കാള്‍സന് ലോകകിരീടം സമ്മാനിച്ച ഗെയിം 11

മൂന്ന് പോയിന്റുകള്‍ പിന്നില്‍ നില്‍ക്കുന്ന നെപ്പോമ്‌നിഷിക്ക് പതിനൊന്നാം ഗെയിം കളിക്കാനെത്തുമ്പോള്‍ വലിയ മാനസികസമ്മര്‍ദ്ദം അനുഭവപ്പെട്ടുകാണും എന്നതില്‍ സംശയമില്ല.
1935-ലെ ലോക ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ ലോകചാമ്പ്യന്‍ അലഖൈനെതിരെ 2-5 നും, 3-6 നും പിന്നിട്ടുനിന്നശേഷം ഡോക്ടര്‍ മാക്‌സ് ഈവ് പൊരുതി സ്‌കോര്‍ 7.5-7.5 എന്ന നിലയിലേക്ക് കൊണ്ടുവരികയും വീണ്ടും 8.5 - 10.5 എന്ന സ്‌കോറിലേക്ക് പിന്തള്ളപ്പെടുകയും അതിനുശേഷം ഉജ്വലമായ കുതിപ്പ് നടത്തി 14 - 12 എന്ന സ്‌കോറിന് മുന്നിലെത്തുകയും ഒടുവില്‍ 15.5 - 14.5 എന്ന സ്‌കോറിന് കിരീടം സ്വന്തമാക്കുകയും ചെയ്തത് പോരാട്ടവീര്യത്തിന്റെ അവിസ്മരണീയ മാതൃകയായിരുന്നു.
പക്ഷെ, മറ്റൊരു ഡോക്ടര്‍ ഈവ് ആയിമാറുക എന്നത് നപ്പോമ്‌നിഷിക്ക് എളുപ്പമല്ലായിരുന്നു. 1935-ല്‍ ഈവ് മൂന്ന് പോയിന്റുകള്‍ക്ക് പിന്തള്ളപ്പെട്ട സമയത്ത് 21 കളികള്‍ പിന്നേയും അവശേഷിച്ചിരുന്നു. മറ്റൊരു ഘടകം ആറും എട്ടും ഒമ്പതും ഗെയിമുകളില്‍ താന്‍ വരുത്തിയ വന്‍ പിഴവുകള്‍ നെപ്പോവിന്റെ ആത്മവിശ്വാസത്തെ വല്ലാതെ പിടിച്ചുകുലുക്കിക്കാണണം. മാത്രവുമല്ല അഞ്ച് ലോക ചെസ്സ് ചാംപ്യന്‍ഷിപ്പുകളില്‍ അതുവരെ കാള്‍സണ്‍ കളിച്ച 55 ക്ലാസിക്കല്‍ ഗെയിമുകളില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമേ അദ്ദേഹം പരാജയത്തിന്റെ രുചി അറിയുകയുണ്ടായുള്ളൂ എന്ന വസ്തുതയും ഒരു കാര്‍മേഘം പോലെ നെപ്പോയുടെ മനസ്സില്‍ നിലകൊണ്ടിട്ടുണ്ടാകാം.
വെള്ളക്കരുക്കള്‍ എടുത്ത് ആദ്യമായി നെപ്പോ ഒരു പുതിയ ഓപ്പണിങ് സമ്പ്രദായം തന്റെ ആവനാഴിയില്‍ നിന്ന് പുറത്തെടുത്തു. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ട്ടുഗീസ് കളിക്കാരന്‍ ഡാമിയാനോവിന്റെ കാലം മുതല്‍ എക്കാലത്തും ജനപ്രിയ ഓപ്പണിങ്ങായി നിലനിന്നിട്ടുള്ള ജ്വോക്കോ പിയാനോ അഥവാ ഇറ്റാലിയന്‍ ഗെയിം. പക്ഷെ ഈ പ്രാരംഭമുറ വെറും ആറ് തവണ മാത്രമേ ലോകചാമ്പ്യന്‍ഷിപ്പിന്റെ നീണ്ട 135 വര്‍ഷങ്ങളില്‍ പ്രത്യക്ഷപ്പെടുകയുണ്ടായുള്ളൂ. നെപ്പോവിന്റെ നീക്കങ്ങള്‍ക്കെതിരെ ശരിയായ മറുനീക്കങ്ങള്‍ കൊണ്ട് കാള്‍സണ്‍ പ്രതികരിച്ചു.
ഗെയിം 11
വൈറ്റ്: യാന്‍ നെപ്പോമ്‌നിഷി (റഷ്യ/ഫിഡെ)
ബ്ലാക്ക്: മാഗ്‌നസ് കാള്‍സണ്‍ (നോര്‍വേ)
1. e4 e5 2. Nf3 Nc6 3. Bc4
ഒന്നും മൂന്നും അഞ്ചും ഏഴും ഗെയിമുകളിൽ വെള്ളക്കരുക്കളെടുത്ത് റൂയ് ലോപ്പസ് ആന്റി മാർഷൽ വാരിയേഷനാണ് കാൾസണെതിരെ പ്രയോഗിച്ചത്. ഇപ്പോൾ അദ്ദേഹം റൂയ് ലോപ്പസിൽ നിന്നും ജ്വോക്കോ പിയാനോയിലേക്ക് ചുവടുമാറി.
