15-ാം വയസിൽ ക്യാപ്റ്റൻ സ്ഥാനവും; വൈഭവ് സൂര്യവംശി വീണ്ടും റെക്കോഡ് ബുക്കിൽ

#സ്പോർട്സ് ഡെസ്ക്
വൈഭവ് സൂര്യവംശി | X.com/@BCCIdomestic
വൈഭവ് സൂര്യവംശി | X.com/@BCCIdomestic

ഇന്ദോർ: ടി20 ക്രിക്കറ്റിൽ റെക്കോഡ് നേട്ടവുമായി ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബിഹാറിന്റെ നായകനായി കളത്തിലിറങ്ങിയതോടെ പുരുഷ ടി20 ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായി വൈഭവ് മാറി. 15 വർഷവും 232 ദിവസവുമാണ് വൈഭവിന്റെ പ്രായം.

ക്രൊയേഷ്യൻ താരം സാക്ക് വുകുസിച്ചിന്റെ റെക്കോഡാണ് വൈഭവ് മറികടന്നത്. ദേശീയ ടീമിനെ നയിക്കുമ്പോൾ സാക്കിന്റെ പ്രായം 17 വർഷവും 311 ദിവസവുമായിരുന്നു. ഇതാണ് കൗമാരതാരം സ്വന്തം പേരിലാക്കിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സൗരാഷ്ട്രയ്‌ക്കെതിരേയാണ് വൈഭവും സംഘവും കളത്തിലിറങ്ങിയത്. മത്സരത്തിൽ പക്ഷേ വൈഭവിന് തിളങ്ങാനായില്ല. 12 പന്തിൽ നിന്ന് 18 റൺസെടുത്ത് താരം പുറത്തായി.

നേരത്തേ തന്നെ ബിഹാർ ടീമിന്റെ നേതൃസ്ഥാനത്തേക്ക് വൈഭവിനെ പരിഗണിച്ചിരുന്നു. രഞ്ജി ട്രോഫിയിലാണ് ബിഹാർ ടീം കൗമാരതാരത്തെ ഉപനായകനാക്കിയത്. പിന്നാലെ ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോണിന്റെ ഉപനായകനുമായി. വൈഭവിനെ പതിനഞ്ചാം വയസ്സിൽ തന്നെ നേതൃസ്ഥാനത്തേക്ക് പരിഗണിച്ചത് വൻ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മുൻ താരങ്ങളടക്കം ഈ നീക്കത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഒടുക്കം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ തന്നെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് ബിഹാർ ടീം ക്യാപ്റ്റൻ സ്ഥാനം തന്നെ വൈഭവിന് നൽകിയത്.

ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ ഉപനായകനാക്കിയതിൽ മുൻ താരം പ്രിയങ്ക് പഞ്ചാലും വിമർശിച്ചിരുന്നു. വൈഭവിനെ നേതൃനിരയിലേക്ക് കൊണ്ടുവരേണ്ടതില്ലായിരുന്നുവെന്നും ഇത് കൗമാരതാരത്തിന് അനാവാശ്യ സമ്മർദം ചെലുത്തുമെന്നുമാണ് പഞ്ചാൽ പറഞ്ഞത്. കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകുന്നതിലൂടെ വേഗത്തിൽ പക്വത ആർജിക്കുമെന്നാണ് കരുതുന്നതെന്നാണ് അന്ന് സെലക്ഷൻ കമ്മിറ്റി മെമ്പർ പ്രവഞ്ചൻ മല്ലിക് വിശദീകരിച്ചത്.

Content Highlights: Vaibhav Sooryavanshi became the youngest men's T20 captain at 15 years and 232 days.