‘ടീമിനെ മിസ്സ്ചെയ്യുന്നു,മാറ്റിനിർത്തിയത് എന്തിനെന്നറിയില്ല’; ദയാലിനെതിരേ RCB നടപടി അറസ്റ്റ് ഭയന്നോ?

#സ്പോർട്സ് ഡെസ്ക്ക്
യഷ് ദയാൽ | AP
യഷ് ദയാൽ | AP

ബെംഗളൂരു: ഐ.പി.എൽ. സീസണിൽനിന്ന് വിട്ടുനിന്നത് സ്വന്തം ഇഷ്ടപ്രകാരമായിരുന്നില്ലെന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പേസർ യഷ് ദയാൽ. സീസണിൽനിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം അധികൃതരുടേതായിരുന്നു. ഇതിന്റെ കൃത്യമായ കാരണം തനിക്കറിയില്ല. പുറത്തിരുന്ന് ടെലിവിഷനിൽ ടീമിന്റെ മത്സരങ്ങൾ കാണുമ്പോൾ വിഷമം വരുമെന്നും ദയാൽ 'ടോക്ക് വിത്ത് മാനവേന്ദ്ര' എന്ന യുട്യൂബ് ചാനലിലെ അഭിമുഖത്തിൽ പറഞ്ഞു.

തന്നെ പുറത്താക്കിയിട്ടില്ല. താനൊരു പ്രധാന താരമാണെന്ന് ടീം വിശ്വസിക്കുന്നതുകൊണ്ടാകം ഇപ്പോഴും തനിക്ക് പകരക്കാരനെ കണ്ടെത്താൻ ശ്രമിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ടീമിനെ മിസ്സ് ചെയ്യുന്നുണ്ട്. ടീമിന് തന്നെ മിസ്സ് ചെയ്യുന്നുണ്ടോ എന്നറിയില്ല. മത്സരിക്കുന്നില്ലെങ്കിലും ടീം മാനേജ്‌മെന്റുമായും ദിനേഷ് കാർത്തിക്കിനെപ്പോലെയുള്ള താരങ്ങളുമായും ഇപ്പോഴും ബന്ധം പുലർത്തുന്നുണ്ടെന്നും ദയാൽ പറഞ്ഞു.

ആർ.സി.ബി. ആദ്യമായി ഐ.പി.എൽ. കിരീടം നേടിയ കഴിഞ്ഞ സീസണിൽ ടീമിലെ പ്രധാന താരമായിരുന്നു അദ്ദേഹം. എന്നാൽ ഈ സീസണിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ, വ്യക്തിപരമായ ചില സാഹചര്യങ്ങൾ കാരണം യഷ് ദയാൽ ഇത്തവണ കളിക്കില്ലെന്ന് ആർ.സി.ബി. ക്രിക്കറ്റ് ഡയറക്ടർ മോ ബോബറ്റ് അറിയിച്ചിരുന്നു. ഇത് ദയാലിന്റെയും ടീമിന്റെയും നന്മയ്ക്ക് വേണ്ടിയാണെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്തുവെന്നാരോപിച്ച് ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ദയാലിനെതിരെ കേസുണ്ട്. ഈ കേസിൽ അലഹാബാദ് ഹൈക്കോടതിയിൽനിന്ന് അദ്ദേഹത്തിന് അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സംരക്ഷണം ലഭിച്ചിരുന്നു. എന്നാൽ, ജയ്പുരിൽ രജിസ്റ്റർചെയ്ത മറ്റൊരു പോക്‌സോ കേസിൽ രാജസ്ഥാൻ ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഇത്തരം സംരക്ഷണം ലഭിച്ചില്ല. പോക്‌സോ കേസാണെന്ന ഗൗരവം കണക്കിലെടുത്താണ് നടപടി.

ജയ്പൂരിലെ സാംഗനീർ സദർ പോലീസ് സ്റ്റേഷനിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്തിരിക്കുന്നത്. ജയ്പൂരിൽ നടന്ന ഒരു ഐ.പി.എൽ. മത്സരത്തിനിടെയാണ് ദയാലിനെ പരിചയപ്പെട്ടതെന്നും തുടർന്നുള്ള രണ്ടുവർഷക്കാലം താൻ ലൈംഗിക പീഡനത്തിനിരയായെന്നുമാണ് പെൺകുട്ടിയുടെ ആരോപണം. ക്രിക്കറ്റ് കരിയറിൽ സഹായിക്കാമെന്ന് വാഗ്ദാനംനൽകി തന്നെ വൈകാരികമായി ചൂഷണം ചെയ്തതായും പെൺകുട്ടി പരാതിയിൽ പറയുന്നു. ഈ നിയമപ്രശ്‌നങ്ങൾ കാരണം കഴിഞ്ഞ വർഷം നടന്ന യു.പി. ടി20 ലീഗിലും ദയാലിന് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഗോരഖ്പൂർ ലയൺസ് 7 ലക്ഷം രൂപയ്ക്കായിരുന്നു അന്ന് താരത്തെ ടീമിലെടുത്തിരുന്നത്.