എന്തൊരു സ്വിങ്! ബൗണ്ടറിയടിച്ച ദില്‍ഷന്റെ കുറ്റി തെറിപ്പിച്ച് ശ്രീശാന്തിന്റെ മധുരപ്രതികാരം

Photo: twitter.com/llct20
Photo: twitter.com/llct20

ജോധ്പുര്‍: തകര്‍പ്പന്‍ ബൗളിങ് പ്രകടനവുമായി ആരാധകരുടെ മനം കവര്‍ന്ന് എസ്.ശ്രീശാന്ത്. ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗിലൂടെയാണ് ശ്രീശാന്ത് മികച്ച പന്തുകളുമായി കളം നിറഞ്ഞത്. ലീഗിലെ ആവേശകരമായ എലിമിനേറ്റര്‍ മത്സരത്തില്‍ ഗുജറാത്ത് ജയന്റ്‌സിനെതിരേ ഭില്‍വാര കിങ്‌സിനുവേണ്ടി പന്തെറിഞ്ഞ ശ്രീശാന്ത് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. 

മത്സരത്തില്‍ ഗുജറാത്ത് ജയന്റ്‌സിനെ പരാജയപ്പെടുത്തി ഭില്‍വാര കിങ്‌സ് ഫൈനലില്‍ ഇടം നേടുകയും ചെയ്തു. മത്സരത്തിനിടെ ഗുജറാത്ത് ജയന്റ്‌സിന്റെ തിലകരത്‌നെ ദില്‍ഷനെതിരായ ശ്രീശാന്തിന്റെ ഒരു കിടിലന്‍ ഡെലിവറിയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ തരംഗമാകുന്നത്. മത്സരത്തിന്റെ ഒന്‍പതാം ഓവറിലാണ് സംഭവമരങ്ങേറിയത്. 

വെടിക്കെട്ട് ബാറ്റിങ്ങുമായി ജയന്റ്‌സിനെ മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു ദില്‍ഷന്‍. ക്രീസിലുറച്ചാല്‍ ദില്‍ഷനെപ്പോലെ അപകടകാരിയാകുന്ന മറ്റൊരു ബാറ്ററില്ല. അതുകൊണ്ടുതന്നെ ദില്‍ഷനെ മെരുക്കാന്‍ കിങ്‌സ് നായകന്‍ ഇര്‍ഫാന്‍ പഠാന്‍ പന്ത് ശ്രീശാന്തിനെ ഏല്‍പ്പിച്ചു. ഒന്‍പതാം ഓവര്‍ ചെയ്ത ശ്രീശാന്തിന്റെ അഞ്ചാം പന്ത് ബൗണ്ടറി കടത്തി ദില്‍ഷന്‍ സ്‌കോര്‍ ഉയര്‍ത്തി. അപ്പോള്‍ വെറും 25 പന്തുകളില്‍ നിന്ന് നാല് ഫോറിന്റെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 36 റണ്‍സാണ് ദില്‍ഷന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. 

എന്നാല്‍ ബൗണ്ടറി വഴങ്ങിയിട്ടും ശ്രീശാന്ത് തളര്‍ന്നില്ല. അവസാന പന്തില്‍ ദില്‍ഷനെ വീഴ്ത്തുക എന്ന ലക്ഷ്യത്തില്‍ അതിമനോഹരമായ ഒരു ഡെലിവറിയ്ക്ക് മലയാളി താരം ജന്മം നല്‍കി. അതിവേഗത്തില്‍ മൂളിപ്പറന്നുവന്ന ശ്രീയുടെ ഇന്‍സ്വിങ്ങര്‍ ദില്‍ഷനെ നിസ്സഹായനാക്കി ഓഫ് സ്റ്റംപ് പിഴുതു. സ്റ്റംപ് വായുവിലൂടെ കറങ്ങി നിലം പതിച്ചു. വിക്കറ്റ് വീണത് വിശ്വസിക്കാനാവാതെ ദില്‍ഷന്‍ തലതാഴ്ത്തി നടന്നു. ബൗണ്ടറിയടിച്ച ദില്‍ഷനെ പുറത്താക്കി ശ്രീശാന്തിന്റെ മധുരപ്രതികാരം. നാല്‍പ്പതാം വയസ്സിലും അനായാസം പേസും സ്വിങ്ങും കണ്ടെത്തുന്ന ശ്രീശാന്തിനെ പുകഴ്ത്തി ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി. 

മത്സരത്തില്‍ ജയന്റ്‌സിന്റെ സ്റ്റ്യുവര്‍ട്ട് ബിന്നിയെ പുറത്താക്കിയതും ശ്രീശാന്താണ്. മികച്ച ഒരു യോര്‍ക്കറിലൂടെ ശ്രീ ബിന്നിയുടെ വിക്കറ്റ് പിഴുതു. ഇന്നിങ്‌സിലെ അവസാന ഓവറില്‍ ശ്രീശാന്തിന്റെ മികച്ച ഫീല്‍ഡിങ്ങിനും ജോധ്പുര്‍ സാക്ഷിയായി. റയാഡ് എംറിറ്റിനെതിരേ ശ്രീശാന്ത് മികച്ച ഒരു യോര്‍ക്കറെറിഞ്ഞു. പന്ത് ഒരുവിധം തട്ടിയ എംറിറ്റ് റണ്‍സെടുക്കാന്‍ ശ്രമിച്ചെങ്കിലും മികച്ച ഡൈവിലൂടെ പന്ത് സ്വന്തമാക്കിയ ശ്രീശാന്ത് താരത്തെ റണ്‍ ഔട്ടാക്കി. 

മത്സരത്തില്‍ നാലോവര്‍ ചെയ്ത ശ്രീശാന്ത് വെറും 28 റണ്‍സ് മാത്രം വഴങ്ങി രണ്ടുവിക്കറ്റെടുത്ത് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഫൈനലില്‍ ഇന്ത്യ ക്യാപിറ്റല്‍സാണ് ഭില്‍വാര കിങ്‌സിന്റെ എതിരാളി.

Content Highlights: sreesanth, sreeshanth, sreesanth legends cricket, sreesanth latest bowling, sreesanth vs dilshan