനെ സ്വന്തമാക്കി. ടീമിനൊപ്പം 264 മത്സരങ്ങളിലാണ് ഹിഗ്വയ്ന്‍ കളിച്ചത്. 121 ഗോളുകളും 56 അസിസ്റ്റുകളും റയലിനായി നേടി.
2013-ല്‍ റയലില്‍ നിന്ന് ഇറ്റാലിയന്‍ ക്ലബ്ബായ നാപ്പോളിയിലെത്തിയ ഹിഗ്വയ്ന്‍ 2016 വരെ ടീമിനുവേണ്ടി കളിച്ചു. പിന്നീട് മറ്റൊരു ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിലേക്ക് ചേക്കേറി. 2018-2019 സീസണില്‍ ഹിഗ്വയ്ന്‍ എ.സി.മിലാന് വേണ്ടിയും കളിച്ചു. അവിടെ നിന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ചെല്‍സിയ്ക്ക് വേണ്ടിയും ബൂട്ടുകെട്ടി. ചെല്‍സിയില്‍ നിന്നാണ് ഹിഗ്വയ്ന്‍ എം.എല്‍.എസ് ലീഗിലെത്തിയത്.
അര്‍ജന്റീനയ്ക്ക് വേണ്ടി 75 മത്സരങ്ങള്‍ കളിച്ച ഹിഗ്വയ്ന്‍ 31 ഗോളുകള്‍ നേടിയിട്ടുണ്ട്. അര്‍ജന്റീനയ്ക്ക് വേണ്ടി ഏറ്റവുമധികം ഗോളുകള്‍ നേടിയ അഞ്ചാമത്തെ താരം എന്ന റെക്കോഡും ഹിഗ്വയ്ന്‍ സ്വന്തമാക്കിയിട്ടുണ്ട്. സാക്ഷാല്‍ മാറഡോണയേക്കാള്‍ ഗോളുകള്‍ രാജ്യത്തിനുവേണ്ടി നേടിയ താരമാണ് ഹിഗ്വയ്ന്‍. 2014-ല്‍ ലോകകപ്പ് ഫൈനലിലെത്തിയ അര്‍ജന്റീന ടീമിലംഗവുമാണ് താരം.
ക്ലബ്ബ് കരിയറില്‍ മൂന്ന് ലാ ലിഗ കിരീടങ്ങളും മൂന്ന് സീരി എ കിരീടങ്ങളും ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടവും ഒരു കോപ്പ ഡെല്‍ റേ കിരീടവും സ്വന്തമാക്കിയ ഹിഗ്വയ്ന്‍ മൂന്ന് കോപ്പ ഇറ്റാലിയ കിരീടങ്ങളും ചൂടി.
Content Highlights: gonzalo higuain, higuain retirement, argentina football club, sports news, sports, argentina, messi