റെക്കോഡ് കുറിച്ച് വൈഭവിന്റെ വെടിക്കെട്ട് സെഞ്ചുറി; പക്ഷേ കളി തോറ്റു | VIDEO

കൊൽക്കത്ത: കൗമാരതാരം വൈഭവ് സൂര്യവംശി സെഞ്ചുറി നേടിയിട്ടും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബിഹാറിന് തോൽവി. മഹാരാഷ്ട്ര മൂന്നുവിക്കറ്റിനാണ് ബിഹാറിനെ പരാജയപ്പെടുത്തിയത്. ബിഹാർ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ മഹാരാഷ്ട്ര മറികടന്നു. മഹാരാഷ്ട്രയ്ക്കായി പൃഥ്വി ഷാ അർധസെഞ്ചുറിയോടെ തിളങ്ങി.
ആദ്യം ബാറ്റുചെയ്ത ബിഹാറിനായി വെടിക്കെട്ട് ബാറ്റിങ്ങാണ് കൗമാരതാരം വൈഭവ് സൂര്യവംശി കാഴ്ചവെച്ചത്. പതിയെ തുടങ്ങിയ താരം പിന്നീട് കത്തിക്കയറുന്നതാണ് കണ്ടത്. 34 പന്തിൽ നിന്നാണ് താരം അർധെസഞ്ചുറി തികച്ചത്. അതിന് ശേഷം മഹാരാഷ്ട്ര ബൗളർമാരെ അടിച്ചുപറത്തിയ വൈഭവ് അതിവേഗം സെഞ്ചുറിയിലേക്ക് കുതിച്ചു. 58 പന്തിൽ നിന്നാണ് താരം സെഞ്ചുറി തികയ്ക്കുന്നത്. 61 പന്തിൽ നിന്ന് 108 റൺസെടുത്ത വൈഭവ് പുറത്താകാതെ നിന്നു. ഏഴുഫോറുകളും ഏഴു സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ചരിത്രത്തിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞതാരമെന്ന റെക്കോഡും വൈഭവ് സ്വന്തമാക്കി.
എന്നാൽ ബിഹാർ നിരയിൽ വൈഭവ് ഒഴികെ മറ്റാർക്കും കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. ബിപിൻ സൗരഭ്(4), പിയുഷ് സിങ്(7) എന്നിവർ നിരാശപ്പെടുത്തി. ആകാശ് രാജ് 30 പന്തിൽ നിന്ന് 26 റൺസെടുത്തപ്പോൾ ആയുഷ് ലൊഹാരുക 17 പന്തിൽ നിന്ന് 25 റൺസെടുത്തു. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 176 റൺസിന് ബിഹാർ ഇന്നിങ്‌സ് അവസാനിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മഹാരാഷ്ട്രയ്ക്കായി പൃഥ്വി ഷാ തിളങ്ങി. ഷാ 30 പന്തിൽ നിന്ന് 66 റൺസെടുത്തു. 11 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. നീരജ് ജോഷി(30), രഞ്ജീത് നിഖം(27), നിഖിൽ നായ്ക്(22) എന്നിവരുടെ ഇന്നിങ്‌സുകൾ മഹാരാഷ്ട്രയുടെ രക്ഷക്കെത്തി. അതോടെ അഞ്ചുപന്തുകൾ ശേഷിക്കേ ഏഴുവിക്കറ്റ് നഷ്ടത്തിൽ മഹാരാഷ്ട്ര ലക്ഷ്യത്തിലെത്തി.
Content Highlights: Vaibhav Suryavanshi creates world record with maiden century in Syed Mushtaq Ali Trophy