ബ്രാഡ്മാന്റെ തൊപ്പിയേയും ധോനിയുടെ ബാറ്റിനേയും പിന്നിലാക്കി വോണിന്റെ ബാഗി ഗ്രീന്‍

Image Courtesy: Fox Cricket| Twitter
Image Courtesy: Fox Cricket| Twitter

സിഡ്നി: ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള ശേഷിപ്പെന്ന റെക്കോഡ് ഇനി ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ ബാഗി ഗ്രീന്‍ തൊപ്പിക്ക്. താരം ലേലത്തിനുവെച്ച തൊപ്പിക്ക് ഇതുവരെ ലഭിച്ചത് 5,20,500 ഡോളര്‍ (ഇന്ത്യന്‍ രൂപ ഏകദേശം 3,71,74,370) ആണ്. എം.സി എന്നു മാത്രം പേരുവെച്ച ഒരാളാണ് വോണിന്റെ തൊപ്പിക്കായി ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന തുക പറഞ്ഞുവെച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയയില്‍ ഏറെ നാശംവിതച്ച കാട്ടുതീയില്‍ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനായാണ് വോണ്‍ തന്റെ ബാഗി ഗ്രീന്‍ തൊപ്പി ലേലത്തിനു വെച്ചത്. തൊപ്പി ലേലത്തിനുവെച്ച് ആദ്യ രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ ലേലത്തുക 2,75,000 ഡോളറില്‍ (ഇന്ത്യന്‍ രൂപ ഏകദേശം 1,96,40,637) എത്തിയിരുന്നു. വെള്ളിയാഴ്ച 10 മണിവരെയാണ് ലേലം. അതിനാല്‍ തന്നെ ലേലത്തുക ഇനിയും ഉയരാനാണ് സാധ്യത.

ഇതോടെ ക്രിക്കറ്റ് ചരിത്രത്തില്‍ ലേലത്തിനുവെച്ച വസ്തുക്കളില്‍ ഏറ്റവും ഉയര്‍ന്ന തുക ലഭിച്ച വസ്തു എന്ന നേട്ടം വോണിന്റെ ബാഗി ഗ്രീനിന് സ്വന്തമാകും. 2003-ല്‍ ലേലത്തിനുവെച്ച ഓസീസ് ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്റെ ബാഗി ഗ്രീന്‍ തൊപ്പിക്കു ലഭിച്ച 4,25,000 ഡോളറിന്റെ (ഇന്ത്യന്‍ രൂപ ഏകദേശം 3,03,53712) റെക്കോഡാണ് വോണിന്റെ തൊപ്പി മറികടന്നത്.

2011 ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന എം.എസ് ധോനി ഉപയോഗിച്ച ബാറ്റിന് ഏകദേശം 80 ലക്ഷം രൂപയ്ക്കടുത്താണ് ലേലത്തില്‍ ലഭിച്ചിരുന്ന തുക.

തന്റെ തൊപ്പി ലേലത്തുനു വെച്ച വിവരം തിങ്കളാഴ്ച ട്വിറ്ററിലൂടെയാണ് വോണ്‍ എല്ലാവരെയും അറിയിച്ചത്. 'എല്ലാവരും ഒറ്റക്കെട്ടായി ദുരന്തത്തെ അതിജീവിക്കണം, സഹായിക്കാനുള്ള വഴികള്‍ കണ്ടെത്തണം. ടെസ്റ്റ് കരിയറിലാകെ താന്‍ അണിഞ്ഞ പ്രിയ ബാഗി ഗ്രീന്‍ ഇതിനാല്‍ ലേലം ചെയ്യുകയാണ്', വോണ്‍ ട്വീറ്റ് ചെയ്തു.

നാളുകളായി തുടരുന്ന കാട്ടുതീയില്‍ ഇതിനോടകം നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. 60 ലക്ഷം ഹെക്ടറോളം വനമേഖല കത്തിനശിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പതിനായിരക്കണക്കിന് ആളുകളാണ് ഭവനരഹിതരായത്. ടാസ്മാനിയ, പടിഞ്ഞാറന്‍ ഓസ്ട്രേലിയ. ക്യൂന്‍സ്ലാന്‍ഡ് എന്നീ സംസ്ഥാനങ്ങളും കാട്ടുതീയുടെ പിടിയിലാണ്.

Content Highlights: Shane Warne's baggy green beats Don Bradman's cap and MS Dhoni's bat

Content Highlights: