2007-ന് ശേഷം ഇതാദ്യം, ആരാധകര്‍ക്ക് വിരുന്നൊരുക്കി എ.സി.മിലാന്‍

Photo: twitter.com/ChampionsLeague
Photo: twitter.com/ChampionsLeague

മിലാന്‍: ആരാധകരുടെ 16 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. 2007 ന് ശേഷം എ.സി.മിലാന്‍ ആദ്യമായി യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ മറ്റൊരു ഇറ്റാലിയന്‍ ടീമായ നാപ്പോളിയെ വീഴ്ത്തിയാണ് മിലാന്‍ സെമി ഫൈനലില്‍ പ്രവേശിച്ചത്.

ഇരുപാദങ്ങളിലുമായി 2-1 ന് വിജയിച്ചാണ് ടീം അവസാന നാലിലെത്തിയത്. രണ്ടാം പാദമത്സരത്തില്‍ നാപ്പോളിയുമായി മിലാന്‍ 1-1 ന് സമനില പാലിച്ചു. 43-ാം മിനിറ്റില്‍ ഒളിവിയര്‍ ജിറൂഡിലൂടെ മിലാന്‍ മുന്നിലെത്തിയെങ്കിലും മത്സരമവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ സൂപ്പര്‍ താരം വിക്ടര്‍ ഒസിംഹെനിലൂടെ നാപ്പോളി സമനില ഗോള്‍ നേടി. അപ്പോഴേക്കും മിലാന്‍ സെമി ഫൈനല്‍ ബര്‍ത്തുറപ്പിച്ചിരുന്നു. ഏഴ് തവണ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ മിലാന്‍ അവസാനമായി കിരീടം നേടിയത് 2007-ലാണ്. 

മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലീഷ് വമ്പന്മാരായ ചെല്‍സിയെ തകര്‍ത്ത് നിലവിലെ ചാമ്പ്യന്മാരായ റയല്‍ മഡ്രിഡ് സെമിയിലേക്ക് മുന്നേറി. ഇരുപാദങ്ങളിലുമായി 4-0 നാണ് റയലിന്റെ വിജയം. രണ്ടാം പാദ മത്സരത്തില്‍ റയലിനായി റോഡ്രിഗോ ഇരട്ടഗോള്‍ നേടി ടീമിന്റെ വിജയശില്‍പ്പിയായി. 

റയലിനും മിലാനും പിന്നാലെ സെമിയില്‍ പ്രവേശിക്കുന്ന മറ്റ് രണ്ട് ടീമുകളെ ഇന്നറിയാം. രാത്രി 12.30 ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ ഇന്റര്‍ മിലാന്‍ ബെന്‍ഫിക്കയെയും ബയേണ്‍ മ്യൂണിക്ക് മാഞ്ചെസ്റ്റര്‍ സിറ്റിയെയും നേരിടും. നിലവില്‍ ഇന്ററിനും (2-0) സിറ്റിയ്ക്കും (3-0) വ്യക്തമായ മുന്‍തൂക്കമുണ്ട്.

Content Highlights: AC Milan Reach First Champions League Semi-Final Since 2007