വിവാഹം വേണ്ടെന്നുവെച്ച ശേഷം ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് സ്മൃതി മന്ദാന; ഹര്‍മന്‍പ്രീതിന് ആലിംഗനം | Video

ന്യൂഡല്‍ഹി: സംഗീതസംവിധായകന്‍ പലാഷ് മുഛലുമായുള്ള വിവാഹം റദ്ദാക്കിയതിനു ശേഷം ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. ബുധനാഴ്ച ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ആമസോണിന്റെ സംഭവ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് സ്മൃതി എത്തിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെയും അവരുടെ മാനേജര്‍ നൂപൂര്‍ കശ്യപിനെയും ഊഷ്മളമായി ആലിംഗനംചെയ്യുന്ന സ്മൃതിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ഹര്‍മന്‍പ്രീതും എത്തിയത്.
വിവാഹം റദ്ദാക്കിയതായി പ്രഖ്യാപിച്ചതിനു പിന്നാലെ താരം ക്രിക്കറ്റ് പരിശീലനവും ആരംഭിച്ചിരുന്നു. ഒരു സ്വകാര്യ ഗ്രൗണ്ടില്‍ സ്മൃതി ബാറ്റിങ് പരിശീലനത്തില്‍ ഏര്‍പ്പെടുന്ന ചിത്രം താരത്തിന്റെ സഹോദരന്‍ ശ്രാവണ്‍ മന്ദാന കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചു. അടുത്തിടെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തില്‍ അഭിവാജ്യ ഘടകമായിരുന്നു സ്മൃതി. ഡിസംബര്‍ 21-ന് ശ്രീലങ്കയ്ക്കെതിരായ അഞ്ചു മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയാണ് ഇനി സ്മൃതിക്ക് മുന്നിലുള്ളത്. ഇതിന് മുന്നോടിയായാണ് താരം പരിശീലനം ആരംഭിച്ചിരിക്കുന്നത്.
Cricketer Smriti Mandhana was spotted for the first time after she announced calling off her marriage with Palaash Muchhal.
The cricketer arrived in Delhi and sat in her car.@mandhana_smriti #SmritiMandhana #cricketlovers♥️ #smritimandhana #smritimandhans❤️💯 #cricketlovers♥️ pic.twitter.com/6US48dkkyV— Himanshu Aswal (Artist) (@Himanshaswal) December 10, 2025
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് പലാഷ് മുഛലുമായുള്ള വിവാഹം റദ്ദാക്കിയതായി സ്മൃതി ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. നവംബര്‍ 23-നായിരുന്നു സ്മൃതി-പലാഷ് വിവാഹം നടക്കേണ്ടിയിരുന്നത്. അതിനിടെ സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ദാനയ്ക്ക് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് പലാഷ് മുഛലുമായുള്ള വിവാഹം മാറ്റിവെച്ചതായി താരത്തിന്റെ മാനേജര്‍ അറിയിക്കുകയായിരുന്നു. ജന്മനാടായ സാംഗ്ലിയിലെ വിവാഹവേദിയിലേക്ക് അടിയന്തരമായി ആംബുലന്‍സ് എത്തിയതും അന്ന് വാര്‍ത്തയായിരുന്നു. പിന്നാലെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് പലാഷ് മുഛലിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നു. വൈറല്‍ പനിയും അസിഡിറ്റിയും കാരണം മുംബൈയിലെ ആശുപത്രിയിലേക്ക് പലാഷിനെ മാറ്റിയെന്നാണ് പുറത്തുവന്ന വാര്‍ത്ത.
പിന്നാലെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ നിന്ന് സ്മൃതി നീക്കം ചെയ്തതോടെ ആരാധകരില്‍ സംശയങ്ങള്‍ രൂപപ്പെട്ടു. വിവാഹം മാറ്റിവെച്ചതല്ല, മറിച്ച് റദ്ദാക്കിയതാണ് എന്ന് അന്നുതന്നെ പലരും പറഞ്ഞിരുന്നു. പലാഷ് മുഛലിന് മറ്റൊരു യുവതിയുമായുള്ള ബന്ധം കൈയോടെ പിടിച്ചതിനെ തുടര്‍ന്നാണ് സ്മൃതിയും കുടുംബവും വിവാഹം റദ്ദാക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു പ്രചാരണം. ഇതിന് ആധാരമായതാകട്ടെ പുറത്തുവന്ന ചില ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും.
ഒടുവില്‍ ഇത്തരം അഭ്യൂഹങ്ങള്‍ക്കും കിംവദന്തികള്‍ക്കുമെല്ലാം വിരാമമിട്ടുകൊണ്ടാണ് ഞായറാഴ്ച സ്മൃതി മന്ദാന വിവാഹം വേണ്ടെന്നുവെച്ചതായി അറിയിച്ചത്. പിന്നാലെ സ്മൃതിയുമായുള്ള ബന്ധത്തില്‍നിന്ന് പിന്മാറുകയാണെന്ന് പലാഷും അറിയിച്ചതോടെ വിവാഹ വിവാദത്തിന് അന്ത്യമായി.
Content Highlights: Indian cricketer Smriti Mandhana makes her first public appearance after cancelling her wedding with Palash Muchhal. Seen hugging Harmanpreet Kaur.