ഈസി ഫോർ ബ്രസീൽ, മഞ്ഞില ബ്രില്യന്റ്; വിക്ടർ മഞ്ഞിലയുടെ ജീവിതത്തിലെ മറക്കാനാവാത്ത ആ അര മണിക്കൂർ

വിക്ടര്‍ മഞ്ഞില | Photo: Arun Nilambur/ Mathrubhumi
വിക്ടര്‍ മഞ്ഞില | Photo: Arun Nilambur/ Mathrubhumi

ഇന്ത്യയും സാവോ പോളോയും തമ്മിലല്ല, വിക്ടർ മഞ്ഞിലയും പതിനൊന്ന് ബ്രസീലിയൻ യുവശിങ്കങ്ങളും തമ്മിലായിരുന്നു പോരാട്ടം. ടീം രണ്ടു ഗോളിന് പിന്നിൽ നിൽക്കുമ്പോൾ ക്രോസ് ബാറിനടിയിൽ ചെന്നു നിന്നതാണ് വിക്ടർ. മുപ്പത് മിനിറ്റ് നേരത്തെ ജീവന്മരണ പോരാട്ടമായിരുന്നു പിന്നെ. തലങ്ങും വിലങ്ങും ചീറിപ്പാഞ്ഞ ഷോട്ടുകൾ കയ്യിലും നെഞ്ചിലുമൊതുക്കി ബാറിനടിയിൽ പറന്നുനടന്ന ഗോൾകീപ്പറെ പിറ്റേന്ന് റോയിട്ടേഴ്സിന്റെ ഫുട്‌ബോൾ റിപ്പോർട്ടർ അകമഴിഞ്ഞു പുകഴ്ത്തിയത് സ്വാഭാവികം. ആദ്യം വീണ രണ്ടു ഗോളുകൾക്ക് ഒടുവിൽ ജയിച്ചുകയറിയത് ബ്രസീലിയൻ യുവനിരയാണെങ്കിലും തോൽവിയറിയാതെയാണ് അന്ന് വിക്ടർ കളം വിട്ടത്. ശരിക്കും 'വിക്ടർ' ആയിത്തന്നെ.

അര നൂറ്റാണ്ടിനിപ്പുറം തിരിഞ്ഞുനോക്കുമ്പോൾ, ഫുട്‌ബോൾ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത അര മണിക്കൂർ എന്ന് പറയും വിക്ടർ. ബാറിനടിയിൽ അത്രയും തീവ്രമായ ഏകാന്തത അനുഭവിച്ച നിമിഷങ്ങൾ കുറവാണ് വിക്ടറിന്റെ കളിജീവിതത്തിൽ. എതിർ മുന്നേറ്റ നിരക്കെതിരെ ഒറ്റയാൾ പോരാട്ടം.

1976-ൽ ദക്ഷിണ കൊറിയയിലെ സോളിൽ നടന്ന ആറാമത് പ്രസിഡന്റ്‌സ് കപ്പ് അന്താരാഷ്ട്ര ടൂർണമെന്റിന്റെ ഗ്രൂപ്പ് മത്സരത്തിലായിരുന്നു ആ യുദ്ധം. എതിരാളികൾ സാവോപോളോയിലെ പൗലിസ്റ്റ അണ്ടർ-21 ടീം. ആദ്യ രണ്ടു മത്സരങ്ങളിൽ പ്രബലരായ ആതിഥേയരോടും സിംഗപ്പൂരിനോടും തോറ്റ ഇന്ത്യയ്ക്ക് വേണ്ടി ബ്രസീലിയൻ ടീമിനെതിരെ സ്റ്റാർട്ടിംഗ് ലൈനപ്പിൽ ഇറങ്ങിയത് സുന്ദരേശൻ. പതിമൂന്നാം മിനിറ്റിൽ എൽസിയാൽ ടാറ്റിനോയും അൻപത്തൊമ്പതാം മിനിറ്റിൽ വിൽസൺ ലൂയീസ് ഗോൺസാൽവസും നേടിയ ഗോളുകൾക്ക് പൗലിസ്റ്റ മുന്നിലെത്തിയപ്പോഴാണ് അറ്റ കൈക്ക് സുന്ദരേശനെ പിൻവലിച്ച് വിക്ടറിനെ ഇറക്കാൻ കോച്ച് ഗുലാം മുഹമ്മദ് ബാഷ തീരുമാനിക്കുന്നത്.

അന്നത്തെ പൊരിഞ്ഞ കളിയുടെ ഓർമ്മക്കായി പിറ്റേന്ന് പത്രങ്ങളിൽ വന്ന റോയിട്ടേഴ്സിന്റെ റിപ്പോർട്ട് ഇന്നും ഭദ്രമായി സൂക്ഷിച്ചുവെക്കുന്നു വിക്ടർ. 'ഈസി ഫോർ ബ്രസീൽ, മഞ്ഞില ബ്രില്യന്റ്' എന്നായിരുന്നു തലക്കെട്ട്.

