ധാംബുള്ളയിൽ സൂര്യതാപം: ത്രിരാഷ്ട്ര പരമ്പരയിൽ ശ്രീലങ്കൻ എ ടീമിനെ തോല്പിച്ച് ഇന്ത്യ എ ടീമിന് കിരീടം

ശ്രീലങ്ക എ ടീമിനെതിരേ വൈഭവ് സൂര്യവംശി ബാറ്റിങ്ങിൽ
ശ്രീലങ്ക എ ടീമിനെതിരേ വൈഭവ് സൂര്യവംശി ബാറ്റിങ്ങിൽ

ധാംബുള്ള: ധാംബുള്ളയിൽ ഞായറാഴ്ച താപനില 30 ഡിഗ്രിയായിരുന്നു. പക്ഷേ, 15-കാരനായ വൈഭവ് സൂര്യവംശിയുടെ ബാറ്റിൽനിന്നുയർന്ന താപം അതിന്റെ പത്തിരട്ടിയായി അനുഭവപ്പെട്ടു. 11 പന്തിൽ അർധസെഞ്ചുറി തികച്ച സൂര്യവംശിയുടെ കുതിപ്പിൽ, ലിസ്റ്റ് എ ക്രിക്കറ്റിലെ അതിവേഗ അർധസെഞ്ചുറിയെന്ന റെക്കോഡും കടപുഴകി. ശ്രീലങ്ക എ ടീമിനെതിരായ ഏകദിന ക്രിക്കറ്റിൽ ഇന്ത്യ എ ടീമിനുവേണ്ടിയാണ് സൂര്യവംശി റെക്കോഡിട്ടത്.

മത്സരത്തിൽ 66 റൺസിന് ജയിച്ച ഇന്ത്യ ത്രിരാഷ്ട്ര പരമ്പരയിലെ കിരീടവും സ്വന്തമാക്കി. സ്‌കോർ: ഇന്ത്യ എ 50 ഓവറിൽ 377/9, ശ്രീലങ്ക എ 47.1 ഓവറിൽ 311-ന് പുറത്ത്.

11 പന്തിൽ 50 തികച്ച വൈഭവ്, 29 പന്തിൽ 94 റൺസെടുത്ത് പുറത്തായി. ശ്രീലങ്കയുടെ കൗശല്യ വീരരത്നെ 2005ൽ 12 പന്തിൽ 50 റൺസെടുത്ത റെക്കോഡാണ് മറികടന്നത്. വൈഭവ് കളിയിലെ താരവുമായി.

കഴിഞ്ഞ മത്സരത്തിൽ വൈഭവിനെ പ്രകോപിപ്പിച്ച വിഷെൻ ഹലംബാഗെയ്ക്കുള്ള മറുപടികൂടിയായി ഈ ഇന്നിങ്‌സ്. അന്ന് സൂപ്പർ ഓവറിൽ ഇന്ത്യയെ തോൽപ്പിച്ചപ്പോൾ ലങ്കൻതാരം വൈഭവിനോട് 'ഇത് ഐ.പി.എൽ. പിച്ചല്ല...' എന്നു പറഞ്ഞത് കൈയാങ്കളിക്ക് ഇടയാക്കിയിരുന്നു.

മുഹമ്മദ് ഷിറാസ് എറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്ത് നേരിട്ടുകൊണ്ടായിരുന്നു വൈഭവിന്റെ തുടക്കം. അഞ്ച് ഫോറും അഞ്ചു സിക്സുമായി അർധസെഞ്ചുറി. 29 പന്തിൽ 94-ൽ എത്തി ഔട്ടാകുമ്പോൾ ഒടിയെടുത്തത് ആറു റൺസ് മാത്രം. സഹ ഓപ്പണർ പ്രിയാൻഷ് ആര്യയും (29 പന്തിൽ 39) വൈഭവും ചേർന്ന് 53 പന്തിൽ 132 റൺസെടുത്തു. ഋതുരാജ് ഗെയ്ക്ക്വാദ് (40), തിലക് വർമ (67), കുമാർ കുശാഗ്ര (36), അനുകൂൽ റോയ് (39). എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി.

ശ്രീലങ്കയുടെ വനുജ ഷാൻ (62), സധീര സമരവിക്രമ (52), സഹൻ അരാചിഗെ (38), വിജയകാന്ത് വൈശാഖ് (39) എന്നിവർ പിടിച്ചുനിന്നു. ഇന്ത്യയ്ക്കായി വിപ്രജ് നിഗമും യഷ് താക്കൂറും മൂന്നുവീതം വിക്കറ്റ് നേടി.

Content Highlights: Vaibhav Suryavanshi set a world record by scoring a 50 in just 11 balls., India A defeated Sri Lanka A by 66 runs to win the tri-series