'ഞങ്ങൾ റോബോട്ടുകളല്ല, പുറത്തുനിന്നുള്ള ചർച്ചകൾ ബാധിക്കാറുണ്ട്, വൈഫൈ ഓണാകുമ്പോൾ കമന്റുകൾ കാണും'

#ന്യൂസ് ഡെസ്ക്
സഞ്ജും സാംസണ്‍ | Photo: BCCI
സഞ്ജും സാംസണ്‍ | Photo: BCCI

ന്യൂഡൽഹി: അഫ്ഗാനിസ്താനെതിരായ രണ്ടാം ട്വന്റി 20യിൽ അർദ്ധ സെഞ്ചുറിയുമായി സഞ്ജു സാംസൺ വിമർശകർക്ക് മറുപടി നൽകിയിരുന്നു. ഓപ്പണറായി ഇറങ്ങി 22 പന്തിൽ 57 റൺസാണ് മലയാളി താരം അടിച്ചെടുത്തത്. ഇതോടെ വൈഭവ് സൂര്യവംശിയുമായുള്ള താരതമ്യ ചർച്ചകൾ അവസാനിപ്പിക്കാനും സഞ്ജുവിന് കഴിഞ്ഞു.

മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിൽ ടീമിലെ രണ്ട് ഓപ്പണിങ് സ്ഥാനങ്ങൾക്കായുള്ള മത്സരത്തെ കുറിച്ചുള്ള ചോദ്യത്തിന് സഞ്ജു മറുപടിയും നൽകി. ടീമിനുള്ളിൽ അങ്ങനെയൊരു മത്സരമില്ലെന്നും ടീമിന് പുറത്തു മാത്രമേ അത്തരം കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുന്നുള്ളൂവെന്നും സഞ്ജു പറഞ്ഞു. അഭിഷേക് ശർമയും വൈഭവ് സൂര്യവംശിയും തന്റെ സഹതാരങ്ങളാണെന്നും ഒരു താരത്തെ തഴയുന്നുവെന്നും മറ്റൊരാൾക്ക് അവസരം ലഭിക്കുന്നില്ലെന്നോ ഉള്ള ചർച്ചകൾ ടീമിനുള്ളിൽ ഇല്ലെന്നും സഞ്ജു വ്യക്തമാക്കി.

'ടീമിന് പുറത്തുള്ളവർക്ക് അവർ മത്സരാർഥികളായിരിക്കാം. പക്ഷേ ഞങ്ങൾ ഒരു ടീമാണ്. രാജ്യത്തിനായി ഒരുമിച്ച് കളിക്കുന്നു. കളി ജയിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതിനുശേഷമാണ് മറ്റ് വ്യക്തിഗത നേട്ടങ്ങൾ വരുന്നത്. ഓ, എനിക്ക് അത് ലഭിച്ചില്ല, എന്തുകൊണ്ട് അവന് നൽകി എന്നൊന്നും ആലോചിച്ചിരിക്കാനോ നെഗറ്റീവ് മാനസികാവസ്ഥയിലിരിക്കാനോ കഴിയില്ല. അതൊന്നും ടീമിനുള്ളിൽ നടക്കില്ല.'-സഞ്ജു വ്യക്തമാക്കി.

ഓപ്പണിങ് സ്ഥാനത്തിനായുള്ള മത്സരത്തെക്കുറിച്ച് നിരവധി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ അഭിപ്രായം പറഞ്ഞ സോഷ്യൽ മീഡിയയിലെ ചർച്ചകളെക്കുറിച്ചും സഞ്ജു സംസാരിച്ചു. സഞ്ജുവിനേക്കാൾ ടീമിൽ കളിക്കാൻ വൈഭവ് സൂര്യവംശി അർഹനാണെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ, കൗമാരതാരത്തിനായി അഭിഷേക് വഴിമാറണമെന്ന് മറ്റു ചിലർ കരുതുന്നു.

സോഷ്യൽ മീഡിയയിലെ കമന്റുകളെ സഞ്ജു കാര്യമായി ഗൗനിക്കാറില്ലെങ്കിലും,മുൻ ക്രിക്കറ്റ് താരങ്ങൾ നടത്തിയ ചില പരാമർശങ്ങൾ തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. 'ഞാൻ വൈഫൈ ഓഫ് ചെയ്യാൻ ശ്രമിക്കാറുണ്ട്. എന്നാൽ ചിലപ്പോൾ വൈഫൈ ഓണാകുകയും കമന്റുകൾ കാണുകയും ചെയ്യും. മുതിർന്ന കളിക്കാർ അഭിപ്രായം പറയും. അത് സാധാരണ കാര്യമായിട്ടാണ് ഞാൻ കാണുന്നത്. ഇത്തരം ചർച്ചകൾ താരങ്ങളെ ബാധിക്കാറുണ്ട്. എന്നാൽ നിങ്ങളുടെ മാനസികാവസ്ഥയെക്കുറിച്ചും, നിങ്ങൾ എങ്ങനെ തയ്യാറെടുക്കണം എന്നതിനെക്കുറിച്ചും, ഏത് മാനസികാവസ്ഥയോടെ കളിക്കണം എന്നതിനെക്കുറിച്ചും നിങ്ങൾക്ക് വളരെ വ്യക്തത ഉണ്ടായിരിക്കണം,' അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരം ചർച്ചകൾ മുമ്പ് തന്നെ വേദനിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ താൻ അതിന് അധിക ശ്രദ്ധ കൊടുക്കാതിരിക്കാൻ ശ്രമിക്കാറുണ്ടെന്നും സഞ്ജു സമ്മതിച്ചു. ചിലപ്പോഴൊക്കെ ഈ കാര്യത്തിൽ താൻ വിജയിക്കാറുണ്ടെങ്കിലും താനൊരു 'മെഷീൻ' അല്ലാത്തതിനാൽ ചില കമന്റുകൾ തന്നെ ബാധിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാനുള്ള പക്വതയും അനുഭവസമ്പത്തും എനിക്കുണ്ടെന്ന് ഞാൻ കരുതുന്നു. നേരത്തെ, ഇത് ചെറിയ തോതിൽ വേദനിപ്പിച്ചിരുന്നു. 'ഇത് എന്നെ ബാധിക്കില്ല' എന്ന് പറയാൻ നമ്മൾ റോബോട്ടുകളല്ല. തീർച്ചയായും ഇത്തരം കാര്യങ്ങൾ ബാധിക്കും'-സഞ്ജു പറഞ്ഞു.

Content Highlights: Sanju Samson scored 57 off 22 balls in the T20I against Afghanistan., Samson dismissed talks of competition with 15-year-old Vaibhav Sooryavanshi., He admitted that outside noise and social media comments affect players as they are not robots.