കളിയവസാനിക്കാൻ 2 പന്ത് ബാക്കി നിൽക്കേ 98 റൺസിൽ പുറത്ത്, ഗിൽ മടങ്ങിയത് റെക്കോഡ് നേട്ടവുമായി

#സ്പോർട്സ് ഡെസ്ക്
ശുഭ്മാൻ ​ഗിൽ | AP
ശുഭ്മാൻ ​ഗിൽ | AP

വെല്ലിങ്ടൺ: ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റിലെ അർധസെഞ്ചുറിയോടെ പുതിയ റെക്കോഡുമായി ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 3000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്ററെന്ന നേട്ടമാണ് ഗിൽ കരസ്ഥമാക്കിയത്. ആദ്യ ഇന്നിങ്‌സിൽ 98 റൺസാണ് ഗില്ലിന്റെ സമ്പാദ്യം. പിന്നാലെ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തും ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 3000 റൺസ് തികച്ചു.

ആദ്യ ഇന്നിങ്‌സിൽ 83 റൺസ് നേടിയതോടെയാണ് ഗിൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 3000 റൺസ് തികച്ചത്. 115-ാം ഓവറിൽ ഗ്ലെൻ ഫിലിപ്‌സിനെ സിക്‌സറടിച്ചാണ് താരം ഈ നേട്ടത്തിലെത്തിയത്. പിന്നാലെ 123-ാം ഓവറിൽ ഋഷഭ് പന്തും മൂവായിരം റൺസിലേക്കെത്തി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 3000 റൺസ് തികയ്ക്കുന്ന ആദ്യ വിക്കറ്റ് കീപ്പർ ബാറ്റർ കൂടിയാണ് പന്ത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് ഇംഗ്ലീഷ് താരം ജോ റൂട്ടാണ്. 6815 റൺസാണ് റൂട്ടിന്റെ സമ്പാദ്യം.

സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ മൂന്നാം ദിനം അവസാന ഓവറിലാണ് പുറത്തായത്. നാലാം പന്തിലാണ് ഔട്ടായത്. 146 പന്തിൽ ഒമ്പത് ഫോറും രണ്ട് സിക്‌സും സഹിതം 98 റൺസെടുത്ത ഗിൽ, ജേക്കബ് ഡഫിയുടെ പന്തിൽ ബൗൾഡാകുകയായിരുന്നു. 62 പന്തിൽ 55 റൺസോടെ ഋഷഭ് പന്തും രണ്ട് പന്ത് നേരിട്ട അൻഷുൽ കാംബോജുമാണ് ക്രീസിൽ. മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോൾ ഇന്ത്യയ്ക്ക് 118 റൺസ് ലീഡാണുള്ളത്. നിലവിൽ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 486 റൺസ് എന്ന നിലയിലാണ്.

Content Highlights: Shubman Gill becomes the first Indian batter to score 3000 runs in the World Test Championship