ബംഗ്ലാദേശിനെ റിവ്യൂ എടുക്കാൻ പ്രേരിപ്പിച്ചു; സ്റ്റീവ് സ്മിത്തിന് മുന്നറിയിപ്പ് നൽകി അമ്പയർമാർ

സ്റ്റീവ് സ്മിത്ത്‌ | Photo: AFP
സ്റ്റീവ് സ്മിത്ത്‌ | Photo: AFP

മക്കായ്: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സമിത്തിന് അമ്പയർമാരുടെ മുന്നറിയിപ്പ്. എൽ.ബി.ഡബ്ല്യു അപ്പീലിൽ ബംഗ്ലാദേശ് ഫീൽഡർമാരെ ഡിആർഎസ് എടുക്കാൻ പ്രേരിപ്പിച്ചതിനെ തുടർന്നാണ് മുന്നറിയിപ്പ് നൽകിയത്. ഓസ്‌ട്രേലിയയുടെ ഇന്നിങ്‌സിന്റെ ഒമ്പതാം ഓവറിലാണ് സംഭവം.

തസ്‌കിൻ മുഹമ്മദ് എറിഞ്ഞ പന്ത് സ്മിത്തിന്റെ പാഡിൽ തട്ടി. ബംഗ്ലാദേശ് ഫീൽഡർ അപ്പീൽ ചെയ്‌തെങ്കിലും അംപയർ നിതിൻ മേനോൻ ഔട്ട് അനുവദിച്ചില്ല. തുടർന്ന് ക്യാപ്റ്റൻ നജ്മുൽ ഹുസൈനോട് ഡിആർഎസ് എടുക്കാൻ തസ്‌കിൻ ആവശ്യപ്പെടുന്നതിനിടയിൽ സ്മിത്ത് ഇതിൽ ഇടപെടുകയായിരുന്നു. താൻ ക്രീസിന് മുമ്പിലാണെന്നും പന്ത് സ്റ്റമ്പിന് മുകളിലൂടെയാണ് പോയതെന്നും സിമ്ത്ത് ഫീൽഡർമാരോ്ട് പറഞ്ഞു. 'പോയി റിവ്യൂ എടുക്കൂ' എന്നും സ്മിത്ത് പറയുന്നുണ്ട്.

സ്മിത്ത് ബംഗ്ലാദേശ് ഫീൽഡർമാർക്ക് ആംഗ്യം കാണിച്ചുകൊടുക്കുന്നത് റീപ്ലേകളിൽ വ്യക്തമായി കാണുന്നുണ്ടായിരുന്നു. എന്നാൽ, നജ്മുൽ ഹുസൈൻ റിവ്യൂ വേണ്ടെന്ന് തീരുമാനിച്ചു. തൊട്ടുപിന്നാലെ ഓൺഫീൽഡ് അമ്പയർമാർ സ്മിത്തിന്റെ അരികിലെത്തി അദ്ദേഹവുമായി സംസാരിച്ചു. താരത്തിന് മുന്നറിയിപ്പും നൽകി.

ഒന്നാം ഇന്നിങ്‌സിൽ ബംഗ്ലാദേശിനെ 64 റൺസിൽ ഒതുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഓസീസ് പേസർ മിച്ചൽ സ്റ്റാർക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരവുമായി മാറി. 12 റൺസ് വഴങ്ങി ആറ് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഇതോടെ ഓസ്‌ട്രേലിയയുടെ തന്നെ പാറ്റ് കമ്മിൻസിനെയും നഥാൻ ലിയോണിനേയും സ്റ്റാർക്ക് പിന്നിലാക്കിയത്. 56 മത്സരങ്ങളിൽനിന്ന് 230 വിക്കറ്റുകളാണ് സ്റ്റാർക്കിനുള്ളത്. 225 വിക്കറ്റുകൾ വീതമാണ് കമ്മിൻസിന്റേയും ലിയോണിന്റേയും പേരിലുള്ളത്.

Content Highlights: Steve Smith was warned by umpires for encouraging Bangladesh to review an unsuccessful LBW appeal., Mitchell Starc became the leading wicket-taker in World Test Championship (WTC) history with 230 wickets., Starc took 6-12 to bowl out Bangladesh for 64 in the second Test in Mackay., Starc moved ahead of Pat Cummins and Nathan Lyon in the all-time WTC wicket-takers list.