ആദ്യദിനം കിട്ടിയത് നാലാം ദിനം തിരിച്ചുകൊടുത്ത് വൈഭവ്, വിട്ടുകൊടുക്കാതെ കൗമാരതാരം | VIDEO

ചെന്നൈ: ദുലീപ് ട്രോഫി ഫൈനലിൽ ദക്ഷിണ മേഖലയെ കീഴടക്കിയാണ് കിഴക്കൻ മേഖല കിരീടത്തിൽ മുത്തമിട്ടത്. മത്സരം സമനിലയിൽ കലാശിച്ചെങ്കിലും ഒന്നാമിന്നിങ്‌സ് ലീഡിന്റെ ബലത്തിലാണ് കിഴക്കൻ മേഖല ജേതാക്കളായത്. രണ്ട് ഇന്നിങ്‌സുകളിൽ നിന്നുമായി ആയിരത്തിലധികം റൺസാണ് കിഴക്കൻ മേഖല അടിച്ചെടുത്തത്. ഇപ്പോഴിതാ മത്സരത്തിനിടെയിലെ ഒരു വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാകുകയാണ്. ദക്ഷിണ മേഖല നായകൻ തിലക് വർമയെ വൈഭവ് സൂര്യവംശി സ്ലെഡ്ജ് ചെയ്യുന്നതാണ് വീഡിയോയിൽ.
മത്സരത്തിന്റെ നാലാം ദിനമാണ് സംഭവം. തിലക് വർമ ബാറ്റ് ചെയ്യുന്നതിനിടെ അടുത്തെത്തിയ വൈഭവ് ദക്ഷിണ മേഖല ക്യാപ്റ്റനെ സ്ലെഡ്ജ് ചെയ്യുകയായിരുന്നു. ആദ്യദിനം വൈഭവിനെ സ്ലെഡ്ജ് ചെയ്തതിന് പകരമായാണ് കൗമാരതാരത്തിന്റെ നീക്കം. എന്നാൽ തിലക് കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. അമ്പയറിനോട് തിലക് ഇക്കാര്യം സൂചിപ്പിച്ചു. അതോടെ വൈഭവ് വിശദീകരണവുമായി രംഗത്തെത്തി. ആദ്യ ഇന്നിങ്‌സിൽ എനിക്കും ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്ന് വൈഭവ് അമ്പയറിനോട് പറഞ്ഞു.
Pure drama in the #DuleepTrophy 2026 Final! 🍿#TilakVarma had a word for #VaibhavSooryavanshi in the 1st innings... and the youngster served it right back while Tilak was batting! 🔥🗣️ pic.twitter.com/DPdi3iwVRA
— Star Sports (@StarSportsIndia) September 10, 2026
മത്സരത്തിന്റെ ആദ്യദിനം തിലക് വർമയും വൈഭവും ചെറിയ തോതിൽ വാഗ്വാദത്തിൽ ഏർപ്പെട്ടിരുന്നു. വൈഭവ് ആക്രമിച്ച് കളിക്കുന്നതിനിടെ തിലക് വർമ പതിനഞ്ചുകാരനെ സ്ലെഡ്ജ് ചെയ്യുകയായിരുന്നു. വൈഭവിന്റെ അടുത്തെത്തിയ തിലക് വർമ കൗമാരതാരത്തെ പ്രകോപിപ്പിക്കാൻ ശ്രമിച്ചു. വൈസ് ക്യാപ്റ്റൻ എന്താണിതെന്ന് തിലക് വൈഭവിനോട് ചോദിച്ചു. ഇരുതാരങ്ങളും നേർക്കുനേർനിന്ന് സംസാരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. തിലകിന്റെ സംഭാഷണം സ്റ്റമ്പ് മൈക്ക് പിടിച്ചെടുത്തു. തിലകിന്റെ സ്ലെഡ്ജിങ്ങിന് പിന്നാലെ വൈഭവ് പുറത്താകുകയും ചെയ്തു.
ദക്ഷിണ മേഖലയ്ക്കെതിരായ ഫൈനൽ സമനിലയിൽ കാലശിച്ചതോടെ ഒന്നാമിന്നിങ്സ് ലീഡിന്റെ ബലത്തിലാണ് കിഴക്കൻ മേഖല ജേതാക്കളായത്. അഞ്ചാംദിനം കിഴക്കൻ മേഖല ഏഴുവിക്കറ്റ് നഷ്ടത്തിൽ 388 റൺസെന്ന നിലയിൽ നിൽക്കേ കളി അവസാനിപ്പിക്കാൻ ഇരുടീമുകളും ധാരണയിലെത്തുകയായിരുന്നു. സെഞ്ചുറിയുമായി എം.ഡി. ഖുറെയ്ഷി പുറത്താവാതെ നിന്നു. രണ്ട് ഇന്നിങ്‌സുകളിലുമായി ആയിരത്തിലധികം റൺസാണ് കിഴക്കൻ മേഖല അടിച്ചെടുത്തത്. കിഴക്കൻ മേഖല ആദ്യിന്നിങ്സിൽ 708 റൺസും രണ്ടാമിന്നിങ്സിൽ 388 റൺസുമെടുത്തു. ദക്ഷിണ മേഖലയാകട്ടെ ഒന്നാമിന്നിങ്സിൽ 336 റൺസിന് പുറത്തായി.
Content Highlights: Vaibhav Sooryavanshi sledges Tilak Varma on Day 4 of the Duleep Trophy final, Incident occurs at MA Chidambaram Stadium in Chennai, Sooryavanshi returns the favour after Tilak's sledging on Day 1