ഇത് ജെയിംസ് വാര്‍ഡ് പ്രൗസ്, ഫ്രീ കിക്കുകളുടെ യുവരാജാവ്

ഫുട്‌ബോള്‍ ലോകത്ത് സെറ്റ്പീസുകള്‍ ഗോളാക്കി മാറ്റുക എന്നത് വലിയ കാര്യം തന്നെയാണ്. ഡിഫന്‍ഡര്‍മാരുടെ മതില്‍ പൊളിച്ച് ഗോളിയെ കീഴടക്കി പന്ത് വലയിലെത്തിക്കാന്‍ താരങ്ങള്‍ കുറച്ചൊന്നുമല്ല കഷ്ടപ്പെടുന്നത്. കളിക്കളത്തില്‍ തിളങ്ങുന്ന പല താരങ്ങള്‍ക്കും ഫ്രീ കിക്കുകള്‍ ഗോളാക്കി മാറ്റാന്‍ കഴിയാറില്ല.
എന്നാല്‍ മനോഹരമായ ഫ്രീ കിക്കുകള്‍ ഗോളാക്കിമാറ്റിക്കൊണ്ട് ലോകം കീഴടക്കിയ താരങ്ങള്‍ ഫുട്‌ബോള്‍ ചരിത്രത്തിലുണ്ടായിട്ടുണ്ട്. ഡേവിഡ് ബെക്കാമും റൊബെര്‍ട്ടോ കാര്‍സോലുമെല്ലാം അതിന് ഉത്തമ ഉദാഹരണങ്ങളാണ്. ബെന്‍ഡ് ഇറ്റ് ലൈക്ക് ബെക്കാമും ഒച്ചിന്‍തോട് കിക്കുമെല്ലാം ഏതെങ്കിലും ഫുട്‌ബോള്‍ പ്രേമിയ്ക്ക് മറക്കാനാകുമോ?
ആ ഗണത്തിലേക്ക് എഴുതിച്ചേര്‍ക്കേണ്ട പുതിയ പേരാണ് ജെയിംസ് വാര്‍ഡ് പ്രൗസിന്റെത്. ഫ്രീ കിക്ക് അത് ഏത് ആംഗിളില്‍ നിന്നും എത്ര ദൂരെയാണെങ്കിലും ജെയിംസ് ഗോളാക്കിയിരിക്കും. നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫ്രീകിക്ക് ടേക്കറാണ് ജെയിംസ് വാര്‍ഡ്. ഇംഗ്ലീഷ് ക്ലബ് സതാംപ്ടണിന്റെ ക്യാപ്റ്റനായ താരം ഇംഗ്ലണ്ട് ദേശീയ ടീം അംഗം കൂടിയാണ്.
ഈ സീസണില്‍ താരവും സതാംപ്ടണും മിന്നുന്ന ഫോമിലാണ്. പ്രീമിയര്‍ ലീഗില്‍ ജെയിംസിന്റെ ചിറകില്‍ ടീം ജയങ്ങള്‍ വാരിക്കൂട്ടുന്നു. ഈ സീസണില്‍ കിട്ടിയ അവസരങ്ങളെല്ലാം ഗോളാക്കി മാറ്റാന്‍ താരത്തിന് കഴിഞ്ഞു. നിലവില്‍ സതാംപ്ടണ്‍ എട്ടുകളികളില്‍ നിന്നും അഞ്ച് വിജയങ്ങളുമായി പോയന്റ് പട്ടികയില്‍ ഒന്നാമതാണ്. ഈ സീസണില്‍ മൂന്നുഗോളുകളാണ് താരം നേടിയിരിക്കുന്നത്. അതുമൂന്നും പിറന്നിരിക്കുന്നത് സെറ്റ്പീസുകളില്‍ നിന്നാണ്.
ഡേവിഡ് ബെക്കാമിന്റെ സ്‌കൂളില്‍ നിന്നാണ് ജെയിംസ് പുറത്തിറങ്ങിയത്. അപ്പോള്‍ ഇത്തരത്തിലൊരു പ്രകടനം നടത്തിയില്ലെങ്കിലേ അദ്ഭുതമുള്ളൂ. ഗോളിയെ വിദഗ്ധമായി കബിളിപ്പിച്ച് പോസ്റ്റിലേക്ക് തീയുണ്ട പോലെയാണ് ജെയിംസിന്റെ കിക്കുകള്‍ പറന്നിറങ്ങുന്നത്. താരത്തിന്റെ കിക്കുകളാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ പ്രധാന ചര്‍ച്ചാവിഷയം.
