അടുത്തസീസണില്‍ മഞ്ഞപ്പടയ്ക്ക് വേണ്ടി പന്തുതട്ടാന്‍ വാസ്‌ക്വസ് ഉണ്ടാവില്ല

കൊച്ചി: കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ആല്‍വാരോ വാസ്‌ക്വസ് കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടു. ബ്ലാസ്‌റ്റേഴ്‌സ് തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. കുറച്ചുനാളായി വാസ്‌ക്വസ് ബ്ലാസ്‌റ്റേഴ്‌സ് വിടുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഒടുവില്‍ ബ്ലാസ്‌റ്റേഴ്‌സ് തന്നെ ഇത് സത്യമാണെന്ന് വ്യക്തമാക്കി.
കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയ വാസ്‌ക്വസ് തകര്‍പ്പന്‍ പ്രകടനത്തോടെ ടീമിന്റെ കുന്തമുനയായി മാറിയിരുന്നു. അടുത്ത സീസണില്‍ താരം മഞ്ഞപ്പടയ്ക്ക് വേണ്ടി പന്തുതട്ടില്ല. എഫ്.സി.ഗോവയായിരിക്കും താരത്തിന്റെ പുതിയ തട്ടകം. ഇതേക്കുറിച്ച് ഔദ്യോഗിക വാര്‍ത്ത പുറത്തുവന്നിട്ടില്ല.
31 കാരനായ വാസ്‌ക്വസ് കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനുവേണ്ടി 23 മത്സരങ്ങളില്‍ നിന്ന് എട്ട് ഗോളുകള്‍ നേടി. വാസ്‌ക്വസിന്റെ കരുത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ സീസണില്‍ ഫൈനല്‍ വരെയെത്തിയത്.
സ്പാനിഷ് താരമായ വാസ്‌ക്വസ് എസ്പാന്യോളിന്റെ യൂത്ത് ടീമിലൂടെയാണ് ഫുട്‌ബോള്‍ കരിയറിന് തുടക്കം കുറിക്കുന്നത്. 2010-ല്‍ എസ്പാന്യോളിലൂടെ ലാ ലിഗയില്‍ താരം അരങ്ങേറ്റം കുറിച്ചു. 2012-ല്‍ ഗെറ്റാഫെയിലേക്ക് ചേക്കേറി. ലാ ലിഗയില്‍ 150-ല്‍ അധികം മത്സരങ്ങള്‍ കളിച്ചതിന്റെ കരുത്തിലാണ് വാസ്‌ക്വസ് മഞ്ഞപ്പടയുടെ ഭാഗമായത്.
സമൂഹ മാധ്യമങ്ങളിലൂടെ വാസ്‌ക്വസിന് കേരള ബ്ലാസ്റ്റേഴ്‌സ് ആശംസകള്‍ അറിയിച്ചു. എന്നാല്‍ മറ്റ് പ്രധാന താരങ്ങളായ ഓര്‍ഗെ പെരേര ഡയസ്, അഡ്രിയാന്‍ ലൂണ എന്നിവര്‍ അടുത്ത സീസണിലും ബ്ലാസ്റ്റേഴ്‌സില്‍ തന്നെ തുടരുമെന്നാണ് ആരാധകര്‍ കണക്കുകൂട്ടുന്നത്. വാസ്‌ക്വസിന് പകരം മികച്ച ഒരു താരത്തെ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് കൊണ്ടുവരുമെന്നുതന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Content Highlights: kerala blasters, alvaro vazquez, isl, manjappada, vasquez new team, isl 2023