ക്യാപ്റ്റന്റെ വിയോഗമറിയാതെ മൈതാനത്ത് പൊരുതിയ ടീം; കളിക്കളത്തിൽ വിരുന്നുവന്ന മരണം, നടുക്കുന്ന ഓർമ

ഓരോ വാലന്റൈൻസ് ഡേയും ഒരു പാവം പന്തുകളിക്കാരന്റെ ഓർമ്മ കൂടിയാണെനിക്ക്. കളിക്കളത്തിൽ പൊലിഞ്ഞ ഒരു ജീവന്റെ വേദന നിറഞ്ഞ ഓർമ്മ.
റഫറിയുടെ അവസാനവിസിലിന്റെ ഈണമാസ്വദിച്ച് ഇരമ്പിയാർക്കുന്ന കണ്ണൂർ മുനിസിപ്പൽ സ്റ്റേഡിയം ഗാലറിയുടെ മങ്ങിയ ചിത്രം മുപ്പത്തിമൂന്ന് വർഷങ്ങൾക്കിപ്പുറവും മനസ്സിലുണ്ട്. ആന്ധ്രയെ പൊരുതി കീഴ്പ്പെടുത്തി സന്തോഷ് ട്രോഫിയുടെ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയ റെയിൽവേസ് ടീമിന്റെ ആഹ്‌ളാദത്തിമിർപ്പും. എല്ലാം കണ്ട് നിശ്ശബ്ദരായി, നിസ്സംഗരായി പ്രസ്സ് ഗാലറിയിലിരുന്ന ഞങ്ങളുടെ മനസ്സിൽ മാത്രം തീയായിരുന്നു. തൊട്ടു മുൻപറിഞ്ഞ ദുരന്ത വാർത്തയുടെ ആഘാതത്തിൽ നിന്ന് വിമുക്തരായിരുന്നില്ലല്ലോ ഞങ്ങളാരും.
ആ വാർത്തയറിയുന്ന നിമിഷം, വിജയശ്രീലാളിതരായി പുറത്തിറങ്ങിവരുന്ന റെയിൽവേസ് ടീമിലെ കളിക്കാരുടെ പ്രതികരണം എന്താവുമെന്നോർത്തായിരുന്നു വേവലാതി. കുറച്ചു നേരം മുൻപ് വരെ ഒപ്പം കളിച്ച ശേഷം മൈതാനം വിട്ടയാൾ ഇപ്പോൾ ജീവനോടെയില്ലെന്ന സത്യം ഉൾക്കൊള്ളാനാകുമോ അവർക്ക്?
മത്സരം തുടങ്ങി ഏറെക്കഴിയും മുൻപ് എതിർ കളിക്കാരനുമായി കൂട്ടിയിടിച്ചു നിലത്തുവീണ റെയിൽവേസ് ക്യാപ്റ്റൻ സഞ്ജീബ് ദത്തയെ സ്ട്രെച്ചറിൽ പുറത്തുകൊണ്ടുപോകുന്നത് കണ്ടപ്പോൾ അത്ഭുതമൊന്നും തോന്നിയിരുന്നില്ല. കളിക്കളത്തിൽ അസാധാരണമല്ലാത്ത കാഴ്ച. ചിലപ്പോൾ അയാൾ വേദന മാറി കളിയിൽ തിരിച്ചെത്തിയേക്കാം. അല്ലെങ്കിൽ കാഴ്ചക്കാരനായി ബെഞ്ചിലൊതുങ്ങിയേക്കാം. എന്നാൽ ദത്തയുടെ കാര്യത്തിൽ ഇത് രണ്ടുമല്ല സംഭവിച്ചത്. നെഞ്ചുവേദനയോടെ മൈതാനത്ത് ബോധഹീനനായി പിടഞ്ഞുവീണ ദത്തയെ നേരെ കൊണ്ടുപോയത് കുറച്ചകലെയുള്ള ആശുപത്രിയിലേക്ക്. അവിടെയെത്തുമ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു. ജീവിതത്തിന്റെ കളിക്കളം വിട്ട് യാത്രയായിക്കഴിഞ്ഞിരുന്നു ബംഗാളിലെ മന്ദിർതല ഗ്രാമത്തിൽ നിന്നുള്ള ആ ചെറുപ്പക്കാരൻ.
കൂട്ടുകാരന്റെ മരണവാർത്ത അറിയാതെ മൈതാനത്ത് രണ്ടും കൽപ്പിച്ചു പൊരുതിക്കൊണ്ടിരിക്കുകയാണ് റെയിൽവേസ് കളിക്കാർ. സ്വന്തം ടീമിന്റെ വിജയത്തിൽ ഏറ്റവുമധികം ആഹ്‌ളാദിക്കേണ്ട ക്യാപ്റ്റൻ വിറങ്ങലിച്ച ശരീരമായി ആശുപത്രിയിൽ കിടക്കുന്നു എന്ന സത്യം അറിയില്ലല്ലോ അവരാരും. കളിയുടെ റിപ്പോർട്ട് എഴുതാൻ പോലും മറന്ന് വിതുമ്പുന്ന മനസ്സോടെ റെയിൽവേസിന്റെ നീക്കങ്ങൾ നോക്കിയിരുന്നത് ഓർമ്മയുണ്ട്. അതൊരു ഫെബ്രുവരി 14-ായിരുന്നു.