ജെയിംസിന്റെ കിക്കുകള്‍ കണ്ട് ഫുട്‌ബോള്‍ വിദഗ്ധര്‍ സാക്ഷാല്‍ ഡേവിഡ് ബെക്കാമുമായാണ് അദ്ദേഹത്തെ തട്ടിച്ചുനോക്കുന്നത്. പ്രീമിയര്‍ ലീഗില്‍ ഫ്രീകിക്കുകളിലൂടെ ഏറ്റവുമധികം ഗോളുകള്‍ നേടിയിട്ടുള്ള താരം ബെക്കാമാണ്. 18 ഗോളുകള്‍. ഈ നേട്ടം ജെയിംസ് മറികടക്കുമെന്ന് വിദഗ്ധര്‍ കണക്കുകൂട്ടുന്നു. പ്രീമിയര്‍ ലീഗില്‍ സതാംപ്ടണിലൂടെ അരങ്ങേറ്റം കുറിച്ച ജെയിംസ് ഇതുവരെ എട്ട് ഗോളുകള്‍ ഫ്രീകിക്കുകളിലൂടെ നേടിക്കഴിഞ്ഞു.
ഏറ്റവുമൊടുവില്‍ നടന്ന മത്സരത്തില്‍ രണ്ട് ഗോളുകളാണ് താരം ഫ്രീകിക്കുകളിലൂടെ നേടിയത്. ആസ്റ്റണ്‍ വില്ലയ്‌ക്കെതിരെ നടന്ന മത്സരത്തിലാണ് ഈ പ്രകടനം അരങ്ങേറിയത്. സതാംപ്ടണ്‍ 4-3 ന് കളിയില്‍ ജയിക്കുകയും ചെയ്തു. 2015 ന് ശേഷം ഇതാദ്യമായാണ് ഒരു താരം ഒരു മത്സരത്തില്‍ രണ്ട് ഫ്രീകിക്കുകള്‍ ഗോളാക്കി മാറ്റുന്നത്. പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഈ നേട്ടം കൈവരിച്ചവര്‍ വെറും 9 പേര്‍ മാത്രമാണെന്ന് ഓര്‍ക്കണം.
പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ അതിവേഗത്തില്‍ ഫ്രീകിക്കുകള്‍ ഗോളാക്കി മാറ്റുന്ന താരങ്ങളില്‍ നിലവില്‍ ജെയിംസാണ് ഒന്നാമത്. 50 ഫ്രീകിക്കുകളെടുക്കുമ്പോള്‍ താരം 12 ഗോളുകള്‍ സ്‌കോര്‍ ചെയ്യുമെന്നാണ് കണക്ക്. 11 ഗോളുകളുള്ള സെബാസ്റ്റിയന്‍ ലാര്‍സണാണ് രണ്ടാമത്.
മുന്‍ സതാംപ്ടണ്‍ പരിശീലകനായ മൗറീഷ്യോ പൊച്ചെട്ടിനോയാണ് ജെയിംസിന്റെ കഴിവ് തിരിച്ചറിഞ്ഞ് ഫ്രീ കിക്കുകള്‍ എടുക്കാന്‍ താരത്തെ പരിശീലിപ്പിച്ചത്. 26 വയസ്സുകാരനായ ജെയിംസ് എട്ടാം വയസ്സിലാണ് സതാംപ്ടണിലെത്തുന്നത്. ജൂനിയര്‍ ടീമില്‍ ദീര്‍ഘകാലം മികച്ച പ്രകടനം പുറത്തെടുത്ത താരം 2011 ഒക്‌ടോബറിലാണ് സീനിയര്‍ ടീമിലിടം നേടുന്നത്.
പോര്‍ട്‌സ്മത്തില്‍ ജനിച്ച ജെയിംസിന്റെ മാതാപിതാക്കള്‍ പോര്‍ട്‌സ്മത്ത് ക്ലബ്ബിന്റെ ആരാധകരാണ്. മാതാപിതാക്കളുടെ എതിര്‍പ്പ് അവഗണിച്ചാണ് താരം ചിരവൈരികളായ സതാംപ്ടണിലെത്തിയത്. എന്നാല്‍ ജെയിംസിന് വേണ്ടി കൈയ്യടിക്കുകയാണ് ഇപ്പോള്‍ കുടുംബാംഗങ്ങള്‍.
നിലവില്‍ ക്ലബിനായി 287 മത്സരങ്ങളില്‍ നിന്നും 27 ഗോളുകളാണ് താരം നേടിയിരിക്കുന്നത്. ഇംഗ്ലണ്ടിന് വേണ്ടി നാല് മത്സരങ്ങളും കളിച്ചു.
Content Highlights:Southampton midfielder James Ward-Prowse is the new Premier League free kick king
Content Highlights: