'ക്യാച്ചെടുക്കുമ്പോൾ ഞാൻ ബൗണ്ടറി ലൈൻ തൊട്ടിട്ടില്ല'; വിവാദത്തിൽ പ്രതികരണവുമായി സൂര്യ

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 ലോകപ്പ് ഫൈനലില്‍ ഇന്ത്യന്‍ വിജയത്തില്‍ അതീവ നിര്‍ണായകമായത് അവസാന ഓവറില്‍ ഡേവിഡ് മില്ലറെ പുറത്താക്കാന്‍ സൂര്യകുമാര്‍ എടുത്ത ക്യാച്ചാണ്. ലോകകപ്പുകളുടെ ചരിത്രത്തിലെ തന്നെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലൊന്നായിരുന്നു ആ ക്യാച്ച്.
എന്നാല്‍ ഇന്ത്യന്‍ വിജയത്തിനു പിന്നാലെ ഈ ക്യാച്ച് വിവാദങ്ങളിലും ഇടംപിടിച്ചിരുന്നു. സൂര്യ ക്യാച്ചെടുക്കുന്ന സമയത്ത് ബൗണ്ടറി കുഷ്യന് യഥാര്‍ഥ ബൗണ്ടറി ലൈന്‍ വേണ്ടയിടത്തു നിന്ന് അല്പം നീങ്ങിയാണ് കിടന്നിരുന്നതെന്നും ക്യാച്ചെടുക്കുന്ന സമയത്ത് സൂര്യയുടെ ഷൂസ് ബൗണ്ടറി ലൈനില്‍ തട്ടുന്നുണ്ടെന്നും ഒരു വിഭാഗം ആരോപിച്ചു. ഇതിന്റെ വീഡിയോ ഉള്‍പ്പെടെ പങ്കുവെച്ചാണ് അവര്‍ അത് സിക്സായിരുന്നുവെന്ന് വാദിക്കുന്നത്. ഇതിനെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ വാദപ്രതിവാദങ്ങളുമുണ്ടായി.
എന്നാലിപ്പോഴിതാ വിവാദത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്. ക്യാച്ചെടുക്കുന്ന സമയത്ത് ബൗണ്ടറി ലൈനില്‍ തൊട്ടിട്ടില്ലെന്നാണ് സൂര്യ പറയുന്നത്. എല്ലാവരേയും സന്തോഷിപ്പിക്കാന്‍ സാധിക്കില്ലെന്നും ഇങ്ങനെയൊരു ക്യാച്ചിനായി നിരന്തരം പരിശീലനം നടത്തിയിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.
ക്യാച്ചെടുക്കുന്ന സമയത്ത് ഞാന്‍ ബൗണ്ടറി ലൈന്‍ തൊട്ടിട്ടില്ല. ഞങ്ങള്‍ക്ക് എല്ലാവരേയും സന്തോഷിപ്പിക്കാന്‍ സാധിക്കില്ല. ഞാന്‍ ശരിയാണ് ചെയ്തത്. എനിക്ക് ക്യാച്ചെടുക്കാന്‍ അവസരം കിട്ടി. ആ നിമിഷം ഞാന്‍ ആസ്വദിച്ചു. ഇങ്ങനെയൊരു ക്യാച്ചിനായി നിരന്തരം പരിശീലനം നടത്തിയിരുന്നു. മത്സരത്തിനിടയില്‍ എന്റെ മനസ് ശാന്തമായിരുന്നു. രാജ്യത്തിനായി നല്ലത് ചെയ്യാന്‍ ദൈവം എനിക്ക് അവസരം നല്കി.- സൂര്യകുമാര്‍ യാദവ് പറഞ്ഞു.
മത്സരത്തിലെ നിര്‍ണായക വഴിത്തിരിവായിരുന്നു ആ ക്യാച്ച്. ആറു പന്തില്‍ ജയിക്കാന്‍ 16 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ ഹാര്‍ദിക് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തു തന്നെ സിക്സര്‍ പറത്താനായിരുന്നു മില്ലറുടെ ശ്രമം. ഫുള്‍ടോസ് പന്ത് മില്ലര്‍ അടിച്ച പന്ത് സിക്സറായി എന്നുതന്നെ എല്ലാവരും കരുതി. എന്നാല്‍ ലോങ് ഓണ്‍ ബൗണ്ടറിയില്‍ ഓടിയെത്തിയ സൂര്യ പന്ത് പിടിച്ചു. താന്‍ ബൗണ്ടറിക്കുള്ളിലേക്ക് പോകുമെന്ന് മനസിലാക്കിയ സൂര്യ പന്ത് വായുവിലേക്കെറിഞ്ഞു. പിന്നീട് ബൗണ്ടറി ലൈനിന് പുറത്തേക്ക് കടന്ന് അവിശ്വസനീയമായി പന്ത് കൈക്കുള്ളിലാക്കുകയായിരുന്നു.
Content Highlights: Controversy Over T20 World Cup Final Catch