ഡക്കിനെ കഴിച്ചാല്‍ പിറ്റേന്ന് ഡക്കാകും, അന്ധവിശ്വാസത്തിന്റെ കഥ വിവരിച്ച് ടെയ്‌ലര്‍

ഓക്ക്‌ലന്‍ഡ്: ക്രിക്കറ്റ് താരങ്ങള്‍ക്കിടയിലുള്ള അന്ധവിശ്വാസങ്ങള്‍ വളരെ പ്രശസ്തമാണ്. അത്തരത്തിലൊരു അന്ധവിശ്വാസത്തെക്കുറിച്ച് ഈയിടെ ന്യൂസീലന്‍ഡിന്റെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരിലൊരാളായ റോസ് ടെയ്‌ലര്‍ സംസാരിക്കുകയുണ്ടായി.
ടെയ്‌ലറുടെ ആത്മകഥ പുറത്തിറക്കിയ വേളയിലാണ് രസകരമായ അന്ധവിശ്വാസത്തെക്കുറിച്ച് താരം പറഞ്ഞത്. ക്രിക്കറ്റ് കരിയറില്‍ മത്സരങ്ങള്‍ക്ക് മുന്‍പ് താറാവ് ഇറച്ചി കഴിക്കാറില്ലെന്ന് ടെയ്‌ലര്‍ പറഞ്ഞു. കാരണം മറ്റൊന്നുമല്ല. താറാവ് ഇറച്ചി കഴിച്ചാല്‍ അടുത്ത മത്സരത്തില്‍ പൂജ്യത്തിന് പുറത്താവുമെന്നാണ് താരത്തിന്റെ വിശ്വാസം. ഒരു തവണ അത് സംഭവിക്കുകയും ചെയ്തു.
ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിന്റെ തലേ ദിവസം ടെയ്‌ലര്‍ ഒരു ചൈനീസ് റസ്റ്റോറന്റില്‍ നിന്ന് താറാവ് ഇറച്ചി കഴിച്ചു. താരത്തിന്റെ ഇഷ്ടവിഭവം കൂടിയാണിത്. പിറ്റേ ദിവസം മത്സരത്തിനിറങ്ങിയ ടെയ്‌ലര്‍ ആദ്യ പന്തില്‍ തന്നെ പുറത്തായി. ഇതോടെ താരം അന്ധവിശ്വാസത്തിന്റെ പിടിയിലായി.
ഈ സംഭവത്തെത്തുടര്‍ന്ന് വര്‍ഷങ്ങളോളം താരം താറാവ് ഇറച്ചി കഴിച്ചില്ല. ഒരിക്കല്‍ മത്സരങ്ങളൊന്നുമില്ലാതിരുന്ന സമയത്ത് സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ടെയ്‌ലര്‍ വീണ്ടും താറാവ് ഇറച്ചി കഴിച്ചു. കുറച്ചു ദിവസങ്ങള്‍ മത്സരങ്ങള്‍ ഒന്നുംതന്നെ ഇല്ലായിരുന്നു. പക്ഷേ ആ ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ മത്സരത്തില്‍ ടെയ്‌ലര്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായി.
വിചിത്രമെങ്കിലും ടെയ്‌ലറുടെ വിശ്വാസം സത്യമാകുന്നതായി ഗ്രൗണ്ടില്‍ തെളിഞ്ഞു. ടെയ്‌ലറുടെ ഈ അന്ധവിശ്വാസം പെട്ടെന്നുതന്നെ ആരാധകരുടെ മനസ്സിലിടം നേടി.
Content Highlights: ross taylor, duck, duck story of ross taylor, sports news, nz cricketer taylor, taylor autobiography