‘സഞ്ജുവിന്റേത് അസാമാന്യ പ്രകടനം’; ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് ഷാഹിദ് അഫ്രീദി

#സ്പോർട്സ് ഡെസ്ക്
ഷാഹിദ് അഫ്രീദി | AP
ഷാഹിദ് അഫ്രീദി | AP

മുംബൈ: ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യൻ ടീമിനെ പ്രശംസിച്ച് മുൻ പാക് താരം ഷാഹിദ് അഫ്രീദി. ഇന്ത്യയുടേത് മികച്ച ടീം കോമ്പിനേഷനായിരുണെന്നും പകരക്കാരുടെ ബെഞ്ചടക്കം കരുത്തുറ്റതായിരുന്നുവെന്നും അഫ്രീദി പറഞ്ഞു. മലയാളി താരം സഞ്ജു സാംസണിനെയും അഫ്രീദി പ്രശംസിച്ചു. ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് കീഴടക്കിയാണ് ഇന്ത്യ കിരീടമണിഞ്ഞത്. ഇന്ത്യയുടെ മൂന്നാം ടി20 ലോകകപ്പ് കിരീടമാണിത്.

ലോകകപ്പ് അവസാനിച്ചു. ഇന്ത്യ കിരീടം അർഹിച്ചിരുന്നു. അവർക്ക് മികച്ച ടീം കോമ്പിനേഷനുണ്ട്. ബെഞ്ചിലിരുന്ന കളിക്കാരും കളിക്കുന്ന പതിനൊന്നുപേരെപ്പോലെ മികച്ചതായിരുന്നു. അതുകൊണ്ടാണ് പകരക്കാരുടെ ബെഞ്ച് ശക്തമായിരിക്കണമെന്ന് ഞാൻ പറയുന്നത്. ഇന്ത്യയുടെത് വളരെ ശക്തമായിരുന്നു. അതിൽനിന്ന് ആരെയും കളിക്കുന്ന പതിനൊന്നുപേരിൽ ഉൾപ്പെടുത്താമായിരുന്നു. അവർ ടൂർണമെന്റ് മുഴുവൻ ചാമ്പ്യൻമാരെപ്പോലെ കളിച്ചു, അഫ്രീദി തന്റെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.

സഞ്ജു സാംസൺ അസാമാന്യ പ്രകടനമാണ് കാഴ്ചവെച്ചത്. അദ്ദേഹത്തിന് ലഭിച്ച അവസരത്തിൽ മികച്ച ബാറ്റിങ്ങിലൂടെ ഇന്നിങ്സ് കെട്ടിപ്പടുത്ത് അത് മികച്ചതാക്കി. ഫൈനലിൽ അഭിഷേക് ശർമയും നന്നായി കളിച്ചു. ഇഷാൻ കിഷനും പാകിസ്താനെതിരെ കളിച്ചതുപോലെ മികച്ച പ്രകടനം കാഴ്ചവെച്ചു. ജസ്പ്രീത് ബുംറ അവരുടെ ബൗളിങ്ങിന്റെ നട്ടെല്ലായിരുന്നു. അദ്ദേഹം തന്റെ മികച്ച പ്രകടനങ്ങളിലൂടെ ഏറെക്കാലമായി ഇന്ത്യയെ തോളിലേറ്റുന്നു. അദ്ദേഹം ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ്, അഫ്രീദി കൂട്ടിച്ചേർത്തു.

ടൂർണമെന്റിൽ അഞ്ച് മത്സരങ്ങൾ മാത്രം കളിച്ച സഞ്ജു മൂന്ന് അർധ സെഞ്ചുറിയടക്കം 321 റൺസാണ് നേടിയത്. 80.25 ബാറ്റിങ് ശരാശരി. പ്രഹരശേഷി 199.37. ഈ പ്രകടനമാണ് സഞ്ജുവിനെ ടൂർണമെന്റിലെ താരമാക്കിയത്. ഫൈനലിൽ 46 പന്തിൽനിന്ന് 89 റൺസെടുത്ത സഞ്ജുവാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ. ടി20 ലോകകപ്പ് ഫൈനലിലെ ഒരു താരത്തിന്റെ ഉയർന്ന സ്‌കോറാണിത്. 2016-ൽ ഇംഗ്ലണ്ടിനെതിരേ 85 റൺസെടുത്ത വെസ്റ്റിൻഡീസ് താരം മർലോൺ സാമുവൽസിന്റെയും 2021-ലെ ഫൈനലിൽ ഓസ്ട്രേലിയക്കെതിരേ 85 റൺസെടുത്ത കിവീസിന്റെ കെയ്ൻ വില്യംസന്റെയും റെക്കോഡ് സഞ്ജു മറികടന്നു.

Content Highlights: Shahid Afridi praises India's squad depth and team combination., Afridi commends Jasprit Bumrah as the backbone of Indian bowling., Sanju Samson's record-breaking 89 in the final highlighted., India secured their third T20 World Cup title.