‘ജയിലർ 2’ കാണാൻ തിയേറ്റർ മുഴുവനായി ബുക്ക് ചെയ്ത് സഞ്ജു, ഇന്ത്യൻ താരങ്ങളുമെത്തും

#സ്പോർട്സ് ഡെസ്ക്
സഞ്ജു സാംസണും രജനീകാന്തും | x.com/@thecricketgully
സഞ്ജു സാംസണും രജനീകാന്തും | x.com/@thecricketgully

രജനീകാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ‘ജയിലർ 2’ തിയേറ്ററുകളിൽ അതിഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്. ആഗോള തലത്തിൽ പ്രദർശനം ആരംഭിച്ച ചിത്രം, കേരളത്തിൽ ആദ്യ ദിനം കളിച്ചത് 1600 ഓളം ഹൗസ്ഫുൾ ഷോകളാണ്. ആദ്യ ദിനം കേരളത്തിൽ 4000 ഷോകൾ കളിച്ച ചിത്രം, കേരളത്തിൽ നിന്ന് ഏറ്റവും ഉയർന്ന ആദ്യ ദിന ഗ്രോസ് നേടുന്ന അന്യഭാഷാ ചിത്രമെന്ന റെക്കോഡും സ്വന്തമാക്കി. ഇപ്പോഴിതാ സിനിമ കാണാനുള്ള ആവേശത്തിലാണ് മലയാളി താരം സഞ്ജു സാംസണും. ജയിലർ 2 കാണാൻ ഒരു തിയേറ്റർ ഒന്നടങ്കം ബുക്ക് ചെയ്തിരിക്കുകയാണ് സഞ്ജു.

കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ടീം അംഗങ്ങൾക്കുമൊപ്പം സിനിമ കാണുകയാണ് സഞ്ജുവിന്റെ പദ്ധതി. അതിനായി തിയേറ്ററിലെ മുഴുവൻ സീറ്റുകളും സഞ്ജു ബുക്ക് ചെയ്യുകയായിരുന്നു. "രജനി സാറിന്റെ സിനിമകൾ കാണാൻ എനിക്ക് വലിയ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങൾക്കായി ഞാൻ എപ്പോഴും കാത്തിരിക്കാറുണ്ട്. ഇപ്പോൾ തന്നെ ഞാൻ ഒരു ദിവസം വൈകി. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും കാണാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്. ഇന്നലെ ഡൽഹിയിൽ ഒരു പരിപാടി ഉണ്ടായിരുന്നതുകൊണ്ടാണ് എനിക്ക് സിനിമ കാണാൻ കഴിയാതെ പോയത്." - സഞ്ജു പറഞ്ഞു.

"എന്നാൽ ഇന്ന്, ഭാഗ്യവശാൽ തിയേറ്റർ മുഴുവനായും ബുക്ക് ചെയ്യാൻ എനിക്ക് കഴിഞ്ഞു. ഞാൻ എന്റെ സുഹൃത്തുക്കളെയും ക്ഷണിച്ചിട്ടുണ്ട്, എന്റെ ഭാര്യയും ഇവിടെയുണ്ട്. സ്ക്രീനിൽ രജനി സാറിനെ കാണുന്നതിന്റെ അവേശത്തിലാണ്." തമിഴ് അറിയാവുന്ന ഇന്ത്യൻ ടീമിലെ ചില അംഗങ്ങളും സിനിമ കാണാൻ എത്തുന്നുണ്ടെന്നും സഞ്ജു വ്യക്തമാക്കി.

വലിയ ആവേശമാണ് ചിത്രം കേരളത്തിലെ പ്രേക്ഷകർക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്. മോഹൻലാലിൻ്റെ സാന്നിധ്യവും കേരളത്തിൽ ചിത്രത്തിന് ലഭിച്ച അഭൂതപൂർവമായ സ്വീകരണത്തിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. രജനികാന്തും മോഹൻലാലും ഒരുമിക്കുന്ന രംഗങ്ങൾ ബിഗ് സ്ക്രീനിൽ കാണാനുള്ള ആകാംക്ഷയാണ് പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകർഷിക്കുന്ന പ്രധാന കാരണങ്ങളിലൊന്ന്. ബ്ലോക്ക്ബസ്റ്റർ വിജയമായ ‘ജയിലറി’ന് ശേഷം മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുന്ന ചിത്രത്തിൽ ശിവ രാജ്കുമാറും, ബോളിവുഡ് താരം ഹൃതിക് റോഷനും അതിഥി വേഷത്തിലെത്തുന്നു. സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യാ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ, ജാക്കി ഷെറോഫ്, നമോ നാരായണൻ, കോട്ടയം നസീർ തുടങ്ങിയവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്. നെൽസൺ ദിലീപ്കുമാറിന്റെ മാസ് അവതരണവും ആക്ഷൻ രംഗങ്ങളും ബ്ലാക്ക് ഹ്യൂമറും അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാണ്.

Content Highlights: Sanju Samson booked an entire theater for Jailer 2 with family and friends