അച്ഛന്റെ നിർബന്ധത്തിന് വഴങ്ങി ക്രിക്കറ്റ് കളിച്ചു, പത്താമനായി ക്രീസിലെത്തി ബാറ്റിങ് മാജിക്ക്; മോഹിത് ഉൽവ ഒരു സംഭവമാണ്!

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
മോഹിത് ഉല്‍വയെ തോളിലേറ്റി ആഹ്ലാദം പങ്കിടുന്ന സഹതാരങ്ങള്‍ | Photo: BCCI
മോഹിത് ഉല്‍വയെ തോളിലേറ്റി ആഹ്ലാദം പങ്കിടുന്ന സഹതാരങ്ങള്‍ | Photo: BCCI

മോഹിത് ഉൽവയെന്ന 18-കാരൻ പത്താമനായി ക്രീസിലെത്തുമ്പോൾ ഇന്ത്യ പരാജയത്തിന് തൊട്ടടുത്തുവരെ എത്തിയിരുന്നു. 42-ാം ഓവറിൽ കാവ്യ പട്ടേൽ പുറത്താകുമ്പോൾ ഇന്ത്യയ്ക്ക് 48 പന്തിൽ വിജയിക്കാൻ 86 റൺസ് വേണമായിരുന്നു. കൈയിലുള്ളതാകട്ടെ രണ്ട് വിക്കറ്റും. ആ സമയത്ത് മോഹിതിൽ നിന്ന് ഒരു മാജിക് മാത്രമാണ് ഇന്ത്യൻ ആരാധകർ പ്രതീക്ഷിച്ചത്. നേരിട്ട ആദ്യ മൂന്ന് പന്തുകളിൽ മോഹിത് റണ്ണൊന്നും കണ്ടെത്താതിരുന്നതോടെ ആ പ്രതീക്ഷയും ആരാധകർക്ക് ഏറെക്കുറെ നഷ്ടപ്പെട്ടിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് മോഹിത് തന്റെ ബാറ്റിങ് വൈഭവം പുറത്തെടുത്തു. അവസാന പന്തിലെ ബൗണ്ടറിവരെ ആ മാന്ത്രിക ഇന്നിങ്‌സ് നീണ്ടു. ഡഗ് ഔട്ടിൽ നിന്ന് ഇന്ത്യൻ താരങ്ങൾ ഗ്രൗണ്ടിലേക്ക് ഇറങ്ങിയോടി. കിരീടം വാനിലേക്കുയർത്തുന്നതിന് മുമ്പേ മോഹിതിനെ തോളിലേറ്റി ആഹ്ലാദം പങ്കിട്ടു. പാക് താരങ്ങൾ നിരാശരായി മുഖം താഴ്ത്തിയിരുന്നു.

26 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം 49 റൺസെടുത്ത് ഇന്ത്യയുടെ വിജയശിൽപിയായ മോഹിത് തന്നെയാണ് കളിയിലെ താരവും. ഗുജറാത്തിലെ ജാംനഗർ സ്വദേശിയായ പതിനെട്ടുകാരൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിൽ ജോലി ചെയ്യുന്ന അച്ഛന്റെ നിർബന്ധപ്രകാരമാണ് ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയത്. അച്ഛന് കുട്ടിക്കാലത്ത് ക്രിക്കറ്റ് കളിക്കാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. മകനിലൂടെ തന്റെ സ്വപ്‌നം പൂർത്തിയാക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. പഠനത്തിൽ നിന്ന് രക്ഷപ്പെടാമല്ലോ എന്നായിരുന്നു ആ സമയത്ത് മോഹിതിന്റെ ചിന്ത. അതിനാൽതന്നെ അച്ഛന്റെ ആഗ്രഹത്തിനൊപ്പം നിന്നു. അച്ഛൻ അവനെ മഹേന്ദ്ര സിൻഹ് ചൗഹാന്റെ അക്കാദമിയിൽ ചേർത്തു. ഇന്ത്യൻ താരം രവീന്ദ്ര ജഡേജയുടെ ഗുരുവായ അതേ മഹേന്ദ്ര ചൗഹാൻ. അതുവരെ കൂട്ടുകാർക്കൊപ്പം ടെന്നീസ് ബോൾ ക്രിക്കറ്റുമാത്രം കളിച്ചിരുന്ന മോഹിതിന്റെ ജീവിതം തന്നെ മാറി. ഫിറ്റ്‌നസിന്റെ പ്രാധാന്യത്തെ കുറിച്ച് കോച്ച് അവനെ ഉപദേശിച്ചു. സ്ഥിരമായ പരിശീലനം തുടർന്നു. ഇതിനിടയിൽ അവന്റെ ഓട്ടം മികച്ചതാണെന്ന് കണ്ടെത്തിയ കോച്ച് പേസ് ബൗളിങ് പരീക്ഷിക്കാൻ പറഞ്ഞു. അത് വിജയിക്കുകയും ചെയ്തു. ഓസീസ് താരം പാറ്റ് കമ്മിൻസിന്റെ ആരാധകനായ മോഹിത് അങ്ങനെ സൗരാഷ്ട്രയ്ക്കുവേണ്ടി ഫാസ്റ്റ് ബൗളിങ് ഓൾറൗണ്ടറായി മാറി. പിന്നീട് അച്ഛന് രാജ്‌കോട്ടിലേക്ക് ട്രാൻസ്ഫർ ആയി. അവിടെ സൗരാഷ്ട്ര പ്രീമിയർ ലീഗിൽ ജയദേവ് ഉനദ്ഘട്ടിനൊപ്പം കളിക്കാൻ സാധിച്ചു.

2026-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ യൂത്ത് ടെസ്റ്റിൽ ഓൾറൗണ്ടറായി തിളങ്ങി മോഹിത് കയ്യടി നേടിയിരുന്നു. അന്നും വാലറ്റത്ത് ഇതുപോലൊരു കൂട്ടുകെട്ട് പടുത്തുയർത്തി. ഒമ്പതാം വിക്കറ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ ലക്ഷ്യയ്‌ക്കൊപ്പമായിരുന്നു ആ കൂട്ടുകെട്ട്. അന്ന് ലക്ഷ്യ ഇരട്ട സെഞ്ചുറിയിലുമെത്തി. മോഹിത് മൂന്ന് വിക്കറ്റിനൊപ്പം അർധ സെഞ്ചുറിയും കണ്ടെത്തി. ശ്രീലങ്കയ്‌ക്കെതിരായ അണ്ടർ 19 പരമ്പരയിലും ഇന്ത്യൻ ജെഴ്‌സിയണിഞ്ഞു.

Content Highlights: Mohit Ulva scored 49 runs from 26 balls coming in at number ten., He played a crucial role in securing a thrilling victory against Pakistan., Trained under Mahendra Singh Chauhan, the childhood coach of Ravindra Jadeja., Emerged as a fast bowling all-rounder for Saurashtra.