'ദാറ്റ് കിഡ് ഈസ് സംതിങ് സ്പെഷ്യൽ'; വൈഭവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞ മലയാളിയായ യുഎഇ ക്യാപ്റ്റൻ പറയുന്നു | Exclusive

കോഴിക്കോട്: റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പ് മത്സരത്തിൽ യുഎഇയ്ക്കെതിരേ ഇന്ത്യൻ താരം വൈഭവ് സൂര്യവംശിയുടെ റെക്കോഡ് പ്രകടനം കണ്ട് ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. സോഷ്യൽ മീഡിയയിലെങ്ങും വൈഭവ് തന്നെയാണ് പ്രധാന ചർച്ച. 50 ഓവറിൽ യുഎഇ എടുത്ത 249 റൺസ് മറികടക്കാൻ വൈഭവ് കത്തിക്കയറിയപ്പോൾ ഇന്ത്യയ്ക്ക് വേണ്ടിവന്നത് വെറും 14.2 ഓവറുകൾ മാത്രമാണ്. ജയത്തോടെ ഇന്ത്യ സെമിയിലേക്ക് മുന്നേറുകയും ചെയ്തു.
വൈഭവിന്റെ സിക്സർ നായാട്ടിന് ഇരയായ യുഎഇ ടീമിനെ നയിച്ചത് ഒരു മലയാളിയാണ്. കോഴിക്കോട് പന്നിയങ്കര സ്വദേശിയായ ബാസിൽ ഹമീദ്. ബാസിലിന്റെ പന്തിലാണ് വൈഭവ് ഇരട്ട സെഞ്ചുറി തികച്ചതും തൊട്ടടുത്ത പന്തിൽ പുറത്തായതും. വൈഭവിന്റെ ഇന്നിങ്സിനെ കുറിച്ചും മത്സരത്തെക്കുറിച്ചും മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുകയാണ് ബാസിൽ.
ക്യാപ്റ്റനെന്ന നിലയിൽ ഓർക്കാൻ ഇഷ്ടപ്പെടാത്ത മത്സരമായിരുന്നു എന്നായിരുന്നു ബാസിലിന്റെ ആദ്യ പ്രതികരണം. ''എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ തന്നെ സമയമെടുത്തു. വൈഭവിനെ തടയാൻ ഞങ്ങൾക്കു മുന്നിൽ യാതൊരു മാർഗവും ഉണ്ടായിരുന്നില്ല എന്ന് പറയുന്നത് തന്നെയാണ് സത്യം. ദാറ്റ് കിഡ് ഈസ് സംതിങ് സ്പെഷ്യൽ, ആ ഇന്നിങ്സ് തൊട്ടടുത്തു നിന്ന് കാണാൻ പറ്റി. തീർത്തും വ്യത്യസ്തനാണ് വൈഭവ്. ഇന്ത്യൻ നിരയിലെ അഭിഷേക് ശർമയടക്കം ഉണ്ടായിരുന്നു. എന്നാൽ അവർക്കാർക്കും ഇത്രയും വിനാശകരമായ രീതിയിൽ ബാറ്റ് ചെയ്യാൻ സാധിച്ചില്ല. അഭിഷേകും പ്രഭ്സിമ്രാനും അടക്കം വേഗം പുറത്തായി. റിങ്കു സിങ്ങാണെങ്കിലും നിലയുറപ്പിക്കാൻ സമയമെടുത്തു. പിന്നീടാണ് ഷോട്ടുകൾ കളിച്ചത്.'' - ബാസിൽ പറഞ്ഞു. വൈഭവ് 140-ൽ നിൽക്കുമ്പോൾ തന്റെ പന്തിൽ ഒരു അവസരം ലഭിച്ചിരുന്നു. ആ ക്യാച്ച് പക്ഷേ നഷ്ടപ്പെടുത്തി. അതു കഴിഞ്ഞ് പുള്ളി പിന്നെയും ഒരു 10 സിക്സടിച്ചുവെന്നും ബാസിൽ കൂട്ടിച്ചേർത്തു.
