15-ാം വയസിൽ WPL ടീമിൽ, ഏറ്റവും പ്രായം കുറഞ്ഞ താരം; ഉമ കാശ്വിയുടെ നേട്ടത്തിനു പിന്നിലുള്ളത് അമ്മാവന്റെ സ്വപ്നം

#സ്പോര്‍ട്‌സ് ഡെസ്‌ക്‌
Photo: ANI
Photo: ANI

വനിതാ പ്രീമിയർ ലീഗിന്റെ (ഡബ്ല്യുപിഎൽ) ചരിത്രത്തിൽ ലേലത്തിൽ ഒരു ടീം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കർണാടകയുടെ 15-കാരി ഉമ കാശ്വി. കൊച്ചിയിലെ ഗ്രാന്റ് ഹയാത്തിൽ നടന്ന താരലേലത്തിൽ 10 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപ്പിറ്റൽസാണ് ഈ യുവ ഓൾറൗണ്ടറെ സ്വന്തമാക്കിയത്. ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ പ്രകടനങ്ങളിലൂടെയും അസാധാരണമായ കളിമിടുക്കിലൂടെയും ശ്രദ്ധനേടിയ ഉമ കാശ്വിയുടെ വളർച്ച ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ കഥകളിലൊന്നായി മാറുകയാണ്.

15 വർഷവും 202 ദിവസവും പ്രായമുള്ളപ്പോഴാണ് ഉമയ്ക്ക് ഡബ്ല്യുപിഎൽ കരാർ ലഭിക്കുന്നത്. കഴിഞ്ഞ വർഷത്തെ ലേലത്തിൽ 16-ാം വയസിൽ ടീമിലെത്തി ദിയ യാദവ് സ്ഥാപിച്ച റെക്കോഡാണ് താരം മറികടന്നത്. മധ്യപ്രദേശിലെ ബിലാസ്പുരിൽ കർണാടകയ്ക്ക് വേണ്ടി അണ്ടർ-19 ടി20 ചലഞ്ചർ ട്രോഫിയിൽ കളിച്ചുകൊണ്ടിരിക്കെയാണ് ഉമയെ തേടി ഈ സന്തോഷവാർത്തയെത്തിയത്.

ഏഴര വയസുള്ളപ്പോഴാണ് ഉമ ക്രിക്കറ്റ് പിച്ചിലേക്ക് കാലെടുത്തുവെയ്ക്കുന്നത്. ആന്ധ്രയിൽ ഇന്റർ-ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് കളിച്ചിട്ടുള്ള അമ്മാവൻ സായ് സത്യ വിജയുടെ പിന്തുണയും പരിശീലനവുമാണ് ഉമയുടെ വളർച്ചയ്ക്ക് അടിത്തറയിട്ടത്. ബെല്ലന്തൂരിലെ അക്കാദമിയിൽ ചേർത്ത ശേഷം ദിവസവും രാവിലെ 3,000 സ്റ്റെപ്പ് ഓട്ടവും, വൈകുന്നേരത്തെ അക്കാദമി സെഷനു ശേഷം അമ്മാവൻ നേരിട്ട് നൽകുന്ന 30 ഓവർ സൈഡ്ആം ബൗളിങ് പരിശീലനവും ഉമ പൂർത്തിയാക്കുമായിരുന്നു.

ഒമ്പതാം വയസിൽ ഇന്ത്യ നിപ്പോൺ കപ്പിൽ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയതോടെയാണ് ഉമ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ഈ ചെറു പ്രായത്തിൽ തന്നെ വേദാ കൃഷ്ണമൂർത്തി, ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ, ശ്രേയങ്ക പാട്ടീൽ തുടങ്ങിയ ഇന്ത്യൻ അന്താരാഷ്ട്ര താരങ്ങൾക്കൊപ്പം ഡ്രസ്സിങ് റൂം പങ്കിടാനുള്ള അവസരവും ഉമയ്ക്ക് ലഭിച്ചു.

12-ാം വയസിൽ ബെംഗളൂരുവിൽ നടന്ന ജൂനിയർ ക്ലബ് തല ഇന്റർ-സ്‌കൂൾ ടൂർണമെന്റിൽ പുറത്താകാതെ 217 റൺസടിച്ചതോടെ ഉമ വീണ്ടും ശ്രദ്ധാകേന്ദ്രമായി. പിന്നീട് 13-ാം വയസിൽ ഇന്ത്യൻ താരം ശ്രേയങ്ക പാട്ടീലിന്റെ കോച്ചായ അർജുൻ ദേവിന്റെ 'ന്യൂ ഇന്നിങ്സ് ക്രിക്കറ്റ് എന്റർപ്രൈസ്' അക്കാദമിയിലേക്ക് ഉമ മാറി. ഉമയുടെ ക്രിക്കറ്റ് കരിയറിന് കൂടുതൽ ശ്രദ്ധ നൽകുന്നതിനായി അമ്മാവൻ തന്റെ മുഴുവൻ സമയ ഐ.ടി ജോലി പോലും ഉപേക്ഷിച്ചു.

