ജൂലന്‍ ഗോസ്വാമിയുടെ പന്തില്‍ രാഹുലിന്റെ കവര്‍ഡ്രൈവ്, വൈറലായി വീഡിയോ

ബെംഗളൂരു: കെ.എല്‍.രാഹുലും ജൂലന്‍ ഗോസ്വാമിയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അവിഭാജ്യഘടകങ്ങളാണ്. രാഹുല്‍ പുരുഷക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുമ്പോള്‍ ജൂലന്‍ വനിതാക്രിക്കറ്റിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളറാണ്. ഇരുവരും ഒന്നിച്ച് ഒരു ഗ്രൗണ്ടിലിറങ്ങിയാലോ? അത്തരത്തിലൊരു അപൂര്‍വ മുഹൂര്‍ത്തത്തിന് വേദിയായിരിക്കുകയാണ് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി.
ഇരുതാരങ്ങളും പരിശീലനത്തിനായും ഫിറ്റ്‌നസ് തെളിയിക്കുന്നതിനായും ക്രിക്കറ്റ് അക്കാദമിയില്‍ കുറച്ചുദിവസങ്ങളായി കഠിനപരിശീലനത്തിലാണ്. പരിശീലനത്തിനിടെ അപൂര്‍വമായ ഒരു കാഴ്ചയ്ക്ക് ക്രിക്കറ്റ് അക്കാദമിയിലെ നെറ്റ്‌സ് സാക്ഷ്യം വഹിച്ചു. ജൂലന്‍ ഗോസ്വാമിയുടെ അതിവേഗ പന്തുകളെ രാഹുല്‍ നേരിടുന്നു. ഈ രംഗം ഒരു ആരാധകന്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.
ജൂലന്റെ അതിവേഗ പന്തുകളെ രാഹുല്‍ നന്നായി തന്നെ നേരിട്ടു. ജൂലന്‍ രണ്ട് പന്തുകളെറിയുന്നതാണ് വീഡിയോയിലുള്ളത്. ആദ്യ പന്തില്‍ രാഹുല്‍ കവര്‍ ഡ്രൈവ് ഷോട്ട് കളിച്ചപ്പോള്‍ രണ്ടാം പന്തില്‍ താരം ബാക്ക് ഫൂട്ടില്‍ നിന്ന് കട്ട് ഷോട്ട് കളിച്ചു. ഈ വീഡിയോ ചുരുങ്ങിയ നിമിഷം കൊണ്ടുതന്നെ വൈറലായി.
ഐ.പി.എല്ലിന് ശേഷം ഹെര്‍ണിയ രോഗത്തിന്റെ പിടിയിലായ രാഹുല്‍ ജര്‍മനിയില്‍ ശസ്ത്രക്രിയ നടത്തിയശേഷം വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചുവരികയാണ്. ഫിറ്റ്‌നെസ് വീണ്ടെടുത്ത് ഇന്ത്യന്‍ ടീമില്‍ ഇടം നേടാനായാണ് താരം പരിശീലനത്തില്‍ ഏര്‍പ്പെട്ടത്.
ജൂലന്‍ ഫിറ്റ്‌നെസ് തെളിയിക്കുന്നതിനായാണ് അക്കാദമിയിലെത്തിയത്. 2022 കോമണ്‍വെല്‍ത്ത് ഗെയിംസിനായുള്ള വനിതാ ക്രിക്കറ്റ് ടീമില്‍ ജൂലന്‍ ഇടം നേടിയിട്ടില്ല. കോമണ്‍വെല്‍ത്തില്‍ ട്വന്റി 20 മത്സരങ്ങളാണ് നടക്കുന്നത്. ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്ന് ജൂലന്‍ നാലുവര്‍ഷം മുന്‍പ് വിരമിച്ചിരുന്നു.