കൈവിരലുകളില്‍ ഇനി തുകല്‍പ്പന്തിന്റെ മണമില്ലാത്ത നാളുകള്‍; പേരില്ലാതെയെത്തി ഇതിഹാസമായി മാറിയ ജിമ്മി

കാലത്തെ ഒരു 21 കൊല്ലം പിറകോട്ട് പറത്തിവിടണം. കൃത്യമായി പറഞ്ഞാല്‍ 2002 ഡിസംബര്‍ 15-ന് മെല്‍ബണിലെ ഒരു മഞ്ഞു പുതച്ച ദിവസത്തിലേക്ക് ചെല്ലണം. ഓസീസിനെതിരായ ഏകദിന മത്സരത്തിനായുള്ള ഒരുക്കത്തിലായിരുന്നു അന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. ഇംഗ്ലണ്ടിനായി ആ ദിവസം ഒരു ഇരുപതുകാരന്‍ പൊടിമീശക്കാരന്‍ പയ്യന്‍ അരങ്ങേറ്റം കുറിക്കുന്നുണ്ടായിരുന്നു. ഇംഗ്ലണ്ടിന്റെ പ്രധാന ബൗളറായിരുന്ന ആന്‍ഡി കാഡിക്കിന് അന്ന് കളിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് പെട്ടെന്ന് ടീമിലെടുത്തതായിരുന്നു അവനെ. ഇംഗ്ലണ്ടിന്റെ കടുംനീല ജേഴ്‌സിയില്‍ പേരോ നമ്പറോ ഇല്ലാതെയാണ് ആ ഇരുപതുകാരന്‍ തന്റെ ആദ്യ രാജ്യാന്തര മത്സരത്തിനിറങ്ങിയത്. സെഞ്ചുറി നേടിയ ആദം ഗില്‍ക്രിസ്റ്റിന്റെ വിക്കറ്റ് വീഴ്ത്തി ആറടിയിലേറെ ഉയരമുണ്ടായിരുന്ന ആ പയ്യന്‍ തന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. അന്ന് മത്സരത്തില്‍ ആറ് ഓവര്‍ എറിഞ്ഞ അയാളുടെ പിന്നീടുള്ള ജീവിതം ആ തുകല്‍ പന്തിനെ ചുറ്റിപ്പറ്റിയായിരുന്നു. ലോകത്തെ മറ്റാരേക്കാളും ആ പന്ത് അയാള്‍ പറയുന്നത് അക്ഷരംപ്രതി അനുസരിച്ചു. ഇടത്തേക്കും വലത്തേക്കും അയാളുടെ ഇംഗിതത്തിനനുസരിച്ച് ആ പന്ത് വെട്ടിത്തിരിഞ്ഞ് പാഞ്ഞു. രണ്ടു പതിറ്റാണ്ടിലേറെക്കാലം നിലത്തുവെയ്ക്കാതെ കൊണ്ടുനടന്ന ആ പന്തിനെ അയാള്‍ ഇന്ന് വിശ്രമിക്കാന്‍ വിട്ടിരിക്കുന്നു. കൈവിരലുകളില്‍ തുകലിന്റെ മണമില്ലാത്ത നാളുകളുമായി അയാള്‍ എങ്ങനെപൊരുത്തപ്പെടും. ഒപ്പം കളിച്ചവരും പിന്നീട് വന്നവരുമെല്ലാം കളം വിട്ടിട്ടും ഇന്നോളം ആ തുകല്‍ പന്തിന്റെ നറുമണം ആസ്വദിച്ച താരത്തിന്റെ പേര് ജെയിംസ് മൈക്കല്‍ ആന്‍ഡേഴ്‌സണ്‍, ക്രിക്കറ്റ് ലോകത്തിന്റെ സ്വന്തം ജിമ്മി.
ക്രിക്കറ്റിന്റെ പുണ്യഭൂമികയായ ലോര്‍ഡ്‌സില്‍ അയാള്‍ വിടപറയുമ്പോള്‍ ബാക്കിയാകുന്നത് സ്വിങ് ബൗളിങ്ങിന്റെ സുവര്‍ണകാലമാണ്. 2003 മാര്‍ച്ച് 22-ന് ലോര്‍ഡ്‌സില്‍ തുടക്കമിട്ട ടെസ്റ്റ് കരിയറിന് രണ്ടു പതിറ്റാണ്ടിനിപ്പുറം ലോര്‍ഡ്‌സില്‍ തന്നെ അയാള്‍ അവസാനം കുറിച്ചിരിക്കുന്നു. 18 ദിവസങ്ങള്‍ക്കപ്പുറം 42 വയസാകും ജിമ്മിക്ക്. ഇത്രയേറെക്കാലം ഒരു ഫാസ്റ്റ് ബൗളര്‍ ടെസ്റ്റ് മത്സരങ്ങളിലടക്കം കളിച്ച് അതേ ഫോമില്‍ തുടരുകയെന്നതിനെ അവിശ്വസനീയം എന്നല്ലാതെ എന്ത് പറയാന്‍. 147 വര്‍ഷം നീണ്ട ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ നിരവധി റെക്കോഡുകള്‍ സ്വന്തം പേരിലാക്കിയാണ് അയാള്‍ മടങ്ങുന്നത്. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റ് തന്റെ കരിയറിലെ അവസാന മത്സരമായിരിക്കുമെന്ന് രണ്ടു മാസം മുമ്പാണ് ആന്‍ഡേഴ്‌സണ്‍ പ്രഖ്യാപിക്കുന്നത്. വെള്ളിയാഴ്ച ആ ഐതിഹാസിക കരിയറിന് അവസാനമാകുമ്പോള്‍ 188 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 704 വിക്കറ്റുകള്‍ സ്വന്തം പേരിലാക്കിക്കഴിഞ്ഞു ജിമ്മി. മുന്നില്‍ ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരനും (800), ഓസീസ് ഇതിഹാസം ഷെയ്ന്‍ വോണും (708) മാത്രം. ടെസ്റ്റ് കരിയറില്‍ 40,037 പന്തുകളാണ് അദ്ദേഹം എറിഞ്ഞിട്ടുള്ളത്. ടെസ്റ്റ് ചരിത്രത്തില്‍ നാല്‍പ്പതിനായിരത്തിലേറെ പന്തുകളെറിഞ്ഞിട്ടുള്ള ഏക പേസര്‍. സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് പിന്നില്‍ (200) ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച താരവും ജിമ്മിയാണ്. റണ്ണപ്പിന്റെ കണക്കെടുത്താല്‍ ജിമ്മി ടെസ്റ്റില്‍ ഇന്നോളം ഓടിയിട്ടുള്ളത് 800 കിലോമീറ്ററിലേറെ ദൂരമാണ്.
Content Highlights: james anderson bid adieu to international cricket