ഇയാന്‍ ബോതത്തിന്റെ റെക്കോഡ് മറികടന്നു, 600 വിക്കറ്റ് ക്ലബ്ബിലിടം നേടി ബ്രോഡ്

മാഞ്ചെസ്റ്റര്‍: ടെസ്റ്റ് ക്രിക്കറ്റില്‍ വലിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ പേസ് ബൗളറായ സ്റ്റ്യുവര്‍ട്ട് ബ്രോഡ്. ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ മാത്രം പേസ് ബൗളര്‍ എന്ന റെക്കോഡാണ് ബ്രോഡ് സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിലാണ് ബ്രോഡ് റെക്കോഡ് കുറിച്ചത്.
48 റണ്‍സെടുത്ത ട്രാവിസ് ഹെഡിനെ പുറത്താക്കിയാണ് ബ്രോഡ് 600 വിക്കറ്റ് ക്ലബ്ബിലിടം നേടിയത്. ആദ്യമായി ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റ് നേടിയ പേസ് ബൗളര്‍ ബ്രോഡിന്റെ സഹതാരമായ ജെയിംസ് ആന്‍ഡേഴ്‌സണാണ്. ആന്‍ഡേഴ്‌സണെ സാക്ഷിയാക്കിയാണ് ബ്രോഡ് 600 വിക്കറ്റ് നേടിയത്. 149-ാം ടെസ്റ്റിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.
മുത്തയ്യ മുരളീധരന്‍, ഷെയ്ന്‍ വോണ്‍, അനില്‍ കുംബ്ലെ, ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ മാത്രമാണ് ഇതിനുമുന്‍പ് ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റ് വീഴ്ത്തിയത്. 2020-ലാണ് ആന്‍ഡേഴ്‌സണ്‍ 600 ക്ലബ്ബിലിടം നേടി ചരിത്രം കുറിച്ചത്. ആന്‍ഡേഴ്‌സണിന്റെ അക്കൗണ്ടില്‍ 688 വിക്കറ്റുകളുണ്ട്.
ഈ നേട്ടത്തോടൊപ്പം മറ്റൊരു റെക്കോഡും ബ്രോഡ് സ്വന്തമാക്കി. ഓസ്‌ട്രേലിയയ്‌ക്കെതിരേ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരം എന്ന ഇയാന്‍ ബോതത്തിന്റെ പേരിലുളള ദീര്‍ഘകാല റെക്കോഡ് ബ്രോഡ് തകര്‍ത്തു. നാലാം ടെസ്റ്റില്‍ വിക്കറ്റെടുത്തതോടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ബ്രോഡിന്റെ വിക്കറ്റ് നേട്ടം 149 ആയി ഉയര്‍ന്നു. ഇതോടെ ഇയാന്‍ ബോതത്തിന്റെ പേരിലുള്ള 148 വിക്കറ്റ് എന്ന റെക്കോഡ് പഴങ്കഥയായി. 128 വിക്കറ്റുകളുള്ള ബോബ് വില്ലിസാണ് മൂന്നാമത്. ആന്‍ഡേഴ്‌സണിന്റെ അക്കൗണ്ടില്‍ 115 വിക്കറ്റുകളുണ്ട്.
ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിന്റെ ആദ്യ ദിനം മത്സരമവസാനിക്കുമ്പോള്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സെടുത്തിട്ടുണ്ട്. 23 റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കും ഒരു റണ്ണുമായി പാറ്റ് കമ്മിന്‍സും പുറത്താവാതെ നില്‍ക്കുന്നു. മാര്‍നസ് ലബൂഷെയ്ന്‍ (51), മിച്ചല്‍ മാര്‍ഷ് (51), ട്രാവിസ് ഹെഡ് (48), സ്റ്റീവ് സ്മിത്ത് (41) എന്നിവരുടെ മികവിലാണ് ഓസീസ് ഭേദപ്പെട്ട സ്‌കോര്‍ ആദ്യ ദിനം നേടിയത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് നാലുവിക്കറ്റെടുത്തപ്പോള്‍ ബ്രോഡ് രണ്ട് വിക്കറ്റ് വീഴ്ത്തി. മോയിന്‍ അലി, മാര്‍ക്ക് വുഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
Content Highlights: Stuart Broad breaks Ian Botham's incredible record vs AUS with 600th Test wicket