ഇത്തരം അടിയന്തിര ഘട്ടങ്ങളിൽ അവശ്യം വേണ്ട സൗകര്യങ്ങളൊന്നും അന്ന് സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നില്ല എന്നത് ഇന്നോർക്കുമ്പോൾ വേദനയുളവാക്കുന്ന കാര്യം. ആംബുലൻസ് സമയത്തിനെത്താത്തതിനാൽ ടാക്‌സിയിലാണ് ടീമിന്റെ കോച്ചും ഫിസിയോയും ചേർന്ന് ദത്തയെ കുറച്ചകലെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 'മറ്റൊരു അമ്മക്കും ഈ ഗതി വരരുത്. എന്റെ മകന് സംഭവിച്ചത് ഒരു കളിക്കാരനും സംഭവിച്ചുകൂടാ. ഫുട്‌ബോൾ ഭരണാധികാരികൾ അതിനുവേണ്ടി മുൻകൈയെടുക്കണം...' മകന്റെ അകാലമരണ വാർത്തയുടെ ആഘാതത്തിൽ അമ്മ മായാറാണി ദത്ത കണ്ണീരോടെ പറഞ്ഞ വാക്കുകൾ അന്ന് ബംഗാളി പത്രങ്ങൾ റിപ്പോർട്ട് ചെയ്തത് ഓർമ്മയുണ്ട്. എന്തു ഫലം? ഇത്തരം ദുരന്തങ്ങൾ കളിക്കളത്തിൽ പിന്നേയും ആവർത്തിക്കപ്പെട്ടു. ഡി വെങ്കടേഷ്, മഹേഷ് ഥാപ്പ, ക്രിസ്ത്യാനോ ജൂനിയർ, പീറ്റർ ബീയാക്‌സൻസൂല... കളിക്കളത്തിൽ മരണം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട പന്തുകളിക്കാരുടെ പട്ടിക നീളുന്നു. ആംബുലൻസ് സമയത്തിന് എത്തിച്ചേരാത്തത് മൂലം ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക് പോകാൻ വിധിക്കപ്പെട്ടവർ വരെയുണ്ട് ഇക്കൂട്ടത്തിൽ.
കളിക്കൂട്ടുകാരന്റെ വിറങ്ങലിച്ച ശരീരത്തിന് മുന്നിൽ നിന്ന് വിങ്ങിപ്പൊട്ടുന്ന റെയിൽവേസ് താരം ഹീരാലാലിന്റെ ചിത്രം ഈ ജന്മം മറക്കാൻ കഴിയില്ല. സഞ്ജീബ് ദത്തയുടെ നാട്ടുകാരനും ബാല്യകാല സൃഹുത്തുമായിരുന്നു ഹീരാലാൽ. കൂട്ടുകാരന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകേണ്ട ചുമതല ഏറ്റെടുത്തത് ഹീരാലാലാണ്. സഞ്ജീബിന്റെ ഭാര്യയേയും അമ്മയേയും എങ്ങനെ അഭിമുഖീകരിക്കുമെന്നായിരുന്നു ഹീരാലാലിന്റെ വേവലാതി. മാസങ്ങളേ ആയിരുന്നുള്ളൂ സഞ്ജീബ് ദത്തയുടെ പിതാവ് ഓർമ്മയായിട്ട്.
ജീവന്മരണ പോരാട്ടമായിരുന്നു റെയിൽവേസിന് ആ ക്ലസ്റ്റർ മത്സരം. കൊച്ചിയിൽ നടക്കുന്ന അടുത്ത റൗണ്ടിൽ പ്രവേശനം നേടാൻ എന്ത് വില കൊടുത്തും ജയിച്ചേ പറ്റൂ. അരൂപ് ശ്രീമനിയുടെ ഗോളിന് ആന്ധ്രക്കെതിരെ ജയിച്ചുകയറിയെങ്കിലും വിജയലഹരി മതിമറന്നാസ്വദിക്കാൻ വിധി അവരെ അനുവദിച്ചില്ല. വേദന സഹിക്കാനാകാതെ തലകുനിച്ചിരിക്കുന്ന റെയിൽവേസ് കളിക്കാരുടെ ചിത്രമാണ് ഇന്നും ഓർമ്മയിൽ. കളിയെഴുത്തുകാലം ഓർമ്മയിൽ അവശേഷിപ്പിക്കുന്ന വികാരനിർഭരമായ മുഹൂർത്തങ്ങളിൽ ഒന്ന്.
Content Highlights: Renowned sports writer Ravi Menon recalls the haunting memory of February 14, 1991, when Railways captain Sanjib Dutta collapsed and died during a Santosh Trophy match in Kannur, while his teammates fought for a victory unaware of the tragedy.