'സഞ്ജു, നീയാണ് യഥാർഥ ടീം മാൻ'- അഭിനന്ദനവുമായി യുവരാജ് സിങ്

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
സഞ്ജു സാംസണ്‍ | Photo: PTI
സഞ്ജു സാംസണ്‍ | Photo: PTI

വെല്ലിങ്ടൺ: ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി 20യിൽ സഞ്ജു സാംസണെ മൂന്നാം സ്ഥാനത്തേക്ക് ഇറക്കിയാണ് വൈഭവ് സൂര്യവംശിയെ ഓപ്പണറായി പരീക്ഷിച്ചത്. വൈഭവും അഭിഷേക് ശർമയും ചേർന്ന് ഇന്ത്യക്ക് വൻ വിജയമൊരുക്കുകയും ചെയ്തു. ഇതിന് പിന്നാലെ സഞ്ജുവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുൻതാരം യുവരാജ് സിങ്.

മൂന്നാം നമ്പറിൽ കളിച്ച് ഒരു യഥാർഥ ടീം മാൻ ആയി മാറിയ സഞ്ജുവിന് ബിഗ് സല്യൂട്ട് എന്നാണ് യുവരാജ് എക്‌സിൽ കുറിച്ചത്. ഇതിനൊപ്പം വൈഭവിനേയും അഭിഷേകിനേയും യുവരാജ് അഭിനന്ദിക്കുകയും ചെയ്തു.

199 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്കായി പവർ പ്ലേയിൽ റെക്കോർഡ് സ്‌കോറാണ് വൈഭവും അഭിഷേകും കണ്ടെത്തിയത്. ആദ്യ ഓവറിൽ തന്നെ 26 റൺസ് പിറന്നു. അഞ്ച് ഓവറിനുള്ളിൽ ഇന്ത്യയുടെ സ്‌കോർ 100 കടന്നു. എട്ടാം ഓവറിലെ ആദ്യ പന്തിൽ പുറത്താകുമ്പോൾ വൈഭവ് 19 പന്തിൽ 45 റൺസ് നേടിയിരുന്നു. മൂന്നാമനായി ഇറങ്ങിയ സഞ്ജു 13 പന്തിൽ 18 റൺസാണെടുത്തത്.

Content Highlights: Yuvraj Singh called Sanju Samson a true team man for batting at number three., Vaibhav Suryavanshi and Abhishek Sharma opened the innings for India against New Zealand., India chased down the 199-run target with a record powerplay score.