വിവാഹമോചനത്തിനു ശേഷം മദ്യപാനം അതിരുവിട്ടു, പാനിക്ക് അറ്റാക്ക് വന്നു; ജീവിതത്തിലെ തിരിച്ചടികളെ കുറിച്ച് ചാഹൽ

മുംബൈ: ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരത്തെ തിരഞ്ഞാൽ ലഭിക്കുന്ന പേര് യുസ്വേന്ദ്ര ചാഹലിന്റേതാണ്. ജസ്പ്രീത് ബുംറ, സുനിൽ നരെയ്ൻ, ആർ. അശ്വിൻ, ലസിത് മലിംഗ എന്നിവരെല്ലാമടങ്ങിയ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന താരം. 188 ഐപിഎൽ മത്സരങ്ങളിൽ നിന്നായി 233 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട് ചാഹൽ. ഇപ്പോഴിതാ തന്റെ ക്രിക്കറ്റ് കരിയറിലെയും വ്യക്തിജീവിതത്തിലെയും കഠിനമായ പോരാട്ടങ്ങളെക്കുറിച്ച് തുറന്നുപറച്ചിൽ നടത്തിയിരിക്കുകയാണ് താരം. മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുമായുള്ള പോഡ്കാസ്റ്റിലാണ് 36-കാരനായ ചാഹൽ തന്റെ ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറഞ്ഞത്.
ഐപിഎൽ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതാണെങ്കിലും, 72 ഏകദിനങ്ങളും 80 ട്വന്റി20 മത്സരങ്ങളും കളിച്ച ചാഹലിന് ഇതുവരെ ഒരു ടെസ്റ്റ് മത്സരം പോലും കളിക്കാൻ അവസരം ലഭിച്ചിട്ടില്ല. മദ്യപാന ആസക്തി, വിവാഹമോചനം, പൊതുജനമധ്യത്തിലെ വിമർശനങ്ങൾ തുടങ്ങിയ വലിയ വ്യക്തിപരമായ പ്രതിസന്ധികളിലൂടെയാണ് താരം കടന്നുപോയത്.
വിവാഹ മോചനത്തിനു ശേഷം മദ്യപാനം എല്ലാ അതിരുകളും ലംഘിച്ചതോടെയാണ് അത് അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് ചാഹൽ വ്യക്തമാക്കി. തുടർന്ന് 26 ദിവസം ഒരു പുനരധിവാസ കേന്ദ്രത്തിൽ (റിഹാബ് സെന്റർ) താമസിച്ച് ചികിത്സ തേടി. ഈ തീരുമാനം തന്റെ വ്യക്തിജീവിതത്തിലും വൈകാരിക സന്തുലിതാവസ്ഥയിലും വലിയ മാറ്റമുണ്ടാക്കിയെന്നും, കഴിഞ്ഞ ഐപിഎല്ലിൽ തന്റെ ശരീരത്തിന് 30 വയസിന്റെ ഊർജ്ജവും ഫിറ്റ്നസും അനുഭവപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2011-ൽ ഐപിഎൽ കളിച്ചു തുടങ്ങിയ കാലത്ത് പാർട്ടികളിലൂടെയാണ് മദ്യപാനം ആരംഭിച്ചതെന്നും, ജീവിതത്തിൽ സന്തുലിതാവസ്ഥ ആവശ്യമാണെന്ന് എബി ഡി വില്ലിയേഴ്സ് ഉപദേശിച്ചിരുന്നുവെന്നും ചാഹൽ ഓർത്തെടുത്തു. എന്നാൽ വിവാഹമോചനത്തിനു ശേഷം മാനസികാവസ്ഥ മോശമാവുകയും മദ്യപാനം അമിതമാവുകയും ചെയ്തതോടെ, ക്രിക്കറ്റ് കരിയർ നശിക്കുമെന്ന് ഭയന്നാണ് മദ്യപാനം പൂർണമായി ഉപേക്ഷിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
വ്യക്തിജീവിതത്തിലെ പ്രതിസന്ധികൾ പൊതുസമൂഹത്തിൽ ചർച്ചയായത് തന്റെ ക്രിക്കറ്റിനെയും ബാധിച്ചിരുന്നുവെന്ന് ചാഹൽ വെളിപ്പെടുത്തി. തന്റെ പ്രകടനം മോശമായി ടീമിന് തിരിച്ചടിയാവാതിരിക്കാൻ രണ്ട് വൈറ്റ്-ബോൾ മത്സരങ്ങൾക്ക് ശേഷം ടി20 മത്സരങ്ങളിൽ നിന്ന് മാറിനിന്ന താരം, ടീമിൽ നിന്ന് ഇടവേള വേണമെന്ന് അനിരുദ്ധ് സാറിനോട് (ബിസിസിഐ ട്രഷററായിരുന്ന അനിരുദ്ധ് ചൗധരി) അഭ്യർഥിക്കുകയും അദ്ദേഹം അത് പിന്തുണയ്ക്കുകയും ചെയ്തു. ഈ കാലയളവിൽ ഉത്കണ്ഠയും (Anxiety) പാനിക് അറ്റാക്കുകളും (Panic attacks) നേരിടേണ്ടി വന്നതായും ചാഹൽ പറഞ്ഞു. പാനിക് അറ്റാക്ക് വരുമ്പോൾ ഹൃദയമിടിപ്പ് കൂടുകയും, മുഖം ചുരുങ്ങി ചുണ്ടുകൾ ഒരു വശത്തേക്ക് വലിഞ്ഞ് സംസാരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയുണ്ടാവുകയും ചെയ്തിരുന്നു.
കഠിനമായ ഈ സമയത്ത് കുടുംബവും അടുത്ത സുഹൃത്തുക്കളുമാണ് തനിക്ക് കൂട്ടായി ഉണ്ടായിരുന്നതെന്ന് അദ്ദേഹം ഓർത്തെടുത്തു. സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾ അവഗണിച്ച് പുതിയൊരു തുടക്കം കുറിക്കാൻ പിന്നീട് തീരുമാനിക്കുകയായിരുന്നു. ഐപിഎല്ലിൽ പഞ്ചാബ് കിങ്സ് 18 കോടി രൂപയ്ക്ക് തന്നെ ടീമിലെടുത്തപ്പോൾ അവരുടെ വിശ്വാസം കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം തനിക്കുണ്ടായിരുന്നുവെന്ന് താരം കൂട്ടിച്ചേർത്തു. കെകെആറിനെതിരെ 111 റൺസ് പ്രതിരോധിച്ച മത്സരത്തിൽ ടീമിനായി നിർണായക പ്രകടനം പുറത്തെടുക്കാൻ സാധിച്ച കാര്യവും അദ്ദേഹം പങ്കുവെച്ചു. ഐപിഎൽ 2025 സീസണിൽ 16 വിക്കറ്റുകളും 2026 സീസണിൽ 12 വിക്കറ്റുകളും ചാഹൽ സ്വന്തമാക്കി.
Content Highlights: Yuzvendra Chahal discussed his personal struggles, including divorce and heavy drinking., Spent 26 days in a rehabilitation center to overcome alcohol addiction., Suffered from severe anxiety and panic attacks during tough times., Took a break from T20 cricket to regain mental stability., Made a strong comeback in the IPL with Punjab Kings.