അതേ ടൂർണമെന്റിൽ പ്രബലരായ ദക്ഷിണകൊറിയക്കെതിരായ ആദ്യ മത്സരവും മറക്കാനാവില്ല വിക്ടറിന്. നാൽപ്പത് ഷോട്ടുകൾ തടുത്തിട്ടിട്ടും ഒടുവിൽ നാല് ഗോളിന് തോൽക്കാനായിരുന്നു യോഗം എന്നുമാത്രം. ഇന്ത്യയുടെ പെനാൽറ്റി ഏരിയയിൽ നിരന്തരം ഇരച്ചുകയറി അപകടം വിതച്ച ചാ ബും കും എന്ന സ്ട്രൈക്കർ ജർമ്മൻ ലീഗിൽ ഫ്രാങ്ക്ഫുർട്ട് ഐൻട്രാക്ടിനും ബെയർ ലെവർക്യൂസനുംവേണ്ടി തിളങ്ങിയത് പിൽക്കാല ചരിത്രം.

ചരിത്രപ്രാധാന്യമുള്ള ഇന്ത്യൻ ടീമാണ് അന്ന് സോളിൽ കളിച്ചത്. മരുന്നിനുപോലും ബംഗാളിന്റെ സാന്നിധ്യമില്ലാത്ത ദേശീയ ടീം. രാജകുമാരനില്ലാത്ത ഹാംലെറ്റ് എന്നൊക്കെ പറയും പോലെ. ദേശീയ ഫുട്‌ബോൾ ഭരണാധികാരികളുമായുള്ള കലഹം മൂലം സ്വന്തം കളിക്കാരെ വിട്ടുകൊടുക്കാൻ വിസമ്മതിക്കുകയായിരുന്നു കൊൽക്കത്തയിലെ ഗ്ലാമർ ക്ലബ്ബുകൾ. മഞ്ജിത് സിംഗിന്റെ നേതൃത്വത്തിൽ അണിനിരന്ന ഇന്ത്യൻ ടീമിൽ എന്നിട്ടും പ്രതിഭകൾക്ക് പഞ്ഞമുണ്ടായിരുന്നില്ല. ഏറ്റവും കൂടുതൽ മലയാളികൾ കളിച്ച ദേശീയ ടീമുകളിലൊന്നാവണം അത്. വിക്ടറിന് പുറമേ എം.എം ജേക്കബ്, ഡോ. ബഷീർ, സി.സി ജേക്കബ്, ബാലചന്ദ്രൻ, അൽഫോൺസ് എന്നിവർ. അടുത്തിടെ ദ്രോണാചാര്യ അവാർഡ് നേടിയ അർമാൻഡോ കൊളാസോ, നിക്കോളാസ് പെരേര, ഹർജീന്ദർ സിംഗ്, സുഖ്വീന്ദർ സിംഗ്, കുമാർ, ദേവരാജ്, മോഹൻകുമാർ എന്നിവരുമുണ്ടായിരുന്നു ടീമിൽ എന്നോർക്കുന്നു വിക്ടർ.

ആതിഥേയരായ കൊറിയയും പൗലിസ്റ്റയുമാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. എക്‌സ്ട്രാ ടൈമിന് ശേഷവും മത്സരം ഗോൾരഹിത സമനിലയിലായതോടെ ഇരു ടീമുകളും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കപ്പെട്ടു. ഒക്ടോബർ ആദ്യം കൊൽക്കത്തയിൽ വെച്ച് നീണ്ട ഇടവേളയ്ക്ക് ശേഷം സൗഹൃദ മത്സരത്തിൽ ഇന്ത്യ ബ്രസീലിനെ നേരിട്ടുകണ്ടപ്പോൾ അൻപത് വർഷം മുൻപത്തെ സോൾ യുദ്ധം ഓർമ്മവന്നുവെന്ന് വിക്ടർ. നാല് ഗോളിനാണ് പൊരുതിക്കളിച്ച ഇന്ത്യ ബ്രസീലിന്റെ സീനിയർ ടീമിനെതിരെ കൊൽക്കത്തയിൽ കീഴടങ്ങിയത്. മലയാളികളായി നാലുപേരുണ്ടായിരുന്നു ടീമിൽ. സഹൽ അബ്ദുൾ സമദ്, ആഷിഖ് കുരുണിയൻ, ബിജോയ് വർഗീസ്, മുഹമ്മദ് സനാൻ.

Content Highlights: Goalkeeper Victor Manjila's heroic performance against Brazil's Paulista U-21 in 1976., Details of the 6th President's Cup international tournament in Seoul, South Korea., Strong representation of Malayali players in the historic Indian national football squad., Comparison with recent India vs Brazil friendlies featuring modern players.