ഇന്ത്യയുടെ ഹൃദയം തകര്‍ത്ത ഗുപ്റ്റിലിന്റെ ആ ത്രോ; ലോകകപ്പില്‍ വീണ്ടുമൊരു ഇന്ത്യ - ന്യൂസീലന്‍ഡ് സെമി

2019 ജൂലായ് 10, മാഞ്ചെസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡ് ക്രിക്കറ്റ് സ്റ്റേഡിയം. അന്ന് ധോനി.... ധോനി എന്ന് തൊണ്ടപൊട്ടുമാറുച്ചത്തില്‍ ആര്‍ത്തലച്ച സ്റ്റേഡിയം ഒരുനിമിഷം നിശബ്ദമായി. ഇന്ത്യയൊട്ടുക്കുമുള്ള ടെലിവിഷനുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും മുന്നിലിരുന്നവര്‍ ആ കാഴ്ച കാണാനാകാതെ കണ്ണുകള്‍ ഇറുക്കിയടച്ചു. തീരുമാനത്തിനായി തേര്‍ഡ് അമ്പയറെ സമീപിക്കും മുമ്പ് ഫീല്‍ അമ്പയര്‍ റിച്ചാര്‍ഡ് കെറ്റല്‍ബ്രോ പോലും ഒരു നിമിഷം തരിച്ചുനിന്നു. ഗുപ്റ്റില്‍ നിങ്ങളുടെ ആ ത്രോ വിക്കറ്റിനൊപ്പം തകര്‍ത്തെറിഞ്ഞത് കോടിക്കണക്കിന് ഇന്ത്യന്‍ ആരാധകരുടെ ഹൃദയങ്ങളെ കൂടിയായിരുന്നു. അന്ന് ധോനിയുടെ ബാറ്റിനും ക്രീസിനും ഇടയിലുണ്ടായിരുന്ന ആ ഇഞ്ചുകളുടെ ദൂരത്തിലാണ് ഇന്ത്യ ഫൈനല്‍ ബര്‍ത്ത് കൈവിട്ടത്.
പൊതുവേ ന്യൂസീലന്‍ഡ് ക്രിക്കറ്റ് താരങ്ങളോട് പ്രത്യേക ഇഷ്ടം കാത്തുസൂക്ഷിക്കുന്നവരാണ് ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍. റിച്ചാര്‍ഡ് ഹാഡ്ലിയിലും മാര്‍ട്ടിന്‍ ക്രോവിലും തുടങ്ങി സ്റ്റീഫന്‍ ഫ്ളെമിങ്ങും നഥാന്‍ ആസിലും ബ്രെണ്ടന്‍ മക്കല്ലവും കടന്ന് ഇന്ന് കെയ്ന്‍ വില്യംസണിലും ഗ്ലെന്‍ ഫിലിപ്സിലും വരെ ആ ഇഷ്ടം എത്തിനില്‍ക്കുന്നുമുണ്ട്. എന്നാല്‍ ഒരു ന്യൂസീലന്‍ഡുകാരനെ ഇന്ത്യക്കാര്‍ അല്‍പം ദേഷ്യത്തോടെ ഓര്‍ക്കുന്നുണ്ടെങ്കില്‍ അത് മാര്‍ട്ടിന്‍ ഗുപ്റ്റിലിനെയാകും. ഒപ്പം അയാളുടെ ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗില്‍ നിന്നുള്ള ആ ത്രോയും. ആ ത്രോയില്‍ ബെയ്‌ലുകള്‍ക്കൊപ്പം തെറിച്ചുപോയത് ഇന്ത്യയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ കൂടിയായിരുന്നു.
ലോകകപ്പ് വേദിയില്‍ വീണ്ടുമൊരു ഇന്ത്യ - ന്യൂസീലന്‍ഡ് മത്സരത്തിന് കളമൊരുങ്ങുകയാണ്. എന്നാല്‍ എല്ലാവരുടെയും ഓര്‍മകള്‍ പോകുന്നത് നാലു വര്‍ഷം പിന്നിലേക്കാണ്. 2019 ജൂലായ് ഒമ്പതിനായിരുന്നു ഇന്ത്യയും ന്യൂസീലന്‍ഡും ഏറ്റുമുട്ടിയ ആ ലോകകപ്പ് സെമി. ലോകകപ്പിലുടനീളം തകര്‍പ്പന്‍ ഫോമിലായിരുന്നു ഇന്ത്യ. രോഹിത് ശര്‍മയുടെ സെഞ്ചുറികളുടെയും വിരാട് കോലിയുടെ അര്‍ധ സെഞ്ചുറികളുടെയും ബലത്തില്‍ ഇന്ത്യയുടെ മുന്നേറ്റം മികച്ചത് തന്നെയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ തോറ്റത് ഇംഗ്ലണ്ടിനോട് മാത്രം. ആത്മവിശ്വാസത്തോടെ തന്നെയാണ് ഇന്ത്യ, കിവീസിനെതിരായ സെമിക്കിറങ്ങിയത്. അന്ന് കിവീസിന്റെ ഇന്നിങ്സിനു ശേഷം മഴയെത്തിയതോടെ കളി റിവസര്‍വ് ഡേയായ 10-ാം തീയതിയിലേക്ക് നീണ്ടു. 240 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയെ പക്ഷേ ആദ്യ 19 പന്തുകള്‍ക്കുള്ളില്‍ തന്നെ ന്യൂസീലന്‍ഡ് ഞെട്ടിച്ചു.