3. … Nf6 4. d3
ജ്വോക്കോ പ്യാനിസിമോ എന്നാണ് ഈ വാരിയേഷന്റെ പേര്. ഇതിനു പകരം ഉടൻ d4 കളിക്കുക എന്ന ഉദ്ദേശ്യത്തോടെ 4. c3 കളിക്കുന്ന രീതി കുറേക്കൂടി തുറന്ന പൊസിഷനിലേക്ക് കളിയെ നയിക്കും.
4 ... Bc5 5. c3 d6 6. O-O a5 7. Re1 Ba7 8. Na3 h6 9. Nc2
ബ്ലാക്ക് നേരത്തേ തന്നെ പോണിനെ... a5 ലേക്ക് മുന്നോട്ടുതള്ളിയതിനാൽ 9. Nb5 കളിക്കാനുള്ള അവസരം നെപ്പോവിനുണ്ടായിരുന്നു. 9.Nb5 Bb6 10.Be3 Bxe3 11.Rxe3 കുറച്ചുകൂടി സജീവമായ അവസ്ഥ വൈറ്റിന് നൽകുമായിരുന്നു. e4 ലെ പോണിന് സംരക്ഷണം നൽകാനാവും എന്നതിനാൽ നൈറ്റിനു പകരം റൂക്ക് e3 കളത്തിൽ വരുന്നതാണ് അഭികാമ്യം.
9. … O-O 10. Be3
കഴിഞ്ഞ വർഷം കളിക്കപ്പെട്ട ഒരു ഗെയിം അല്പം വ്യത്യസ്തമായ രീതിയിലാണ് തുടർന്നത്: 10.a4 Ne7 11.d4 d5 12.exd5 exd4 13.d6 Nf5 14.Ncxd4 Nxd4 15.Nxd4 Qxd6 16.Nb5 1–0, Saric,I (2646) -Yankelevich,L (2461) Skalica 2020 - 39 നീക്കങ്ങളിൽ വൈറ്റ് വിജയിച്ചുവെങ്കിലും 16. ... Bxf2 +! 17. Kxf2 Qxh2 ബ്ലാക്കിന് നല്ല ആക്രമണസാദ്ധ്യതകൾ നൽകുന്നുണ്ട്.
10. ... Bxe3 11. Nxe3 Re8
ബ്ലാക്കിന്റെ ഉദ്ദേശ്യം വ്യക്തമാണ് . ഒന്ന്, തന്റെ ബിഷപ്പിനെ e6 ൽ കൊണ്ടുവരിക. രണ്ട്, തന്റെ നൈറ്റിനെ e7 വഴി നല്ല സ്ഥാനമായ g6 ൽ എത്തിക്കുക.
12. a4 Be6 13. Bxe6 Rxe6 14. Qb3 b6 15. Rad1 Ne7 16. h3 Qd7 17. Nh2 Rd8
കാൾസൺ തൻറെ പോണിനെ d5 ലേക്ക് തള്ളാനുള്ള ഒരുക്കങ്ങളാണ് നടത്തുന്നത്.
18. Nhg4 Nxg4
ഇവിടെ 18...Kh8? കളിക്കുന്നത് മഹാ അബദ്ധമാണ്. അപ്പോൾ 19.Nxf6 Rxf6 20.d4 കളിച്ചാൽ ബ്ലാക്ക് ബുദ്ധിമുട്ടിലാകും.
19. hxg4 d5! 20. d4!?
ഒറ്റനോട്ടത്തിൽ സങ്കീർണ്ണം എന്ന് തോന്നാമെങ്കിലും അധികം താമസിയാതെ കളമദ്ധ്യത്തിലെ 4 പോണുകളും നീക്കം ചെയ്യപ്പെടും. അതോടെ കളി സമനിലയിലേക്ക് നീങ്ങും.
20. … exd4 21. exd5 Re4!
ഇതാണ് ശരിയായ നീക്കം. 21...Nxd5 കളിച്ചാൽ 22.Rxd4 c5 23.Rd2 വൈറ്റ് വിജയിക്കും.
22. Qc2
സമനിലക്കുള്ള വ്യക്തമായ പാത 22.Rxd4 Rxd4 23.cxd4 Nxd5 24.Nxd5 Qxd5 25.Re8+ Kh7 26.Qc2+ g6 27.Rxd8 Qxd8 28.Qe4 ആയിരുന്നു.
22 … Rf4 23. g3??
