മെസ്സി മറക്കാത്ത അല്‍ ഹില്‍മ്!

ലുസൈലിന്റെ കളിമുറ്റത്തേക്ക് ഒരു നിയോഗംപോലെ വീണ്ടുമെത്തുമ്പോള്‍ ഓര്‍ത്തുപോയത് ആ പന്താണ്. ഒരു വര്‍ഷം മുമ്പ് ലുസൈലിലെ കളിമുറ്റത്തേക്ക് മെസ്സിയും എംബാപ്പേയും അവരുടെ കൂട്ടുകാരുമൊത്ത് വരുമ്പോഴാണ് പോളണ്ടുകാരനായ റഫറി സൈമണ്‍ മാര്‍സിനിയാക്കിന്റെ കൈയിലിരുന്ന പന്തിലേക്ക് കണ്ണുടക്കിയത്. സ്വപ്നം എന്നര്‍ഥമുള്ള 'അല്‍ ഹില്‍മ്' എന്ന പന്ത് തട്ടി ആരാകും വിശ്വകിരീടത്തില്‍ മുത്തമിടുന്നത്? ആ രാവില്‍ മനസില്‍ ഒരു പുഴ പോലെ ഒഴുകിപ്പരന്ന ചോദ്യം. ഖത്തര്‍ ലോകകപ്പ് തുടങ്ങിയപ്പോള്‍ മുതല്‍ ഉപയോഗിച്ചിരുന്ന 'അല്‍ റിഹ്ല' എന്ന പേരുള്ള പന്ത് സെമി ഫൈനല്‍ മുതലാണ് മാറ്റിയത്. സെമിക്കും ഫൈനലിനും പുതിയ പന്ത് തട്ടിക്കോളൂയെന്ന് ഫിഫ പറഞ്ഞപ്പോള്‍ 1930-ലെ ആദ്യ ലോകകപ്പിലെ പന്തിന്റെ കഥയാണ് ഓര്‍ത്തത്. അന്ന് ഫൈനല്‍ ദിനത്തില്‍ ഇരുകൈകളിലായി രണ്ടു പന്തുമായി മൈതാനത്തേക്കെത്തിയ ബെല്‍ജിയംകാരനായ റഫറി ജോണ്‍ ലേംഗനസിനെ എങ്ങനെ മറക്കാനാണ്? അതൊരു വല്ലാത്ത വരവും ക്ലൈമാക്‌സുമായിരുന്നു.
ലോകകപ്പിന്റെ തുടക്കകാലത്ത് ഒഫീഷ്യല്‍ മാച്ച് ബോള്‍ എന്ന രീതിയുണ്ടായിരുന്നില്ല. മത്സരത്തിനായുള്ള പന്ത് ടീമുകള്‍ തന്നെ കൊണ്ടുവരുമായിരുന്ന അക്കാലത്ത് പന്തിന്റെ വലിപ്പത്തിന്റെയോ ഭാരത്തിന്റെയോ കാര്യത്തിലും നിബന്ധനകളൊന്നുമുണ്ടായിരുന്നില്ല. പന്തിന്റെ കാര്യത്തിലെ ഈ 'വിശാല മനസ്‌കത' പണിയായത് 1930-ലെ ഫൈനലിലായിരുന്നു. യുറഗ്വായും അര്‍ജന്റീനയും തമ്മിലുള്ള അന്നത്തെ ഫൈനലില്‍ കളിക്കാന്‍ ഉപയോഗിക്കേണ്ട പന്തിന് വേണ്ടി ഇരുവരും ഒരുപോലെ അവകാശവാദമുന്നയിച്ചു. പല തരത്തില്‍ ചര്‍ച്ച നടത്തിയിട്ടും ഫലം കാണാതെ വന്നതോടെ സംഘാടകര്‍ 'അറ്റകൈ' പ്രയോഗം നടത്തി. ഫൈനലില്‍ രണ്ടു പന്ത് ഉപയോഗിക്കാമെന്നായിരുന്നു ആ തീരുമാനം.
