ഡിഫൻസ് അത്ര ശീലമില്ല, ആക്രമിച്ച് കളിക്കുന്നതാണ് രീതി - സജന സജീവൻ

മുംബൈ: കഴിഞ്ഞ സീസൺ വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യു.പി.എൽ.) ക്രിക്കറ്റിലെ ആദ്യമത്സരത്തിൽ ഡൽഹി കാപ്പിറ്റലിനെതിരേ അവസാനപന്തിൽ സിക്‌സർ അടിച്ച് മുംബൈ ഇന്ത്യൻസിനെ വിജയിപ്പിച്ച വയനാട്ടുകാരി സജന സജീവൻ ഇപ്പോൾ ടീമിലെ കീറോൺ പൊള്ളാർഡാണ്. ഇക്കുറി പ്രീമിയർ ലീഗ് ആരംഭിക്കുന്നതിനുമുൻപ് മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം മാധ്യമപ്രവർത്തകരെക്കണ്ട സജന മാതൃഭൂമിയുമായി സംസാരിക്കുന്നു.
ടീമിലെ പിഞ്ച് ഹിറ്ററാണല്ലോ... ഇക്കുറിയും അങ്ങനെത്തന്നെയാണോ
- ഏതു പൊസിഷനിലും കളിക്കാൻ ഞാൻ തയ്യാറാണ്. ടീം ആവശ്യപ്പെടുന്നതിനനുസരിച്ച് കളിക്കും. എങ്കിലും അടിച്ചുകളിക്കുക എന്നതാണ് എന്റെ രീതി. കഴിഞ്ഞതവണ ഓപ്പണറായും ഇറങ്ങി.
എങ്ങനെയാണ് ഇങ്ങനെ ഹിറ്ററായത്
- അത് ശീലമായിപ്പോയി. അടിക്കാൻകഴിയുന്ന പന്തൊക്കെ അടിച്ചുകളിക്കണമെന്ന് കോച്ച് പറയുമായിരുന്നു. ഡിഫൻസ് അത്ര ശീലമില്ല. കൂടുതൽ ഡിഫൻഡ് ചെയ്താൽ എന്റെ കളിയുടെ രീതി മാറിപ്പോകും.
വയനാട്ടിൽനിന്ന് ഇപ്പോൾ ഒട്ടേറെ താരങ്ങൾ ക്രിക്കറ്റിലേക്ക് വരുന്നു
- അതെ. മിന്നുമണി, ജോഷിന തുടങ്ങി പലരും അന്താരാഷ്ട്ര ശ്രദ്ധയിലെത്തി. കൃഷ്ണഗിരി സ്‌റ്റേഡിയംതന്നെയാണ് ഇതിന് പ്രധാനകാരണം. സ്റ്റേഡിയം ഞങ്ങൾക്ക് വീടുപോലെയാണ്. ചെറുപ്പത്തിൽ മിക്കസമയവും അവിടെത്തന്നെയായിരുന്നു. വയനാട്ടിൽനിന്ന് മാത്രമല്ല, രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ക്രിക്കറ്റിലേക്ക് കൂടുതൽ വനിതകൾ വരും. വനിതാ പ്രീമിയർ ലീഗ് അതിന് പ്രചോദനമായിട്ടുണ്ട്.
ക്രിക്കറ്റ് തിരക്കിൽ വീട്ടുകാരെ കാണാൻപോലും സമയംകിട്ടാത്ത അവസ്ഥയല്ലേ
-അഞ്ചാം ക്ലാസ് മുതൽ പത്തുവരെ വീടുവിട്ടാണ് താമസിച്ചത്. പ്ലസ് വൺ, പ്ലസ് ടു മാത്രമായിരുന്നു വീട്ടിൽ. ഡിഗ്രി പഠനസമയത്തും പുറത്തായിരുന്നു. അതിനാൽ അത്ര വിഷമമൊന്നുമില്ല. വീട്ടുകാർക്കും പ്രശ്നമില്ല. എല്ലാ ദിവസവും വിളിച്ച് വിവരങ്ങൾ അറിയും.
Content Highlights: sajana sajeevan wpl cricket interview