ആ പന്ത് നോ ബോള്‍ ആകുമെന്ന് തിരിച്ചറിഞ്ഞ് സ്മിത്തിന്റെ സിക്‌സ്; ശേഷം അമ്പയറുടെ ശ്രദ്ധ ക്ഷണിച്ച് താരം

Photo: AFP
Photo: AFP

ക്യൂന്‍സ്‌ലന്‍ഡ്: രണ്ടര വര്‍ഷത്തിലേറെ നീണ്ട സെഞ്ചുറി വരള്‍ച്ച ഇന്ത്യന്‍ താരം വിരാട് കോലി അവസാനിപ്പിച്ചത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു. തൊട്ടുപിന്നാലെ രണ്ടു വര്‍ഷം നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തും ഒടുവില്‍ മൂന്നക്കം കടന്നിരിക്കുകയാണ്. ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലായിരുന്നു താരത്തിന്റെ നേട്ടം. മത്സരത്തില്‍ 131 പന്തില്‍ നിന്ന് ഒരു സിക്‌സും 11 ഫോറുമടക്കം 105 റണ്‍സെടുത്ത സ്മിത്തിന്റെ മികവില്‍ ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സെടുക്കുകയും ചെയ്തു.

എന്നാല്‍ മത്സരത്തിനിടെ സ്മിത്ത് നടത്തിയ തന്ത്രപ്രധാനമായ ഒരു നീക്കമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ നേടുന്നത്. ജിമ്മി നീഷാം എറിഞ്ഞ 38-ാം ഓവറിലായിരുന്നു സംഭവം. നീഷാം എറിഞ്ഞ 38-ാം ഓവറിലെ രണ്ടാം പന്ത് സ്മിത്ത് സ്‌ക്വയര്‍ ലെഗ് ബൗണ്ടറിക്ക് മുകളിലൂടെ സ്മിത്ത് സിക്‌സറിന് പറത്തി. ഈ പന്ത് നോ ബോള്‍ ആയിരിക്കുമെന്ന് മുന്‍കൂട്ടി മനസിലാക്കിയായിരുന്നു താരം വമ്പനടിക്ക് മുതിര്‍ന്നത്. കാരണം പവര്‍പ്ലേയില്‍ 30 യാര്‍ഡ് സര്‍ക്കിളിനു പുറത്ത് അനുവദിച്ചതിലും കൂടുതല്‍ ഫീല്‍ഡര്‍മാര്‍ ഉണ്ടായിരുന്നു. സിക്‌സറിന് തൊട്ടുപിന്നാലെ സ്മിത്ത് ഇക്കാര്യം അമ്പയര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ഏകദിനത്തിലെ 12-ാം സെഞ്ചുറിയാണ് സ്മിത്ത് ഞായറാഴ്ച കുറിച്ചത്.

Content Highlights: Steve Smith Shows Great Game Awareness Slogs Jimmy Neesham