കാല്‍പന്തുകളിയിലെ പച്ചവസന്തം

ഷോട്ടുകളുടെ എണ്ണം 28 - 1, പാസുകളുടെ എണ്ണം 623 - 211, ബോള്‍ പൊസഷന്‍ 76 - 24...എതിരാളിയെ നിഷ്പ്രഭമാക്കുന്ന കണക്കുകള്‍ തെളിയുമ്പോള്‍ അല്‍ റയ്യാനിലെ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ സൗദി ആരാധകര്‍ സീറ്റുകളില്‍ ഇരുന്നിരുന്നില്ല. കിര്‍ഗീസ് റിപ്പബ്ലിക്കിനെതിരെ 2 - 0 ജയം നേടിയ മത്സരത്തില്‍ സൗദി അറേബ്യയുടെ ആരാധകര്‍ ഗാലറിയില്‍ തീര്‍ത്ത പച്ച വസന്തത്തിന് ലോക ഫുട്ബോളിന്റെ മാറുന്ന മുഖത്തിന്റെ അടയാളങ്ങളെല്ലാമുണ്ടായിരുന്നു. കിര്‍ഗീസിനെതിരായ മത്സരത്തിലും അതിന് മുമ്പ് ഒമാനെതിരായ മത്സരത്തിലും സൗദി അറേബ്യയുടെ ജയത്തേക്കാള്‍ ഉപരി ശ്രദ്ധേയമായത് അവരുടെ ആരാധകരുടെ വരവും ഗാലറിയിലെ പ്രകടനവുമായിരുന്നു. യൂറോപ്യന്‍ ലീഗുകളെ വെല്ലുന്ന രീതിയില്‍ ആവേശം നിറയുന്ന ആരാധകക്കൂട്ടായ്മയെ സൃഷ്ടിക്കാന്‍ സൗദിക്ക് കഴിയുന്നുവെന്നതിന്റെ അടയാളമായിരുന്നു ആ ഗാലറിയില്‍ കണ്ടത്. മത്സരത്തിന്റെ ഭൂരിപക്ഷം സമയത്തും എഴുന്നേറ്റ് നിന്ന് സ്വന്തം ടീമിനെ പ്രോല്‍സാഹിപ്പിക്കുകയായിരുന്നു സൗദി ആരാധകര്‍.
ഫുട്ബോള്‍ ക്രിക്കറ്റിനേക്കാള്‍ ആവേശകരമാകുന്നത് 90 മിനിറ്റ് നേരത്ത് കളിക്കൊപ്പം ആരാധകര്‍ തീര്‍ക്കുന്ന പ്രകടനങ്ങളാണ്. അത് തിരിച്ചറിഞ്ഞ് അടിമുടി മാറിയ സൗദി ആരാധകരെയാണ് ഖത്തറിലെ കളിമുറ്റങ്ങളില്‍ കണ്ടത്. സൗദി പ്രോ ലീഗിലെ കളിയില്‍ വന്ന മാറ്റമാണ് ആരാധകരിലും കാണുന്നതെന്നാണ് അവിടെ നിന്നെത്തിയവര്‍ പറയുന്നത്. ''ലോക ക്ലബ്ബ് ഫുട്‌ബോളിന്റെ ഈറ്റില്ലം യൂറോപ്പ് തന്നെയാണെന്നതില്‍ സംശയമൊന്നുമില്ല. യൂറോപ്പിലെ ടോപ് ഫുട്ബോള്‍ ലീഗുകളെ വെല്ലാന്‍ ലോകത്ത് ഒരു ലീഗും പിറന്നിട്ടുമില്ല. ലോകത്തിലെ ഒന്നാം നമ്പര്‍ താരങ്ങളെയെല്ലാം സ്വന്തമാക്കിയാണ് യൂറോപ്പ് ഫുട്‌ബോള്‍ ലോകത്തെ രാജാക്കന്‍മാരായത്. ലാറ്റിന്‍ അമേരിക്കയിലെയും ഏഷ്യയിലെയും ലീഗുകള്‍ക്ക് തലപൊക്കാന്‍ കഴിയാത്ത വിധമായിരുന്നു യൂറോപ്പിലെ ലീഗുകളുടെ വളര്‍ച്ച. എന്നാല്‍ ഇതിന് കടിഞ്ഞാണിടാനാണ് സൗദി പ്രോ ലീഗിന്റെ ശ്രമം. മുമ്പ് അമേരിക്കയിലെ മേജര്‍ ലീഗ് യൂറോപ്പിനെ വെല്ലാന്‍ ഒരു ശ്രമം നടത്തിയിരുന്നത് നിങ്ങള്‍ ഓര്‍ക്കുന്നില്ലേ. അന്ന് യൂറോപ്പിലെ പ്രമുഖ താരങ്ങളായ ഡേവിഡ് ബെക്കാം, തിയറി ഹെന്ററി, വെയ്ന്‍ റൂണി എന്നിവരെയെല്ലാം അമേരിക്കന്‍ ലീഗില്‍ എത്തിച്ചിരുന്നു. ഒടുവില്‍ സാക്ഷാല്‍ ലയണല്‍ മെസ്സിയെയും അവര്‍ സ്വന്തമാക്കി. അതുപോല സൗദി ലോക ഫുട്‌ബോളിന്റെ ശ്രദ്ധാകേന്ദ്രമായത് കഴിഞ്ഞ സീസണില്‍ ലോക ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കിയാണ്. അല്‍ നസര്‍ ലോക റെക്കോഡ് തുക നല്‍കിയാണ് ക്രിസ്റ്റ്യാനോയെ ഞങ്ങളുടെ ടീമിലെത്തിച്ചത്. റൊണാള്‍ഡോ സൗദിയിലെത്തിയതോടെ സൗദി പ്രോ ലീഗിന്റെ കാഴ്ചക്കാരുടെ എണ്ണം നാലിരട്ടിയാണ് വര്‍ധിച്ചിരിക്കുന്നത്. ലോകം മുഴുവന്‍ സൗദി പ്രോ ലീഗിന് ഇപ്പോള്‍ ആരാധകരരുണ്ടായിരിക്കുന്നു.'' മീഡിയ സെന്ററില്‍ പരിചയപ്പെട്ട സൗദി മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞ വാക്കുകളില്‍ മാറുന്ന സൗദി ഫുട്ബോളിന്റെ മുഖമത്രയും തെളിഞ്ഞു.
ക്രിസ്റ്റ്യാനോ വരുന്നത് അല്‍ നസറിന് വേണ്ടി മാത്രമല്ലെന്നും സൗദി അറേബ്യയെ ലോക ഫുട്‌ബോളിന്റെ സിരാകേന്ദ്രമാക്കാന്‍ വേണ്ടിയാണെന്നും നേരത്തെ തന്നെ സൗദി പ്രോ ലീഗ് അധികൃതര്‍ പറഞ്ഞിരുന്നു. അന്ന് ഈ വാക്കിനെ ചിരിച്ചു തള്ളിയവര്‍ ഇന്ന് ഞെട്ടിയിരിക്കുകയാണ്. ക്രിസ്റ്റ്യാനോ എന്ന താരത്തെ ഒരു ബ്രാന്‍ഡ് ആക്കുന്നതില്‍ സൗദി വിജയിച്ചിരിക്കുന്നു. സൗദി പ്രോ ലീഗ് ഇന്ന് ലോക ഫുട്‌ബോളില്‍ പിന്തള്ളാന്‍ പറ്റാത്ത ശക്തിയാവാന്‍ കുതിക്കുകയാണ്. അതിന്റെയെല്ലാം ആവേശം ഉള്‍ക്കൊള്ളുന്ന ആരാധകക്കൂട്ടത്തെയും സൃഷ്ടിക്കാന്‍ സൗദിക്ക് കഴിഞ്ഞിരിക്കുന്നുവെന്നതിന്റെ അടയാളങ്ങളാണ് ഈ ഏഷ്യന്‍ കപ്പ് മുന്നോട്ട് വെക്കുന്ന പ്രധാന കാഴ്ചകളിലൊന്ന്.
സൗദിയിലെ ശതകോടീശ്വരന്‍മാര്‍ കോടികള്‍ പുഷ്പം പോലെ എറിഞ്ഞാണ് ലോകത്തിലെ മികച്ച താരങ്ങളെ സ്വന്തമാക്കുന്നത്. മെസ്സിയ്ക്കായി വലവിരിച്ചത് വിഫലമായെങ്കിലും സൗദി ഭീമന്‍മാര്‍ പിന്നോട്ടില്ലെന്നാണ് അവരുടെ ബോഡി ലാംഗ്വേജ് വ്യക്തമാക്കുന്നത്. അവരുടെ ലക്ഷ്യം യൂറോപ്പിലെ ടോപ് ലീഗുകളെ വീഴ്ത്തണമെന്നതാണ്. നിലവില്‍ ലോകത്തിലെ മുന്‍ നിര ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ സിറ്റി, ന്യൂകാസില്‍ യുണൈറ്റഡ് എന്നിവയുടെയെല്ലാം ഉടമകള്‍ സൗദി ശതകോടീശ്വരന്‍മാരാണ്. ലോക ഫുട്‌ബോളിനെ കൈപിടിയിലൊതുക്കാന്‍ തന്നെയാണ് സൗദിയുടെ ശ്രമമെന്നത് ഏഷ്യയെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ കാര്യമാണ്. കാരണം ഈ ശ്രമത്തില്‍ സൗദി ജയിക്കുമ്പോള്‍ ഏഷ്യന്‍ ഫുട്‌ബോളും ലോകത്തിന്റെ നെറുകെയിലേക്ക് ഉയരുകയാണ്.
Content Highlights: afc asian cup saudi arabia