‘ശ്രീശാന്ത് ഒരു ദിവസം പോലും കളിച്ചില്ലല്ലോ ?’; രാജസ്ഥാൻ റോയൽസിന് 82 ലക്ഷം നല്‍കണമെന്ന ഉത്തരവിന് സുപ്രീം കോടതി സ്റ്റേ

ശ്രീശാന്ത് | X.com/@thebriefworld
ശ്രീശാന്ത് | X.com/@thebriefworld

ന്യൂഡൽഹി: 2012-ലെ ഐപിഎൽ ടൂർണമെന്റിനിടെ പരിക്കേറ്റ എസ്. ശ്രീശാന്തിന് മത്സരത്തിൽ പങ്കെടുക്കാനാവാത്തതിനാൽ രാജസ്ഥാൻ റോയൽസിന് 82 ലക്ഷംരൂപ നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവ് സുപ്രീംകോടതി തിങ്കളാഴ്ച സ്റ്റേ ചെയ്തു. ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ ഉത്തരവാണ് യുണൈറ്റഡ് ഇൻഷുറൻസ് കമ്പനിയുടെ അപ്പീൽ പരിഗണിച്ച് സ്റ്റേ ചെയ്തത്. ശ്രീശാന്ത് ഒരു ദിവസം പോലും കളിച്ചില്ലല്ലോ എന്ന് കോടതി ചോദിച്ചു. പരിക്കിനെ തുടര്‍ന്ന് 2012 ഐപിഎല്‍ സീസണില്‍ ശ്രീശാന്ത് രാജസ്ഥാനായി കളിച്ചിരുന്നില്ല.

സീസണില്‍ ശ്രീശാന്ത് പരിക്കേറ്റ് പുറത്തായതിന് പിന്നാലെ രാജസ്ഥാന്‍ ഇന്‍ഷുറന്‍സ് തുകയ്ക്കായി യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചിരുന്നു. 82 ലക്ഷം രൂപയാണ് ഫ്രാഞ്ചൈസി ആവശ്യപ്പെട്ടത്. എന്നാല്‍ രാജസ്ഥാന്റെ ആവശ്യം കമ്പനി തള്ളുകയായിരുന്നു. ശ്രീശാന്തിന് നേരത്തേ തന്നെ കാല്‍പാദത്തിന് പരിക്കുണ്ടായിരുന്നുവെന്നും അതാണ് പുറത്തായതിന്റെ യഥാര്‍ഥ കാരണമെന്നും കമ്പനി വാദിച്ചു. മാത്രമല്ല ഈ വിവരം താരം മറച്ചുവെച്ചെന്നും കമ്പനി ആരോപിച്ചിരുന്നു.

എന്നാല്‍ കാല്‍പാദത്തിനേറ്റ പരിക്ക് ഗുരുതരമായിരുന്നില്ലെന്നും ഇൻഷുറൻസ് കലയളവിൽ കാല്‍മുട്ടിന് പരിക്കേറ്റതാണ് കളിക്കാനാവാത്തതിന്റെ കാരണമെന്നും രാജസ്ഥാന്‍ മറുവാദമുയര്‍ത്തി. വാദങ്ങള്‍ക്കൊടുവിൽ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ രാജസ്ഥാന് അനുകൂലമായി വിധി പ്രസ്താവിച്ചു. ഇന്‍ഷുറന്‍സ് കമ്പനിയോട് പണം കൈമാറാനും നിര്‍ദേശിച്ചിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് കമ്പനി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി വിധി സ്റ്റേ ചെയ്യുകയായിരുന്നു. ശ്രീശാന്ത് ഒരു ദിവസം പോലും കളിച്ചില്ലല്ലോ എന്ന് ചോദിച്ച കോടതി അന്തിമവിധി പുറപ്പെടുവിക്കും വരെ ഉത്തരവ് നടപ്പാക്കരുതെന്നും നിർദേശിച്ചു.

Content Highlights: sreesanth insurance claim supreme court stay