ആത്മഹത്യാപരം! 23.Rxd4 Rxd4 24.cxd4 Nxd5 25.Nxd5 Qxd5 26.Qxc7 Qxd4 27.b3 കളിച്ച് നെപ്പോവിന് ഈ സന്ദഭത്തിലും ഡ്രോ കരസ്ഥമാക്കാമായിരുന്നു. പക്ഷെ .23 .. g3 തോൽവിയേറ്റുവാങ്ങുന്ന മോശം നീക്കമാണ്.
23 ... dxe3! 24. gxf4 Qxg4+ 25. Kf1 Qh3+ 26. Kg1Nf5
ഒരു അനായാസജയം കാൾസൺ ഈ സന്ദർഭത്തിൽ കാണാതെപോയി എന്നത് കൗതുകകരം തന്നെ: 26...exf2+! 27.Qxf2 Rd6! അടുത്ത് g6 മാരകമായ ചെക്ക്.
27. d6!?
നല്ല ഒരു ശ്രമം, പക്ഷെ ദൗർഭാഗ്യവശാൽ ഈ നീക്കം പരാജയം തടയുന്നില്ല.
27. … Nh4 28. fxe3 Qg3+ 29. Kf1 Nf3 30. Qf2 Qh3+!
30...Qxf2+? എന്ന പിഴവ് വരുത്തിയാൽ 31.Kxf2 Nxe1 32.dxc7! കളിച്ച് ജയിക്കുന്നത് വൈറ്റ് ആയിരിക്കും.
31. Qg2 Qxg2+ 32. Kxg2 Nxe1+ 33. Rxe1 Rxd6
ഒരു പോൺ കൂടുതലുള്ള റൂക്ക് എൻഡ് ഗെയിമിലേക്ക് കളി പ്രവേശിക്കുന്നു. ജയം നേടാനായി കാൾസൺ വളരെ കണിശതയോടെ കളിച്ചേ പറ്റൂ.
34. Kf3 Rd2 35. Rb1
മറ്റെന്തു ചെയ്യാൻ? 35.b4 കളിച്ചാൽ 35 . ... axb4 36.cxb4 Ra2 വൈറ്റിന് ഒരു പോൺ കൂടി നഷ്ടപ്പെടും.
35. … g6 36. b4 axb4 37. Rxb4
തന്റെ റൂക്കിനെ c4ൽ കൊണ്ടുവന്ന് c7 ലെ ബ്ലാക്ക് പോണിനെ ആക്രമിക്കുവാനും അപ്പോൾ ബ്ലാക്ക് ... b6 കളിക്കുന്നപക്ഷം തന്റെ പോണിനെ a5 ലേക്ക് കളിക്കുവാനുമാണ് നെപ്പോ ഉദ്ദേശിക്കുന്നത്. പക്ഷെ കാൾസന്റെ അടുത്ത നീക്കം ആ പദ്ധതികൾക്ക് വിരാമമിടുന്നു.
37. … Ra2 38. Ke4
Ke4–d5–c6–xc7–xb6 ഈ വിധം തന്റെ കിങ്ങിനെ സജീവമായി എൻഡ് ഗെയിമിൽ ഉപയോഗിക്കുവാൻ നെപ്പോ ഉദ്ദേശിക്കുന്നു. പക്ഷെ ബ്ലാക്കിന്റെ h പോൺ വേഗത്തിൽ മുന്നേറും.
38. … h5 39. Kd5 Rc2
39...h4 കുറേക്കൂടി വേഗത്തിൽ ബ്ലാക്കിന് ജയം നേടിത്തരുമായിരുന്നു. 40.f5 (40.Kc6 കളിക്കുകയാണെങ്കിൽ 40. ... h3 41.Kxc7 h2 42.Rb1 f6 ബ്ലാക്ക് ജയിക്കും) 40...h3 41.Rh4 h2 അടുത്തതായി ബ്ലാക്കിന്റെ g പോൺ മുന്നേറുകയും ബ്ലാക്ക് അനായാസം ജയിക്കുകയും ചെയ്യും.
40. Rb3 h4 41. Kc6 h3 42. Kxc7 h2 43. Rb1 Rxc3+ 44. Kxb6 Rb3+ 45. Rxb3 h1=Q 46. a5 Qe4 47. Ka7 Qe7+ 48. Ka8 Kg7 49. Rb6
49.a6 കളിച്ചാൽ 49. … Qe6!
49. … Qc5 (50.Ra6 Qb5) 0–1
കൂടുതൽ ചെറുത്തുനിൽപ്പ് വിഫലം എന്ന് മനസ്സിലാക്കി നെപ്പോ പരാജയം സമ്മതിച്ചു. അങ്ങനെ തുടർച്ചയായ അഞ്ചാം തവണയും മാഗ്നസ് കാൾസൺ ലോകകിരീടജേതാവായി.
Content Highlights: game 11 that wins magnus carlsen 5th world championship title
Content Highlights: