സ്റ്റമ്പിലെറിഞ്ഞ പന്ത് ദേഹത്ത് കൊണ്ടു; കലിപ്പായി മിച്ചൽ, ഖേദം പ്രകടിപ്പിച്ച് അർഷ്ദീപ്

#സ്പോർട്സ് ഡെസ്ക്
ഡാരില്‍ മിച്ചലിനോട് സംസാരിക്കുന്ന അമ്പയര്‍ | AP, മിച്ചലും അര്‍ഷ്ദീപ് സിങ്ങും | PTI
ഡാരില്‍ മിച്ചലിനോട് സംസാരിക്കുന്ന അമ്പയര്‍ | AP, മിച്ചലും അര്‍ഷ്ദീപ് സിങ്ങും | PTI

അഹമ്മദാബാദ്: ടി20 ലോകകപ്പിന്റെ കലാശപ്പോരിൽ ആധികാരികമായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കിവീസ് ബാറ്റർമാർക്ക് തുടക്കത്തിൽ തന്നെ പിഴച്ചു. വിക്കറ്റുകൾ വീഴ്ത്തി ബൗളർമാർ മികച്ചുനിന്നതോടെ ന്യൂസീലൻഡ് കീഴടങ്ങി. മത്സരത്തിനിടെ താരങ്ങൾ വാക്‌പോരിലേർപ്പെടുന്ന കാഴ്ചയും അഹമ്മദാബാദിൽ കണ്ടു. ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്ങും കിവീസ് താരം ഡാരിൽ മിച്ചലുമാണ് ക്രീസിൽ ഒന്നുരച്ചത്. ഒടുക്കം അർഷ്ദീപ് ഖേദപ്രകടനം നടത്തുന്നതുവരെയെത്തി കാര്യങ്ങൾ.

മത്സരത്തിൽ കിവീസ് ഇന്നിങ്‌സിന്റെ 11-ാം ഓവറിലാണ് സംഭവം. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 102 റൺസെന്ന നിലയിൽ നിൽക്കുകയായിരുന്നു ന്യൂസീലൻഡ്. ടീമിനെ കരകയറ്റാൻ മിച്ചൽ പരിശ്രമിക്കുന്ന ഘട്ടമായിരുന്നു അത്. അർഷ്ദീപിന്റെ പന്ത് കൂറ്റനടിക്ക് ശ്രമിച്ചെങ്കിലും മിച്ചലിന് സാധിച്ചില്ല. അടിച്ച പന്ത് മൈതാനത്ത് കുത്തി നേരെ പേസറുടെ കൈകളിൽ തന്നെ വന്നു. ക്രീസ് വിട്ടുനിൽക്കുകയായിരുന്ന മിച്ചലിനെ റണ്ണൗട്ടാക്കാനായി അർഷ്ദീപ് സ്റ്റമ്പ് കണക്കാക്കി എറിഞ്ഞു. എന്നാൽ ലക്ഷ്യം പിഴച്ചു. പന്ത് കൊണ്ടത് കിവീസ് ബാറ്ററുടെ കാലിലായിരുന്നു.

അതോടെ മിച്ചലിന്റെ ഭാവം മാറി. പെട്ടെന്ന് തന്നെ പ്രകോപിതനായി താരം അർഷ്ദീപിന് നേരെ നടന്നടുത്തു. കടുത്ത അതൃപ്തിയിൽ മിച്ചൽ താരത്തോട് ദേഷ്യപ്പെട്ട് സംസാരിക്കുകയും ചെയ്തു. അർഷ്ദീപ് കാര്യങ്ങൾ വഷളാക്കാതെ ഉടനെ തന്നെ തിരിഞ്ഞുനടന്നു. പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മിച്ചലിനോട് സംസാരിച്ച് വിഷയം തണുപ്പിച്ചു. അമ്പയറും വിഷയത്തിൽ ഇടപെട്ട് രംഗം ശാന്തമാക്കി.

എന്നാൽ ഓവറിന് ശേഷം അർഷ്ദീപ് മിച്ചലിന്റെ അടുത്തുപോയി ഖേദപ്രകടനം നടത്തി. മാത്രമല്ല, മത്സരശേഷവും വിഷയം താരങ്ങൾ സംസാരിച്ചു. മിച്ചലിനോട് താൻ ഖേദപ്രകടനം നടത്തിയിരുന്നതായി അർഷ്ദീപ് പറഞ്ഞു. സ്റ്റമ്പിലേക്ക് എറിയാനാണ് താൻ ശ്രമിച്ചതെന്നും എന്നാൽ അവിചാരിതമായാണ് കിവീസ് ബാറ്ററുടെ ദേഹത്ത് കൊണ്ടതെന്നും അർഷ്ദീപ് വ്യക്തമാക്കി. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.

Content Highlights: India secured a dominant victory in the T20 World Cup final against New Zealand., A heated on-field exchange occurred between Arshdeep Singh and Daryl Mitchell., The incident happened during the 11th over when Arshdeep's throw hit Mitchell., Arshdeep later apologized to Mitchell to resolve the tension., The incident video went viral on social media platforms.