''ഗ്രൗണ്ടിന്റെ ഒരു വശത്തിന് നീളം കുറവാണ്. അവിടെ ലക്ഷ്യമിട്ടാണ് വൈഭവ് തുടക്കത്തിൽ കളിച്ചത്. അവിടെ അടിച്ചു തുടങ്ങിയതോടെ വൈഭവിനെ ഗ്രൗണ്ടിന്റെ നീളം കൂടുതലുള്ള ഭാഗത്തേക്ക്, ലോങ് ഓൺ, ലോങ് ഓഫ് ഭാഗങ്ങളിലേക്ക് കളിപ്പിക്കുക എന്നതായി തന്ത്രം. പക്ഷേ അതൊന്നും ഫലപ്രദമായില്ല. എല്ലാ തന്ത്രങ്ങൾക്കും വൈഭവിന്റെ കൈയിൽ മറുപടിയുണ്ടായിരുന്നു. അവൻ എല്ലാ ഷോട്ടുകളും എല്ലാ ഏരിയയിലേക്കും കളിക്കുന്നുണ്ടായിരുന്നു.'' - അദ്ദേഹം പറഞ്ഞു.
''അസാധാരണമായ ബാറ്റ് സ്വിങ്ങാണ് വൈഭവിന്റേത്. അത് പറയാതെ വയ്യ. അതും ഈ പ്രായത്തിന്റെ അത്രയും അസാധാരണമായ ബാറ്റ് സ്വിങ്ങ് ലഭിക്കുക എന്ന് പറഞ്ഞാൽ അത് അവൻ ഒരു വണ്ടർ കിഡ് ആയതുകൊണ്ടു തന്നെയാണ്. ഇത്തരം സാഹചര്യത്തിൽ 350 റൺസ് സ്കോർ ചെയ്തിരുന്നെങ്കിലും കാര്യമുണ്ടാകുമായിരുന്നില്ല. ക്രിക്കറ്റ് ചിലപ്പോൾ അങ്ങനെയാണ്.'' - ബാസിൽ വ്യക്തമാക്കി.
അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 മത്സരങ്ങൾ തികച്ച ഏക മലയാളി ക്രിക്കറ്റ് താരമാണ് ബാസിൽ. എസ്. ശ്രീശാന്തിനോ ഇതുവരെ സഞ്ജു സാംസണോ പോലും സ്വന്തമാക്കാൻ സാധിക്കാത്ത നേട്ടം. 2023 ഓഗസ്റ്റ് 19-ാം തീയതി ഒരു ടി20 മത്സരത്തിൽ ന്യൂസീലൻഡ് ടീമിനെ അട്ടിമറിച്ച യുഎഇ ടീമിലും ബാസിലുണ്ടായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ ടെസ്റ്റ് യോഗ്യതയുള്ള ഒരു പ്രധാന രാജ്യത്തിനെതിരായ യുഎഇയുടെ ആദ്യ ജയം കൂടിയായിരുന്നു അത്. 2019 മുതൽ യുഎഇ ടീമിന്റെ ഭാഗമാണ് ബാസിൽ. അന്താരാഷ്ട്ര ക്രിക്കറ്റിൽ 1000 റൺസും 50 വിക്കറ്റും നേടുന്ന ആദ്യ മലയാളി താരവും ഈ 32-കാരൻ ഓൾറൗണ്ടറാണ്. കേരള രഞ്ജി ട്രോഫി ടീം സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടും ഇന്ത്യയ്ക്കായി കളിക്കണമെന്ന മോഹം മാറ്റിവെച്ച് പ്രവാസിയായി, ഒടുവിൽ യുഎഇ ക്രിക്കറ്റ് ടീമിനൊപ്പം ലോകകപ്പ് വേദിവരെയെത്തിയ താരമാണ് ബാസിൽ.
Content Highlights: vaibhav sooryavanshi scored a record-breaking double century in the Rising Stars Asia Cup., India chased down 249 runs against UAE in just 14.2 overs., UAE captain and Malayali cricketer Basil Hameed praised Vaibhav as a special talent., Basil shared how UAE's tactical plans failed against Vaibhav's explosive batting.