പിന്നീട് കർണാടകയുടെ അണ്ടർ-15 ടീമിന്റെയും കർണാടകയിലെ വനിതാ ടി20 ലീഗായ മഹാറാണി ട്രോഫിയിൽ ബെംഗളൂരു ബ്ലാസ്റ്റേഴ്സിന്റെയും ക്യാപ്റ്റൻ സ്ഥാനത്ത് ഉമയെത്തി. 2025-ലെ ടൂർണമെന്റിൽ മൈസൂർ വാരിയേഴ്സിനെതിരേ 42 പന്തിൽ 48 റൺസ് നേടി ബാറ്റിങ് മികവ് തെളിയിക്കുകയും ചെയ്തു.

മധ്യനിരയിൽ തകർത്തുബാറ്റ് ചെയ്യാനും ഓഫ് സ്പിൻ ബൗളിങ്ങിലൂടെ വിക്കറ്റുകൾ വീഴ്ത്താനും ഉമയ്ക്ക് സവിശേഷമായ കഴിവുണ്ട്. കൂടാതെ, കളിക്കളത്തിലെ ഫീൽഡിങ് മികവും താരത്തെ ഒരു മികച്ച ഓൾറൗണ്ടറാക്കി മാറ്റുന്നു.

2025-26 വനിതാ അണ്ടർ-15 ഏകദിന ട്രോഫി ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി മാറിയത് ഉമാ കാശ്വിയാണ്. 172 ശരാശരിയിൽ 516 റൺസാണ് താരം അടിച്ചുകൂട്ടിയത്. ഇതിൽ മൂന്ന് സെഞ്ചുറികളും ഒരു അർധസെഞ്ചുറിയും ഉൾപ്പെടുന്നു.

2026 ജനുവരി 10-ന് കൊൽക്കത്തയിലെ ആദിത്യ അക്കാഡമി ഗ്രൗണ്ടിൽ മണിപ്പൂരിനെതിരേ നടന്ന മത്സരത്തിൽ വെറും 66 പന്തിൽ നിന്ന് പുറത്താകാതെ 158 റൺസ് അടിച്ചുകൂട്ടിയ ഉമയുടെ പ്രകടനമാണ് സമീപകാലത്ത് ഏറ്റവും ശ്രദ്ധേയമായത്. 23 ഫോറുകളും ഏഴ് സിക്സറുകളും അടങ്ങുന്നതായിരുന്നു ഈ ഇന്നിങ്‌സ്. ഉമയുടെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ കർണാടക 35 ഓവറിൽ അഞ്ചു വിക്കറ്റിന് 321 റൺസെടുക്കുകയും 275 റൺസിന്റെ വൻ വിജയം നേടുകയും ചെയ്തു. ഉമയുടെ ഈ വെടിക്കെട്ട് ഇന്നിങ്‌സാണ് ഡബ്ല്യുപിഎൽ റഡാറിൽ താരത്തിന്റെ പേര് പതിയാൻ കാരണമായത്.

ബംഗ്ലാദേശിലും നേപ്പാളിലുമായി നടക്കാനിരിക്കുന്ന അണ്ടർ-19 ലോകകപ്പിനുള്ള ഇന്ത്യൻ വനിതാ ടീം പ്ലാനുകളിൽ ഉമ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ലോകകപ്പ് മത്സരങ്ങളും ഡബ്ല്യുപിഎൽ ടൂർണമെന്റും ഒരേ സമയത്താണ് നടക്കുന്നത് എന്നതിനാൽ, ഡൽഹി കാപ്പിറ്റൽസിനായുള്ള താരത്തിന്റെ അരങ്ങേറ്റത്തിന് അൽപം കാത്തിരിക്കേണ്ടി വന്നേക്കാം.

Content Highlights: Uma kashvi becomes the youngest player in WPL history at 15 years and 202 days old., Bought by Delhi Capitals for 10 lakh rupees in the WPL auction held at Grand Hyatt, Kochi., Scored 516 runs at an average of 172 in the 2025-26 Women's Under-15 One Day Trophy., Credited her success and rigorous training to her uncle Sai Satya Vijay who supported her career.