‘ഇന്ത്യയുടെ നിലവാരത്തിനൊത്ത എതിരാളിയല്ല, പാകിസ്താനെതിരെ എന്തിനാണിത്ര ആഘോഷം?’-പ്രതികരണവുമായി മുൻ താരം

മുംബൈ: അണ്ടർ-19 ഏഷ്യാ കപ്പ് ഫൈനലിൽ കിരീടം നേടിയതിന് പിന്നാലെ ഇന്ത്യൻ ടീം നടത്തിയ ആഘോഷത്തെ കുറിച്ച് പ്രതികരണവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. പാകിസ്താനെതിരായ ഫൈനലിൽ ഒരു വിക്കറ്റ് ശേഷിക്കെ അവസാന പന്തിലാണ് ഇന്ത്യ വിജയിച്ചത്. അവസാന പന്തിൽ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് മൂന്ന് റൺസായിരുന്നു. ബൗണ്ടറി നേടി മോഹിത് ഉൽവ ഇന്ത്യയെ വിജയതീരത്തെത്തിക്കുകയായിരുന്നു.
ഇതോടെ ഇന്ത്യൻ താരങ്ങളുടെ ആവേശം അണപൊട്ടിയൊഴുകി. താരങ്ങളെല്ലാം ഗ്രൗണ്ടിലേക്ക് ഓടിയെത്തി. ഇതിനിടയിൽ ഇരുടീമിലേയും താരങ്ങൾ തമ്മിൽ വാക്കുതർക്കവുമുണ്ടായി. ഇതിനെതിരെയാണ് സഞ്ജയ് മഞ്ജരേക്കർ രംഗത്തെത്തിയത്.
പാകിസ്താനെതിരായ വിജയങ്ങൾ ഇത്തരത്തിൽ ആഘോഷിക്കുന്നത് അവസാനിപ്പിക്കണമെന്നും പകരം തുല്ല്യശക്തികളായ ടീമുകളുമായി ഇന്ത്യ ഏറ്റുമുട്ടണമെന്നും മഞ്ജരേക്കർ വ്യക്തമാക്കി.
'ഗ്രൗണ്ടിൽ ആക്രമണോത്സുകത പ്രകടിപ്പിക്കാനാണെങ്കിൽ ഇന്ത്യ നിലവാരത്തിന് യോജിച്ച ടീമുകളെ തിരഞ്ഞെടുക്കണം. പാകിസ്താൻ ഇപ്പോൾ അനായാസം കീഴടക്കാൻ കഴിയുന്ന ദുർബലരായ എതിരാളികളാണ്. ഓസ്ട്രേലിയ, ന്യൂസീലൻഡ്, ഇംഗ്ലണ്ട് ടീമുകൾക്കെതിരായ വിജയങ്ങളാണ് ആവേശത്തോടെ ആഘോഷിക്കേണ്ടത്.'-മഞ്ജരേക്കർ എക്സിൽ കുറിച്ചു.
Content Highlights: India won the U19 Asia Cup final against Pakistan off the last ball with one wicket remaining., Indian players celebrated intensely and exchanged heated words with the opposition., Former cricketer Sanjay Manjrekar criticized the celebrations, calling Pakistan a weak opponent., Manjrekar suggested India should reserve such aggression for stronger teams like Australia, New Zealand, or England.