കെ.എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ സ്‌കോര്‍ അഞ്ച് റണ്‍സിലെത്തിയപ്പോള്‍ പുറത്ത്. ദിനേഷ് കാര്‍ത്തിക്കും കളിമറന്നതോടെ ഇന്ത്യ നാലിന് 24. പിന്നാലെ ഋഷഭ് പന്തിന്റെയും (32), ഹാര്‍ദിക് പാണ്ഡ്യയുടെയും (32) ഇന്നിങ്സുകള്‍ ടീം സ്‌കോര്‍ 70 കടത്തി. എന്നാല്‍ ഇരുവരെയും മടക്കിയ സാന്റ്‌നര്‍ ഇന്ത്യയെ ആറിന് 92 എന്ന നിലയിലേക്ക് തള്ളിവിട്ടു. അവിടെ നിന്നും ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജയും എം.എസ് ധോനിയും പൊരുതി. ധോനി ക്ഷമയുടെ പര്യായമായപ്പോള്‍ ജഡേജ ആവശ്യമായ റണ്‍റേറ്റില്‍ അടിച്ചുതകര്‍ത്തു. 59 പന്തില്‍ നിന്ന് 77 റണ്‍സെടുത്ത ജഡ്ഡു 48-ാം ഓവറില്‍ പുറത്തായതോടെ കളി വീണ്ടും തിരിഞ്ഞു. എന്നാല്‍ ധോനി ക്രീസിലുണ്ടായിരുന്നത് പ്രതീക്ഷയായിരുന്നു.
പക്ഷേ ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗില്‍ നിന്ന് മാര്‍ട്ടിന്‍ ഗുപ്റ്റില്‍ എറിഞ്ഞ ഒരു ത്രോ ഇന്ത്യയുടെ വിജയസാധ്യതയുടെ കഴുത്തറുത്തു. 49-ാം ഓവറിലെ മൂന്നാം പന്തില്‍ ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച സ്പ്രിന്റര്‍ക്ക് പിഴച്ചു. ഗുപ്റ്റിലിന്റെ ത്രോ ബാറ്റിങ് ക്രീസിലെ ബെയ്ല്‍സ് ഇളക്കുമ്പോള്‍ ക്രീസിലേയ്ക്ക് ധോനിയുടെ ബാറ്റിന് ഇഞ്ചുകളുടെ ദൂരം മാത്രമായിരുന്നു ഉണ്ടായിരുന്നത്.
49-ാം ഓവറിന്റെ മൂന്നാം പന്തില്‍ ധോനി റണ്ണൗട്ടായി മടങ്ങുന്നത് അവിശ്വസനീയതയോടെയാണ് ലോകം കണ്ടുനിന്നത്. ഇന്ത്യന്‍ പ്രതീക്ഷയുടെ അവസാന വെട്ടവും അതോടെ അണഞ്ഞുപോയിരുന്നു. ഒമ്പത് പന്ത് ശേഷിക്കെ വിജയത്തിലേയ്ക്ക് ഇന്ത്യയ്ക്ക് 22 റണ്ണിന്റെ അകലമുണ്ടായിരുന്നു അപ്പോള്‍. ഇന്ത്യ ആ ഓവറില്‍ തന്നെ തോല്‍വി ഉറപ്പിച്ചു. ആറു പന്തുകള്‍ക്കുള്ളില്‍ അത് യാഥാര്‍ഥ്യമാവുകയും ചെയ്തു.
