സൈമണ്ട്‌സിന്റെ അവസാന പോസ്റ്റ് വോണിന്റെ വിയോഗത്തെപ്പറ്റി, വോണിന്റേത് മാര്‍ഷിന്റെ മരണത്തെക്കുറിച്ചും
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് വീണ്ടുമൊരു വിയോഗവാര്‍ത്തയ്ക്ക് മുന്നില്‍ വിതുമ്പി നില്‍ക്കുകയാണ്. അവരുടെ പ്രിയപ്പെട്ട താരം ആന്‍ഡ്രൂ സൈമണ്ട്‌സിന്റെ അകാലവിയോഗം. ഇതിഹാസ താരം ഷെയിന്‍ വോണും റോഡ് മാര്‍ഷും മരിച്ചിട്ട് മാസങ്ങള്‍ മാത്രമേ ആയിട്ടുളളൂ. ആ ആഘാതത്തില്‍ നിന്ന് ക്രിക്കറ്റ് ലോകം മുക്തമായി വരുന്നതേയുളളൂ. അതിനിടയ്ക്കാണ് ആന്‍ഡ്രൂ സൈമണ്ട്‌സ് എന്ന ഓസ്‌ട്രേലിയയുടെ മിന്നും ഓള്‍ റൗണ്ടറുടെ വിയോഗ വാര്‍ത്ത വരുന്നത്.
മാര്‍ച്ച് നാലിനാണ് റോഡ് മാര്‍ഷ് മരണപ്പെടുന്നത്. മുന്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പറായിരുന്ന താരത്തിന്റെ മരണം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു. മരണത്തില്‍ ദുഖം രേഖപ്പെടുത്തിക്കൊണ്ട് ഷെയിന്‍ വോണ്‍ ടീറ്റ് ചെയ്തിരുന്നു.
ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുശേഷം ഹൃദയാഘാതത്തെ തുടര്‍ന്ന് ഷെയിന്‍ വോണും മരണത്തിന് കീഴടങ്ങി. വോണിന്റെ അവസാന ട്വീറ്റും അതായിരുന്നു.
വോണിന്റെ വിയോഗം ക്രിക്കറ്റ് ലോകത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. മൈതാനത്തെ സ്പിന്‍ മാന്ത്രികന്റെ മരണം ലോകത്തിന് ഉള്‍ക്കൊളളാനാവുന്നതായിരുന്നില്ല. ലോകമൊന്നടങ്കം അനിശോചനങ്ങളറിയിച്ചു. ആന്‍ഡ്രൂ സൈമണ്ട്‌സ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ദുഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ അവസാന സോഷ്യല്‍ മീഡിയ പോസ്റ്റായിരുന്നു അത്. ഇന്നിപ്പോള്‍ അദ്ദേഹവും മരണത്തിന് കീഴടങ്ങുമ്പോള്‍ രണ്ട് ട്വീറ്റുകളും പലരും അനുശോചന സന്ദേശങ്ങളില്‍ ചേര്‍ത്ത് പോസ്റ്റ് ചെയ്തു
Content Highlights: Shane Warne's last tweet was on Rod Marsh, Andrew Symonds's last Instagram post was on Warne