ആദ്യ പന്തില്‍ വിക്കറ്റോടെ അരങ്ങേറ്റം; 85 വര്‍ഷത്തിനിടെ വിന്‍ഡീസ് ക്രിക്കറ്റില്‍ ആദ്യം

Photo: AP
Photo: AP

അഡ്ലെയ്ഡ്: വെസ്റ്റിന്‍ഡീസിനായുള്ള ടെസ്റ്റ് അരങ്ങേറ്റം സ്വപ്‌നതുല്യമായതിന്റെ ത്രില്ലിലാണ് പേസര്‍ ഷമാര്‍ ജോസഫ്. അരങ്ങേറ്റ ടെസ്റ്റില്‍ ചുവന്ന തുകല്‍ പന്ത് കൈയിലെടുത്ത് എറിഞ്ഞ ആദ്യ പന്തില്‍ തന്നെ വിക്കറ്റ്. അതും ടെസ്റ്റില്‍ ഏറ്റവും സാങ്കേതികത്തികവുള്ള താരങ്ങളില്‍ ഒരാളായ ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിന്റെ.

ഡേവിഡ് വാര്‍ണര്‍ വിരമിച്ച ശേഷം ടെസ്റ്റ് ഓപ്പണറായുള്ള സ്മിത്തിന്റെ അരങ്ങേറ്റം മറ്റൊരു അരങ്ങേറ്റക്കാരന്‍ പൊളിച്ചു. ടെസ്റ്റ് ക്രിക്കറ്റിലെ ഷമാറിന്റെ ആദ്യ പന്ത് തന്നെ പ്രതിരോധിക്കാന്‍ ശ്രമിച്ച സ്മിത്ത് പിഴച്ചു. ബാറ്റില്‍ തട്ടിയ പന്ത് നേരേ തേര്‍ഡ് സ്ലിപ്പ് ജസ്റ്റിന്‍ ഗ്രീവ്‌സിന്റെ കൈകളില്‍. വെറും 12 റണ്‍സില്‍ സ്മിത്തിന്റെ ഓപ്പണര്‍ അരങ്ങേറ്റം അവസാനിച്ചു.

അരങ്ങേറ്റ ടെസ്റ്റിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുത്ത് ഷമാര്‍ റെക്കോഡ് ബുക്കിലും പേരെഴുതി ചേര്‍ത്തു. 85 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു വിന്‍ഡീസ് ബൗളര്‍ അരങ്ങേറ്റ ടെസ്റ്റിന്റെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തുന്നത്. 1939-ല്‍ അരങ്ങേറ്റ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുത്ത ടൈറല്‍ ജോണ്‍സനാണ് ഷമാറിന് മുമ്പ് ഈ നേട്ടം കൈവരിച്ച താരം. ടെസ്റ്റ് ചരിത്രത്തില്‍ വിക്കറ്റ് വീഴ്ത്തിക്കൊണ്ട് അരങ്ങേറുന്ന 23-ാമത്തെ ബൗളര്‍ കൂടിയാണ് ഷമാര്‍ ജോസഫ്.

സ്മിത്തിനു പിന്നാലെ മാര്‍നസ് ലബുഷെയ്‌നെയും പുറത്താക്കി ഷമാര്‍ ഓസീസിന് അടുത്ത പ്രഹരവുമേല്‍പ്പിച്ചു. നേരത്തേ ഒന്നാം ഇന്നിങ്‌സില്‍ 188 റണ്‍സിന് ഓള്‍ഔട്ടായ വിന്‍ഡീസിനായി 41 പന്തില്‍ 36 റണ്‍സെടുക്കാനും ഷമാറിനായി.

Content Highlights: west indies debutant equals 85 year old record With first ball wicket