ഇതാ ബുധനാഴ്ച വീണ്ടുമൊരു ലോകകപ്പ് സെമിയില്‍ ഇന്ത്യ, ന്യൂസീലന്‍ഡിനെ നേരിടാനൊരുങ്ങുകയാണ്. എന്നാല്‍ നാലു വര്‍ഷം മുമ്പത്തെ ഇന്ത്യയല്ല നാട്ടില്‍. ലോകകപ്പിന് മുമ്പ് നടന്ന പരമ്പരകളിലുടനീളം പരീക്ഷണം തുടര്‍ക്കഥയാക്കിയ ടീമില്‍ നിന്നും ഏറെ മാറി. ആ പരീക്ഷണങ്ങള്‍ക്ക് പഴികേട്ട കോച്ച് രാഹുല്‍ ദ്രാവിഡിനെ ഇന്ന് മാധ്യമങ്ങളടക്കം വാഴ്ത്തിപ്പാടുകയാണ്. അതെ ടീമിന്റെ ബാലന്‍സ് പോലും നഷ്ടപ്പെടുത്തിയ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പരിക്ക് ഇന്ത്യയ്ക്കിപ്പോള്‍ ഊര്‍വശി ശാപം ഉപകാരമെന്നതുപോലെയായി. 2019-ലും ഒരു പരിക്കാണ് (ധവാന്‍) ഇന്ത്യന്‍ ബാറ്റിങ് ഓര്‍ഡറിന്റെ താളംതെറ്റിച്ചത്. പക്ഷേ ഇത്തവണ അതുണ്ടായില്ല. പകരം ലഭിച്ചതോ മുഹമ്മദ് ഷമിയെന്ന പേസറുടെ മിന്നുന്ന ഫോം. ടൂര്‍ണമെന്റിലുടനീളം തികച്ചും ആധികാരികമായിരുന്നു ഇന്ത്യയുടെ വിജയങ്ങള്‍. കുറച്ചൊന്ന് പതറിയത് ഓസ്‌ട്രേലിയക്കെതിരേയും ന്യൂസീലന്‍ഡിനെതിരേയും മാത്രം. നിലവിലെ ഫോമില്‍ ഇന്ത്യയ്ക്കല്ലാതെ മറ്റാര്‍ക്കും തന്നെ ആരാധകര്‍ സാധ്യത കല്‍പ്പിച്ചുകൊടുക്കുന്നില്ല. എങ്കിലും ക്രിക്കറ്റ് എന്നത് എന്നും അനിശ്ചിതത്വം നിറഞ്ഞത് കൂടിയാണല്ലോ. വീണ്ടുമൊരിക്കല്‍ കൂടി എതിരാളികള്‍ കിവീസും.
നാലു വര്‍ഷം മുമ്പത്തെ ആ തോല്‍വിക്ക് കണക്കുതീര്‍ക്കാനുറച്ചുതന്നെയാകും ഇന്ത്യ ബുധനാഴ്ച വാങ്കെഡെയില്‍ ഇറങ്ങുക. ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുന്നതും അത്തരമൊരു കണക്കുതീര്‍ക്കലിനാണ്. നിലവിലെ ടീമിന്റെ മിന്നുന്ന ഫോം തന്നെയാണ് അതിന് പ്രതീക്ഷ നല്‍കുന്നത്. ഗില്ലും രോഹിത്തും നല്‍കുന്ന മികച്ച തുടക്കം മുതലാക്കാന്‍ കോലിക്കും ശ്രേയസിനും രാഹുലിനും സാധിക്കുന്നു. നിര്‍ണായക ഘട്ടങ്ങളില്‍ സൂര്യ ഭേദപ്പെട്ട പ്രകടനം തന്നെ പുറത്തെടുക്കുന്നു. ടൂര്‍ണമെന്റിന് മുമ്പത്തെ മോശം ഫോം മറന്ന് ജഡേജ ബാറ്റിങ്ങിലും മികച്ച സംഭാവനകളുമായി തിളങ്ങുന്നു. ബോളിങ്ങിലേക്കെത്തുമ്പോള്‍ ബുംറയുടെ കണിശതയാര്‍ന്ന ബൗളിങ് ഷമിക്കും സിറാജിനും വിക്കറ്റിനുള്ള വഴിതെളിക്കുന്നു. നിര്‍ണായ ഘട്ടങ്ങളില്‍ കുല്‍ദീപ് തിളങ്ങുന്നു. ജഡേജയും വിക്കറ്റുകളുമായി അതിനൊപ്പം ചേരുന്നു. അങ്ങനെ എല്ലാം കൊണ്ടും ഒരു ഫുള്‍ പാക്ക്ഡ് ടീം. കഴിഞ്ഞ തവണത്തെ പോലെ ഒന്നോ രണ്ടോ താരങ്ങളുടെ പ്രകടനത്തിന്റെ ബലത്തിലല്ല ടീമിന്റെ കുതിപ്പെന്നതാണ് പ്രധാന കാര്യം. 11 പേരും ടീമിന്റെ വിജയത്തില്‍ ഒരുപോലെ പങ്കുവഹിക്കുന്നു. അപ്രധാന മത്സരങ്ങളില്‍ പോലും റിസര്‍വ് താരങ്ങള്‍ക്ക് അവസരം നല്‍കാത്തത് ടീമിന്റെ ഈ കെട്ടുറപ്പും ആത്മവിശ്വാസവും ബാധിക്കപ്പെടരുത് എന്നുള്ളതുകൊണ്ടാണ്. തുടര്‍ച്ചയായി ജയിക്കുന്ന ടീമിനെ നിലനിര്‍ത്തുക എന്ന പ്രാഥമിക കാര്യത്തിനാണ് ഊന്നല്‍. ഈ 11 പേരെയും ടീം വിശ്വസിക്കുന്നു, ഒരാളുടെ പ്രകടനത്തെ പോലും സംശയിക്കുന്നില്ല എന്നത് ഓരോ കളിക്കാരന്റെയും ആത്മവിശ്വാസം ഉയര്‍ത്തുന്ന കാര്യമാണ്. ആ ആത്മവിശ്വാസം തന്നെയാണ് ഈ ടൂര്‍ണമെന്റ് ജയിക്കാന്‍ വേണ്ടത്. നമുക്ക് വേണ്ടതും അതുതന്നെയല്ലേ...
Content Highlights: That throw by Guptill that broke India's heart Another India-New Zealand semi-final in wc