ക്യാപ്പ് കിട്ടിയ ഉടൻ വൈഭവ് അച്ഛനടുത്തേക്കോടി, ഇൻസ്റ്റഗ്രാമിൽ ഹൃദയഹാരിയായ കുറിപ്പ്

#സ്പോർട്സ് ഡെസ്ക്
വൈഭവ് സൂര്യവംശി | ഫോട്ടോ - Getty Images
വൈഭവ് സൂര്യവംശി | ഫോട്ടോ - Getty Images

മാഞ്ചെസ്റ്റർ: ക്രിക്കറ്റിൽ ഇന്ത്യക്കായി അന്താരാഷ്ട്ര അരങ്ങേറ്റ കുറിച്ചതിനു പിന്നാലെ സാമൂഹികമാധ്യമമായ ഇൻസ്റ്റഗ്രാമിൽ ഹൃദയഹാരിയായ കുറിപ്പ് പങ്കുവെച്ച് 15-കാരൻ വൈഭവ് സൂര്യവംശി. യാത്രയിൽ ഒപ്പംനിൽക്കുകയും വിശ്വസിക്കുകയും ചെയ്ത ആരാധകർക്കും സഹതാരങ്ങൾക്കും മുതിർന്ന കളിക്കാർക്കും താരം നന്ദിയറിയിച്ചു. ഇന്ത്യൻ ജേഴ്‌സിയണിഞ്ഞുള്ള ചിത്രത്തോടൊപ്പമാണ് കുറിപ്പ് പങ്കുവെച്ചത്.

രാജ്യത്തെ പ്രതിനിധാനംചെയ്യാൻ കഴിഞ്ഞത് വലിയൊരു അംഗീകാരമായി കാണുന്നുവെന്നും ടീമിനായി എപ്പോഴും മികച്ചത് നൽകാൻ ശ്രമിക്കുമെന്നും കുറിപ്പിലുണ്ട്. സച്ചിൻ ടെണ്ടുൽക്കറുടെയും ഷഫാലി വർമയുടെയും റെക്കോഡുകൾ തകർത്താണ് വൈഭവ് ഇന്ത്യയുടെ ഏറ്റവും പ്രായംകുറഞ്ഞ അരങ്ങേറ്റക്കാരനായത്. താരത്തിന്റെ ഈ വൈകാരികമായ പോസ്റ്റ് ആരാധകർക്കിടയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും നിരവധി പേർ അഭിനന്ദനങ്ങളുമായി രംഗത്തെത്തുകയും ചെയ്തു.

15 വയസ്സും 99 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവ് സൂര്യവംശി ഇന്ത്യക്കായി കളത്തിലിറങ്ങിയത്. ഇതോടെ അന്താരാഷ്ട്ര ടി20 ചരിത്രത്തിൽ ഒരു ടെസ്റ്റ് പദവിയുള്ള രാജ്യത്തിന് വേണ്ടി കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോഡും വൈഭവ് സ്വന്തമാക്കി. തിലക് വർമയിൽനിന്നാണ് താരം ഇന്ത്യൻ ക്യാപ്പ് ഏറ്റുവാങ്ങിയത്. തൊപ്പി ലഭിച്ചയുടൻ താൻ മുറിയിൽ പോയി ഒപ്പമുണ്ടായിരുന്ന അച്ഛൻ സഞ്ജീവിനെയാണ് വിവരം അറിയിച്ചതെന്ന് വൈഭവ് ബി.സി.സി.ഐ.യോട് പറഞ്ഞു. പിന്നീട് അമ്മയെയും കോച്ച് റോമി സാറിനെയും വിവരമറിയിച്ചു.

വൈഭവ് സൂര്യവംശി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറി

സമ്മർദങ്ങളില്ലാതെ സ്വന്തം കളി പുറത്തെടുക്കാനാണ് അച്ഛൻ തനിക്ക് നൽകിയ ഉപദേശമെന്നും താരം വ്യക്തമാക്കി. അരങ്ങേറ്റ മത്സരത്തിൽ രണ്ട് സിക്‌സറുകൾ പറത്തി മികച്ച തുടക്കമിട്ട വൈഭവ് 10 പന്തിൽ 14 റൺസെടുത്ത് വിൽ ജാക്‌സിന്റെ പന്തിൽ സ്റ്റമ്പ് ഔട്ടാവുകയായിരുന്നു.

Content Highlights: Vaibhav Sooryavanshi sets record as India's youngest T20I debutant at 15 years and 99 days., Debuted in the second T20I against England on July 4, 2026, in Manchester., Scored 14 runs off 10 balls, including two sixes., Received his debut cap from teammate Tilak Varma.