സൂര്യകുമാർ പറയാനുള്ളത് പറയട്ടെ, ഇതുവരെ ഫൈനലിൽ എത്തിയിട്ടില്ലല്ലോ - ഷഹീൻ അഫ്രീദി

ദുബായ്: ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മത്സരത്തെ ഇനി തുല്യരുടെ പോരാട്ടമായി വിശേഷിപ്പിക്കരുതെന്ന ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിന്റെ പരാമർശത്തോട് വിയോജിച്ച് പാക് പേസർ ഷഹീൻ അഫ്രീദി. സൂര്യകുമാർ പറയാനുള്ളത് പറയട്ടെയെന്നും ഇന്ത്യ ഇതുവരെ ഫൈനലിൽ എത്തിയില്ലല്ലോ എന്നും ഷഹീൻ അഫ്രീദി പറഞ്ഞു. സൂപ്പർ ഫോറിൽ ഞായറാഴ്ച പാകിസ്താനെ ആറുവിക്കറ്റിന് തോൽപ്പിച്ചശേഷമാണ് ഇന്ത്യൻ ക്യാപ്റ്റൻ പാകിസ്താനുമായുള്ള പോരാട്ടങ്ങളെ സംബന്ധിച്ച് പ്രതികരിച്ചത്.
സൂര്യകുമാർ പറയാനുള്ളത് പറയട്ടെ. അദ്ദേഹവും ഇതുവരെ ഫൈനലിൽ എത്തിയിട്ടില്ല. ഞങ്ങളും എത്തിയിട്ടില്ല. സമയം വരുമ്പോൾ കാണാം. ജയിക്കുക എന്നതാണ് ഞങ്ങളുടെ ജോലി. ഏഷ്യാ കപ്പ് നേടാനാണ് ഞങ്ങൾ വന്നിരിക്കുന്നത്. അതിനായി പരമാവധി ശ്രമിക്കും.- ഷഹീൻ അഫ്രീദി പറഞ്ഞു.
ഇന്ത്യ-പാക് മത്സരങ്ങളെ ഇഞ്ചോടിഞ്ച് പോരാട്ടമെന്നും ബദ്ധവൈരികൾ എന്നും വിശേഷിപ്പിക്കുന്നതിൽ ഇനി അർഥമില്ലെന്നാണ് നേരത്തേ സൂര്യകുമാർ പ്രതികരിച്ചത്. ഇന്ത്യയും പാകിസ്താനും തമ്മിൽ 15 ട്വന്റി 20 മത്സരം കളിച്ചു. ഇതിൽ 12 തവണയും ഇന്ത്യ ജയിച്ചു. ഒരു ടീം എട്ടു തവണയും മറ്റൊരു ടീം ഏഴു തവണയും ജയിച്ചിരുന്നെങ്കിൽ നമുക്ക് തുല്യശക്തികളുടെ പോരാട്ടമെന്ന് വിശേഷിപ്പിക്കാം. പാകിസ്താനെതിരേ ഇന്ത്യ ഏകപക്ഷീയമായി ജയിക്കുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.’’ -മത്സരശേഷം സൂര്യകുമാർ പറഞ്ഞു.
അതേസമയം ബാറ്റിങ്ങിൽ നൽകുന്ന നിര്‍ണായക സംഭാവനകളെക്കുറിച്ചും ഷഹീൻ പ്രതികരിച്ചു. എപ്പോൾ അവസരം കിട്ടിയാലും ജോലി ഭംഗിയായി ചെയ്യുക എന്നതാണ് പ്രധാനം. ബാറ്റിങ്, ഫീൽഡിങ്, ബൗളിങ്, എന്തുമാകട്ടെ, ഞാൻ എൻ്റെ 100% നൽകും. അത് സ്വാഭാവികമാണ്. ഞാൻ കളിക്കുമ്പോഴെല്ലാം നൂറുശതമാനം നൽകാൻ ശ്രമിക്കുന്നു. എനിക്ക് അസുഖമോ പരിക്കോ എന്തുണ്ടെങ്കിലും അത് പുറത്ത് കാണിക്കില്ല. അതിനാൽ ടീമിൻ്റെ മനോവീര്യം ഉയർത്തുകയും ഊർജ്ജസ്വലതയോടെ ക്രിക്കറ്റ് കളിക്കുകയും ചെയ്യുക എന്നതാണ് എൻ്റെ ജോലി.- ഷഹീൻ കൂട്ടിച്ചേർത്തു.
Content Highlights: Shaheen Afridi responds to Suryakumar Yadav`s comment on India-Pakistan rivalry, emphasizing his focus on winning the Asia Cup.