ചിരവൈരികളായ അര്‍ജന്റീനയും യുറഗ്വായും തമ്മിലുള്ള ഫൈനലിന് വിസിലൂതാന്‍ ലേംഗനസ് എത്തിയത് ഒരു കൈയില്‍ സ്‌കോട്ടിഷ് നിര്‍മിത 'ടീന്റോ' എന്ന പന്തും മറുകൈയില്‍ ഇംഗ്ലീഷ് നിര്‍മിത 'ടി മോഡല്‍' എന്ന പന്തുമായിട്ടായിരുന്നു. ടോസ് കിട്ടുന്നത് ആര്‍ക്കാണോ, അവരുടെ പന്ത് ആദ്യം ഉപയോഗിക്കാമെന്നായിരുന്നു ധാരണ. അതനുസരിച്ച് ടോസ് നേടിയ അര്‍ജന്റീനയുടെ 'ടീന്റോ' പന്താണ് ആദ്യ പകുതിയില്‍ ഉപയോഗിച്ചത്. സ്വന്തം പന്ത് ഉപയോഗിച്ച് കളിച്ച അര്‍ജന്റീന ആദ്യ പകുതിയില്‍ 2-1നു മുന്നിലെത്തുകയും ചെയ്തു. രണ്ടാം പകുതിയില്‍ സ്വന്തം പന്തായ 'ടി മോഡല്‍' ഉപയോഗിച്ച് കളത്തിലിറങ്ങിയതോടെ യുറഗ്വായുടെ കളിയും മാറി. മൂന്നു ഗോള്‍ അര്‍ജന്റീനയുടെ പോസ്റ്റില്‍ തിരിച്ചടിച്ച് 4-2നു യുറഗ്വായ് കളി പിടിക്കുമ്പോള്‍ ആദ്യ ലോകകിരീടവും അവരുടെ കൂടെപ്പോന്നു. സ്വന്തം പന്തിന്റെ ഗുണം എന്ന വിശ്വാസം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു അന്ന് യുറഗ്വായുടെ ലോകകപ്പ് നേട്ടം.
ഖത്തര്‍ ലോകകപ്പിനിടയിലും പന്ത് മാറ്റിയത് വാണിജ്യപരമായി വലിയ ഗുണം ചെയ്‌തെന്ന് ഫൈനലിന്റെ പിറ്റേന്ന് അല്‍ ബിദയിലെ ഫാന്‍ പാര്‍ക്കില്‍ ചെന്നപ്പോള്‍ മനസ്സിലായി. അവിടത്തെ ഫിഫ സ്റ്റോറില്‍ പുതിയ പന്ത് വാങ്ങാന്‍ ആളുകളുടെ വന്‍ തിരക്കായിരുന്നു. ലോകപ്പിന്റെ സ്മരണികയായി നാട്ടിലേക്ക് കൊണ്ടുപോകാന്‍ പന്തിനേക്കാള്‍ നല്ലൊരു സമ്മാനമില്ലല്ലോ. ആളുകളെല്ലാം അല്‍ ഹില്‍മ് പന്ത് നല്ലൊരു സമ്മാനമായി നാട്ടിലേക്ക് കൊണ്ടുപോയപ്പോള്‍ മാറിയ അല്‍ ഹില്‍മ് പന്ത് മെസ്സിക്കും ജീവിതത്തിലെ ഏറ്റവും നല്ല സമ്മാനമാണല്ലോ നല്‍കിയത്.
ഏഷ്യന്‍ കപ്പിനായി ഇപ്പോള്‍ വീണ്ടും ഖത്തറിലെത്തിയപ്പോള്‍ കണ്ടുമുട്ടിയ പലരും അല്‍ ഹില്‍മ് പന്തിന്റെ ഓര്‍മകള്‍ പങ്കുവെച്ചു. ആ നേരത്ത് ലയണല്‍ മെസ്സിയെ വീണ്ടും ഓര്‍ത്തുപോയി. 1930-ല്‍ മാറ്റിയ പന്ത് പണി തന്നതുപോലെ ഖത്തറില്‍ പക്ഷേ, മാറ്റിയ പന്ത് അര്‍ജന്റീനക്ക് പണി തന്നില്ലല്ലോ. പ്രിയപ്പെട്ട മെസ്സീ, സ്വപ്നം എന്നര്‍ഥമുള്ള പന്ത് നിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമല്ലേ പൂവണിയിച്ചത്.
Content Highlights: qatar kitab afc asian cup football 2024